ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഭവനരഹിതരായവർ ബ്രിട്ടനിൽ ടെന്റുകൾ കെട്ടി വഴിയരികിൽ താമസിക്കുന്നത് തടയിടുവാനുള്ള പുതിയ നീക്കവുമായി ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ രംഗത്തെത്തിയിരിക്കുകയാണ്. സർക്കാരിന്റെ സഹായ വാഗ്ദാനങ്ങൾ നിരസിച്ചതായി അധികാരികൾ വിശ്വസിക്കുന്ന ഭവനരഹിതരായ ആളുകൾക്ക് ഇംഗ്ലണ്ടിലും വെയിൽസിലും പുതിയ പിഴകൾ ഏർപ്പെടുത്തുന്നതാണ് സുല്ല ബ്രാവർമാന്റെ പദ്ധതി.പൊതു ഇടങ്ങളിൽ ടെന്റടിച്ച് ശല്യം ഉണ്ടാക്കുന്നവരെ തടയാനാണ് ഈ പദ്ധതിയെന്നും അവർ പറഞ്ഞു. പലരും തങ്ങളുടെ ആവശ്യങ്ങൾ മൂലമല്ല മറിച്ച് ഇതൊരു ജീവിതശൈലി തിരഞ്ഞെടുപ്പായാണ് കാണുന്നതെന്നും അവർ വ്യക്തമാക്കി.
സർക്കാരിന്റെ നിയമനിർമ്മാണ അജണ്ട വ്യക്തമാക്കുന്ന രാജാവിന്റെ ചൊവ്വാഴ്ചത്തെ പ്രസംഗത്തിൽ ഈ പദ്ധതി ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടനിൽ ആരും തന്നെ തെരുവുകളിൽ ടെന്റുകളിൽ താമസിക്കരുതെന്നും, അതിനായി സർക്കാർ നിരവധി സഹായങ്ങൾ ഇവർക്ക് ഉറപ്പുവരുത്തുന്നുണ്ടെന്നും ആഭ്യന്തര സെക്രട്ടറി ട്വിറ്ററിൽ കുറിച്ചു. യഥാർത്ഥ ഭവനരഹിതരായവരെ സർക്കാർ എപ്പോഴും പിന്തുണയ്ക്കുമെന്നും അവർ പറഞ്ഞു. എന്നാൽ തങ്ങളുടെ തെരുവുകളിൽ ടെന്റുകൾ കെട്ടി ഒരു ജീവിതശൈലിയായി ഇത് കണ്ടുവരുന്ന വിദേശികളെ ഒരിക്കലും അനുവദിക്കാനാവില്ലെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
പൊതു ഇടങ്ങളിൽ ടെന്റുകളടിച്ച്, ആക്രമണാത്മകമായി ഭിക്ഷാടനം ചെയ്തും, മോഷ്ടിച്ചും, മയക്കുമരുന്ന് കഴിച്ചും, മാലിന്യം വലിച്ചെറിഞ്ഞും, മറ്റുള്ളവർക്ക് ശല്യവും ദുരിതവും ഉണ്ടാക്കുന്നവരെയാണ് തടയിടാൻ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ തന്നെ നടപടിയെടുക്കുന്നില്ലെങ്കിൽ, ബ്രിട്ടീഷ് നഗരങ്ങൾ യുഎസിലെ സാൻ ഫ്രാൻസിസ്കോ, ലോസ് ഏഞ്ചൽസ് തുടങ്ങിയ സ്ഥലങ്ങളുടെ അവസ്ഥയിലേക്ക് എത്തിച്ചേരും. അവിടെ ദുർബലമായ നയങ്ങൾ കുറ്റകൃത്യങ്ങളും, മയക്കുമരുന്ന് ഉപയോഗവും മറ്റും വർദ്ധിച്ച് സാമൂഹ്യ വ്യവസ്ഥ തന്നെ മോശമാക്കപ്പെടുന്നതിന് ദുർബലമായ നിയമങ്ങളാണ് കാരണമെന്നും അഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. എന്നാൽ ഭവനരഹിതരായ ആളുകളെ കുറ്റപ്പെടുത്തുന്നതിനുപകരം ഭവന പ്രതിസന്ധിയുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് ലേബർ ഡെപ്യൂട്ടി ലീഡർ ആഞ്ചല റെയ്‌നർ വ്യക്തമാക്കി. ആഭ്യന്ത സെക്രട്ടറിയുടെ നയങ്ങൾക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
Leave a Reply