വിഖ്യാത സാഹിത്യകാരനായ ഒ.ഹെന്റിയുടെ ദി കോപ്പ് ആന്‍ഡ് ദി ആന്‍ഥം എന്ന ചെറുകഥയിലെ ദരിദ്രനായ സോപ്പി എന്ന കഥാപാത്രത്തെ ഓര്‍മയുണ്ടോ? തെരുവില്‍ കഴിഞ്ഞിരുന്ന സോപ്പി വിന്റര്‍ ചെലവഴിക്കാനായി ജയിലില്‍ പോകുകയാണ് ചെയ്യുന്നത്. അതിനായി വിന്റര്‍ അടുക്കുമ്പോള്‍ അവന്‍ ചില ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്യും. അതിന് സമാനമായ അവസ്ഥയിലാണ് യുകെയിലെ തെരുവില്‍ കഴിയുന്നവരും. ആഷ്ടന്‍-ഇന്‍-മാര്‍ക്കറ്റ്ഫീല്‍ഡിലുള്ള വെയിന്‍ ഡില്യന്‍ എന്ന 39കാരനും ഇതേ രീതിയില്‍ ജയിലില്‍ പോകാനായി ടെസ്‌കോയില്‍ നിന്ന് 40 പൗണ്ട് വിലയുള്ള ചോക്കളേറ്റ് ബാര്‍ മോഷ്ടിച്ചിരിക്കുകയാണ്. ജയിലിലാണെങ്കില്‍ തനിക്ക് സഹായങ്ങള്‍ ലഭിക്കുമെന്നും അതിനായാണ് താന്‍ മോഷ്ടിച്ചതെന്നും തനിക്ക് കസ്റ്റഡി അനുവദിക്കണമെന്നും ഡില്യന്‍ വിഗന്‍ ആന്‍ഡ് ലെയ് മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു.

സോപ്പി ആഹാരത്തിനും തണുപ്പില്‍ നിന്ന് രക്ഷ തേടാനുമാണ് ജയിലിനെ അഭയം പ്രാപിച്ചതെങ്കില്‍ ഡില്യന്റെ കാര്യത്തില്‍ വ്യത്യാസമുണ്ട്. ഹെറോയിനും ക്രാക്ക് കൊക്കെയിനും ഉപയോഗിക്കുന്ന ഇയാള്‍ക്ക് അതില്‍ നിന്നുള്ള മോചനത്തിനും ജയിലില്‍ അവസരമുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ ഈ രീതി ഭവനരഹിതരായവര്‍ക്കിടയില്‍ ഒരു ശീലമായി വളര്‍ന്നു വരികയാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മയക്കുമരുന്നുകള്‍ക്ക് അടിമകളായ നൂറുകണക്കിനാളുകള്‍ ഈ വിധത്തിലുള്ള ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്ത് ജയില്‍ ശിക്ഷ നേടുന്നുണ്ട്. ശിക്ഷാ കാലാവധിയില്‍ ലഭിക്കുന്ന മോചന ചികിത്സയാണ് ഇവരുടെ ലക്ഷ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡില്യന് എന്തായാലും ഏഴ് ആഴ്ച തടവ് കോടതി വിധിച്ചു. തന്റെ കക്ഷിക്ക് ജയില്‍ ശിക്ഷയാണ് ആവശ്യമെന്ന് കോടതിയില്‍ ആവശ്യപ്പെടേണ്ടി വരുന്നത് വളരെ വിചിത്രമായ കാര്യമായിരുന്നെന്ന് ഡില്യനു വേണ്ടി ഹാജരായ സോളിസിറ്റര്‍ നിക്ക് വൂസി പറഞ്ഞു. അഡിക്ഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സര്‍വീസുകള്‍ക്ക് നല്‍കി വന്നിരുന്ന ഫണ്ടുകള്‍ വെട്ടിക്കുറച്ചതോടെയാണ് ഇത്തരമൊരു ട്രെന്‍ഡ് പ്രത്യക്ഷപ്പെട്ടതെന്നാണ് വിലയിരുത്തല്‍. ഈ ഫണ്ടുകള്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലൂടെ കടന്ന് ലോക്കല്‍ അതോറിറ്റി തലത്തിലാണ് വിതരണം ചെയ്യപ്പെടുന്നത്. ഈ നൂലാമാലകള്‍ കടന്ന് സാധാരണക്കാര്‍ക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് ഡില്യനെപ്പോലുള്ളവരെ ജയിലിന്റെ അഭയം തേടാന്‍ പ്രേരിപ്പിക്കുന്നത്.