ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹോംലെസ്സ്നെസ്സ് മന്ത്രി സ്ഥാനം രാജി വച്ച് റുഷനാര അലി. കിഴക്കൻ ലണ്ടനിൽ തന്റെ ഉടമസ്ഥതയിലുള്ള ഒരു വാടക വസ്തു കൈകാര്യം ചെയ്തതിലുള്ള വീഴ്ചയ്ക്ക് പിന്നാലെയാണ് രാജി. വീട് വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ട് വാടകക്കാരുടെ സ്ഥിരകാല കരാർ മന്ത്രി അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ആറ് മാസത്തിനുള്ളിൽ ഉയർന്ന വിലയ്ക്ക് വാടകയ്ക്ക് വീണ്ടും ലിസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് പ്രശ്നം ഉടലെടുത്തത്.
ഇത് പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദം ആക്കുകയായിരുന്നു. പാർലമെന്റിൽ മുൻപ് റുഷനാര അലി പാസാക്കാൻ സഹായിച്ച വാടകക്കാരുടെ അവകാശ ബില്ലിന് എതിരായിരുന്നു മന്ത്രിയുടെ ഈ നീക്കം. പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിന് നൽകിയ രാജി കത്തിൽ, താൻ എപ്പോഴും നിയമങ്ങൾ പാലിക്കുകയും ഉത്തരവാദിത്തങ്ങൾ ഗൗരവമായി എടുക്കുകയും ചെയ്തിരുന്നുവെന്ന് റുഷനാര അലി പറയുന്നു. എന്നിരുന്നാലും താൻ ആ സ്ഥാനത്ത് തുടരുന്നത് അനാവശ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അതിനാൽ സ്ഥാനമൊഴിയാൻ തീരുമാനിച്ചുവെന്നും മുൻ മന്ത്രി പറയുന്നു.
2024 നവംബറിൽ റുഷനാര അലി തനിക്കും മറ്റ് മൂന്ന് വാടകക്കാർക്കും അവരുമായുള്ള കരാർ പുതുക്കില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള നാല് മാസത്തെ നോട്ടീസ് നൽകിയതായി ഒരു മുൻ വാടകക്കാരൻ വെളിപ്പെടുത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. അവർ താമസം മാറിയതിന് തൊട്ടുപിന്നാലെ, 700 പൗണ്ട് അധികം ചേർത്തുള്ള വാടകയ്ക്ക് അതേ വീട് വീണ്ടും വാടകയ്ക്ക് നൽകുമെന്ന് പരസ്യം ചെയ്തതായി കണ്ടെത്തി. റുഷനാര അലി പിന്തുണച്ച വാടകക്കാരുടെ അവകാശ ബിൽ അനുസരിച്ച്, ഒരു വീടിൻെറ വാടക കരാർ അവസാനിപ്പിച്ചതിന് പിന്നാലെ ആറ് മാസത്തിനുള്ളിൽ ഭൂവുടമകൾക്ക് അവരുടെ സ്വത്തുക്കൾ വീണ്ടും വാടകയ്ക്ക് നൽകാൻ സാധിക്കുകയില്ല. ഈ ബിൽ ഇതുവരെ നിയമമായിട്ടില്ലെങ്കിലും, ഇതിനെ മുൻ മന്ത്രി പിന്തുണച്ചിരുന്നു എന്നായിരുന്നു ആരോപണം ഉന്നയിച്ചവർ ചൂണ്ടിക്കാട്ടിയത്.
Leave a Reply