അഞ്ചു മാസത്തോളം ഹോം ഓഫീസ് അനധികൃതമായി തടവിലാക്കിയ ഹോംലെസ് ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി 90,000 പൗണ്ട് അനുവദിച്ചു. ഇവോന ഡെപ്റ്റ്ക (33), ഹെന്റി സാഡ്‌ലോവ്‌സ്‌കി (38) എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ലങ്കാഷയറില്‍ തെരുവില്‍ കഴിച്ചുകൂട്ടിയ ഇവരെ 154 ദിവസം അന്യായമായി തടവില്‍ വെക്കുകയായിരുന്നു. ഇരുവര്‍ക്കും 44,5000 പൗണ്ട് വീതവും അതിന്റെ പലിശയും നല്‍കാനാണ് ലണ്ടന്‍ കോടതി വെള്ളിയാഴ്ച വിധിച്ചത്. ക്രിസ്മസിനു ശേഷം സാഡ്‌ലോവ്‌സ്‌കി മരിച്ചിരുന്നു. അതുകൊണ്ട് നഷ്ടപരിഹാരത്തുക ഇദ്ദേഹത്തിന്റെ പോളണ്ടിലെ കുടുംബത്തിന് ലഭിക്കും. യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍ നിന്നുള്ളവരെ തെരുവില്‍ കഴിഞ്ഞുകൂടുന്നതായി കണ്ടെത്തിയാല്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പദ്ധതിയായ ഓപ്പറേഷന്‍ ഗോപിക് അനുസരിച്ചാണ് ഈ പോളിഷ് ദമ്പതികളെ പിടികൂടിയത്.
ഈ നയം അനീതിയാണെന്ന് 2017 ഡിസംബറില്‍ ഹൈക്കോടതി വിധിച്ചിരുന്നതാണ്. അതിനാല്‍ ഇവരെ തടവിലാക്കിയത് അനധികൃതമായാണെന്ന് പിന്നീട് ഹോം ഓഫീസിന് സമ്മതിക്കേണ്ടി വന്നിരുന്നു. ഇവരെ രണ്ടു പേരെയും 2017 മാര്‍ച്ചിലാണ് ആദ്യമായി കസ്റ്റഡിയിലെടുത്തത്. പിന്നീട് വ്യത്യസ്ത ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററുകൡ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ട് വ്യത്യസ് ഇടങ്ങളിലായി ഒരു മാസത്തോളം അന്ന് ഇവര്‍ക്ക് കഴിയേണ്ടി വന്നു. അക്കാലയളവ് വളരെ ഭീതിയുളവാക്കുന്നതായിരുന്നുവെന്ന് ഡെപ്റ്റ്ക സാക്ഷിമൊഴിയില്‍ പറഞ്ഞു. കതകുകള്‍ അടയുന്നതിന്റെയും മറ്റു തടവുകാരുടെയും ശബ്ദങ്ങള്‍ തന്നെ ഭയപ്പെടുത്തി. ഒരു ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ചു പോലും താന്‍ ചിന്തിച്ചുവെന്ന് അവര്‍ പറഞ്ഞു.
തന്റെ പങ്കാളിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവളെ കൊന്നു കളയുമെന്ന് പോലും ഭീഷണിപ്പെടുത്തിയെന്നായിരുന്നു സാഡ്‌ലോവ്‌സ്‌കി നല്‍കിയ മൊഴി. യാള്‍സ് വുഡ് ഐആര്‍സിയിലെ ഫാമിലി യൂണിറ്റില്‍ വെച്ചാണ് ഇവര്‍ വീണ്ടും കണ്ടുമുട്ടിയത്. ഇരുവരെയും ഒറ്റയ്ക്ക് തടവിലിട്ട കാലയളവിന് വലിയ തുക നഷ്ടപരിഹാരമായി നല്‍കണമെന്ന് ജസ്റ്റിസ് സൂള്‍ വിധിച്ചു. ദമ്പതികള്‍ക്ക് മാനസികമായി ഒട്ടേറെ ദുരിതങ്ങള്‍ സമ്മാനിക്കുകയായിരുന്നു ഈ അന്യായ തടവ്. ഇതിന് കാരണമായത് ഹോം ഓഫീസ് വരുത്തിയ കാലതാമസമാണ്. കേസിന്റെ വിചാരണ നടക്കുമ്പോള്‍ പോലും ഹോം ഓഫീസ് ഇക്കാര്യത്തില്‍ ക്ഷമാപണം നടത്താന്‍ തയ്യാറായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
Leave a Reply