ഇര്‍വിന്‍: സ്‌കോട്ട്‌ലന്‍ഡിലെ ഇര്‍വിനില്‍ ഉപേക്ഷിക്കപ്പെട്ട സിറിഞ്ചില്‍ നിന്ന് കുത്തേറ്റ ഏഴ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്തം എച്ച്‌ഐവി പരിശോധനയ്ക്ക് അയച്ചു. പുറത്ത് കളിക്കുന്നതിനിടെയാണ് ഇവര്‍ക്ക് സിറിഞ്ചില്‍ നിന്ന് കുത്തേറ്റതെന്നാണ് വിവരം. എച്ച്‌ഐവിക്കു പുറമേ ഹെപ്പറ്റൈറ്റിസ് പരിശോധനയ്ക്കും ഇവരുടെ രക്തം വിധേയമാക്കും. റെഡ്‌ബേണ്‍ കമ്യൂണിറ്റി സെന്ററില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഒരു കുട്ടിയുടെ അമ്മ ഇക്കാര്യം സ്‌കൂളിലെ അധ്യാപകരെ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതെന്ന് ഡെയ്‌ലി റെക്കോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതേത്തുടര്‍ന്ന് കുട്ടികളെ ക്രോസ്ഹൗസ് ആശുപത്രിയില്‍ എത്തിക്കുകയും രക്തപരിശോധനക്ക് വിധേയരാക്കുകയുമായിരുന്നു. ചിലര്‍ക്ക് കുത്തിവെയ്പുകള്‍ നല്‍കിയതിനു ശേഷമാണ് വീട്ടിലേക്ക് അയച്ചത്. പരിശോധനാഫലങ്ങള്‍ വരണമെങ്കില്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നതിനാല്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്. ചിലര്‍ തങ്ങളുടെ ആശങ്ക മാധ്യമങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒട്ടേറെ സിറിഞ്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും അടിയന്തരമായി ചെയ്യണമെന്ന് ഒരു രക്ഷിതാവ് ആവശ്യപ്പെട്ടു.
സംഭവത്തേക്കുറിച്ച് എന്‍എച്ച്എസ് ഐര്‍ഷയര്‍ ആന്‍ഡ് അറാന്റെ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന് വിവരം ലഭിച്ചിട്ടുണ്ടെന്നും പരിശോധന നടത്തിയെന്നും കണ്‍സള്‍ട്ടന്റായ ഹെയ്‌സല്‍ ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. രക്തത്തില്‍ കൂടി പകരാവുന്ന വൈറസുകള്‍ ഈ സംഭവത്തില്‍ കുട്ടികളിലേക്ക് എത്താനുള്ള സാധ്യത വിരളമാണെന്നും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന സിറിഞ്ചുകളോ സൂചികളോ ഒരു കാരണവശാലും എടുക്കരുതെന്ന് കുട്ടികളെയും മുതിര്‍ന്നവരെയും ഓര്‍മിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply