ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ട്രാൻസ് – ക്രിമിനൽസ് നടത്തുന്ന കുറ്റകൃത്യങ്ങൾ സ്ത്രീകളുടെ പേരിൽ രേഖപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. നിലവിലെ ക്രൈം റെക്കോർഡുകൾ കൂടുതൽ കൃത്യമായ രീതിയിൽ നിലനിർത്താൻ, ക്രിമിനലുകളുടെ ലിംഗം കൂടി രേഖപ്പെടുത്താൻ ആഭ്യന്തരവകുപ്പും പോലീസ് അധികൃതരും ചേർന്നുള്ള പരിശ്രമങ്ങൾ തുടർന്നു വരികെയാണ് ആഭ്യന്തര സെക്രട്ടറിയുടെ പുതിയ നിർദ്ദേശം. നിരവധി ഇടങ്ങളിൽ വളരെ ക്രൂരമായ ലൈംഗിക അതിക്രമങ്ങൾ നടത്തിയ സ്ത്രീകളെന്ന് അവകാശപ്പെടുന്ന പുരുഷന്മാർ ചെയ്ത കുറ്റകൃത്യങ്ങളെ പലപ്പോഴും സ്ത്രീകളുടെ പേരിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സ്ത്രീകളുടെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
ഈ വർഷമാദ്യം, പുരുഷനായി ജനിച്ചുവെങ്കിലും താൻ സ്ത്രീ ആണെന്ന് അവകാശപ്പെടുന്ന സോയി വാട്ട്സ് എന്നയാളുടെ നിരവധി കുറ്റകൃത്യങ്ങൾ സ്ത്രീകളുടെ വിഭാഗത്തിലാണ് ലിങ്കൺഷെയർ പോലീസ് ഉൾപ്പെടുത്തിയത്. ഇതിൽ അത്യാധുനിക രീതിയിൽ ബോംബ് ഉണ്ടാക്കാൻ ശ്രമിച്ചു എന്നുള്ള കുറ്റവും ഉൾപ്പെടുന്നുണ്ട്. ഇതു ദേശീയ തലത്തിൽ സ്ത്രീകൾ ചെയ്ത കുറ്റകൃത്യങ്ങളിൽ ആണ് നിലവിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത് നിറുത്തണമെന്ന ആവശ്യമാണ് പുതുതായി ആഭ്യന്തര സെക്രട്ടറി ഉന്നയിച്ചിരിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച്, പുരുഷന്മാർക്കാണ് ബലാൽസംഗം നടത്താൻ സാധിക്കുന്നത് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസർ ആയിരിക്കുന്ന ആൻ സളിവന്റെ വിശകലന പ്രകാരം, 2012 മുതൽ 2018 വരെയുള്ള കണക്കുകൾ പ്രകാരം ബലാൽസംഗം ചെയ്തെന്ന ആരോപണത്തിൽ പ്രോസിക്യൂട്ട് ചെയ്യപ്പെട്ടവരിൽ 436 പേർ സ്ത്രീകൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം അപാകതകൾ പരിഹരിക്കുവാനായി പോലീസ് വിഭാഗത്തിന് കൂടുതൽ പുതിയ നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞതായി ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply