ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യു കെയിൽ നിശാ ക്ലബുകളിൽ സ്ത്രീകൾക്ക് നേരെ സിറിഞ്ച് സൂചി കൊണ്ടുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടിൽ പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. ഈ സംഭവത്തിൽ ഉടൻതന്നെ ശക്തമായ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഹോം അഫയേഴ്സ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. വളരെയധികം നിസ്സഹായയും, ദുർബലയായുമാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് നോട്ടിങ്ഹാം ക്ലബ്ബിൽ നിന്നും ഈ ദുരനുഭവം നേരിട്ട വിദ്യാർത്ഥിനി പറഞ്ഞു. നിശാ ക്ലബുകളിൽ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം പേർ ഒപ്പുവെച്ച പെറ്റീഷനും അധികൃതരുടെ പക്കൽ ലഭിച്ചിട്ടുണ്ട്. വളരെ ഭീതിജനകമായ സംഭവങ്ങളാണ് നടക്കുന്നതെന്നും, ശക്തമായ അന്വേഷണം വേണമെന്നും ലേബർ പാർട്ടിയും ആവശ്യപ്പെട്ടു. നിശാക്ലബുകൾ ബഹിഷ്കരിക്കാനായി മുപ്പതോളം യൂണിവേഴ്സിറ്റികളിൽ നിന്നായി നിരവധി പേർ ഓൺലൈൻ ക്യാമ്പയിനും നടത്തുന്നുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് നോട്ടിങ്ഹാമിലെ വിദ്യാർത്ഥിനിയായ സാറ ബക്കിളിനു സെപ്റ്റംബർ 28 നാണ് നോട്ടിങ്ഹാമിലെ തന്നെ നിശാക്ലബ്ബിൽ നിന്നും ഈ ദുരനുഭവം സംഭവിച്ചത്. തുടർന്ന് തനിക്ക് കുറച്ചുദിവസത്തേക്ക് ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നുവെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു. കുറേ മണിക്കൂറുകൾ തനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും ഓർത്തെടുക്കാൻ ആകാത്ത സാഹചര്യമായിരുന്നു എന്നും അവർ പറഞ്ഞു. കൂടുതലും വിദ്യാർഥികൾക്ക് നേരെ ആണ് ഇത്തരം ആക്രമണങ്ങൾ സംഭവിക്കുന്നത്. ആക്രമണങ്ങൾ നടക്കുന്നതിൽ ആശങ്കയുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് നോട്ടിങ്ഹാമും അറിയിച്ചു. എഡിൻബർഗ്, ഡണ്ടീ, ഗ്ലാസ്ഗോ തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പോലീസ് വിഭാഗത്തിന്റെയും ഭാഗത്തുനിന്ന് ശക്തമായ സഹകരണം ഉണ്ടാകണമെന്ന് നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ മേധാവി സാറാ ക്രൂ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഉടൻ തന്നെ റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തരവകുപ്പും അറിയിച്ചിട്ടുണ്ട്.
Leave a Reply