സ്വന്തം ലേഖകൻ

ലണ്ടൻ : ജൂൺ അവസാനത്തോടെ എല്ലാ കൊറോണ വൈറസ് പരിശോധനകളും 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. 24 മണിക്കൂർ പരിശോധനാ ഫലം മെയ് 27 ന് പ്രഖ്യാപിച്ചെങ്കിലും സമയപരിധി നിശ്ചയിച്ചിട്ടില്ലായിരുന്നു. എന്നാൽ പോസ്റ്റൽ ഡിലെ പോലുള്ള പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോമൺസിൽ സംസാരിച്ച ജോൺസൺ പറഞ്ഞു. 84% ഡ്രൈവ്-ഇൻ സെന്റർ ടെസ്റ്റുകൾ ഒരു ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്ന് ടെസ്റ്റിംഗ് സേവന മേധാവി അറിയിച്ചു. കഴിഞ്ഞയാഴ്ച ഡ്രൈവ്-ഇൻ സെന്ററുകളിലെ 84% ടെസ്റ്റുകളും 24 മണിക്കൂറിനുള്ളിൽ തിരിച്ചയക്കുകയും 95% ടെസ്റ്റുകൾ 48 മണിക്കൂറിനുള്ളിൽ തിരിച്ചയക്കുകയും ചെയ്തുവെന്ന് ഇംഗ്ലണ്ടിന്റെ ടെസ്റ്റിംഗ് പ്രോഗ്രാം ഹെഡ് ഡിഡോ ഹാർഡിംഗ് പറഞ്ഞു. ഈയൊരു പ്രോഗ്രാം അർത്ഥമാക്കുന്നത് കൊറോണ വൈറസ് പോസിറ്റീവ് ഉള്ളവർ മറ്റ് ആളുകളുമായി അടുത്തിടെ നടത്തിയ കണ്ടുമുട്ടലുകളും അവർ സന്ദർശിച്ച സ്ഥലങ്ങളും റിപ്പോർട്ടുചെയ്യാൻ സാധിക്കും എന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം സ് കോട് ലാൻഡിലെ കെയർ ഹോം മരണങ്ങൾ അവിടുത്തെ ആശുപത്രി മരണങ്ങളെ മറികടന്നുവെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. രോഗം പൊട്ടിപുറപ്പെട്ടതിന് ശേഷം കെയർ ഹോമുകളിൽ 1,818 മരണങ്ങൾ ഉണ്ടായെന്നു നാഷണൽ റെക്കോർഡ് ഓഫ് സ് കോട് ലാൻഡ് (എൻ ആർ എസ് ) റിപ്പോർട്ട്‌ ചെയ്തു. ആശുപത്രിയിൽ റിപ്പോർട്ട്‌ ചെയ്തത് 1,815 കോവിഡ് മരണങ്ങളാണ്. അഞ്ചാം ആഴ്ച, മരണസംഖ്യയിൽ കൃത്യമായ ഇടിവുണ്ടായെന്ന് അധികൃതർ പറയുന്നു. മെയ് 25 നും 31 നും ഇടയിൽ 131 കോവിഡ് മരണങ്ങളുണ്ടായതായി എൻ‌ആർ‌എസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയേക്കാൾ 99 മരണങ്ങൾ കുറവ്. മാർച്ച് അവസാനത്തിനുശേഷം ഏറ്റവും കുറഞ്ഞ പ്രതിവാര മരണനിരക്കാണ് കഴിഞ്ഞ ആഴ്ചയിലേത്. സ് കോട് ലാൻഡിൽ കോവിഡ് പിടിപെട്ട് മരണമടഞ്ഞ ആകെ ആളുകളുടെ എണ്ണം 3,911 ആയി. രോഗവ്യാപനത്തിന്റെ തുടക്കത്തിൽ ആശുപത്രിയിൽ കഴിഞ്ഞ 1000ത്തോളം രോഗികളെ പരിശോധനയ്ക്ക് പോലും വിധേയരാക്കാതെ കെയർ ഹോമിലേക്ക് മാറ്റിയ നടപടിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. കെയർ ഹോമുകളിലെ മരണസംഖ്യ സ്വീകാര്യമല്ലെന്നും ആഴ്ചതോറും ഇത് കുറഞ്ഞുവരികയാണെന്നും ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു.

ആശുപത്രികളിലെ മരണത്തേക്കാൾ അല്പം വേഗത്തിൽ കെയർ ഹോം മരണങ്ങൾ കുറഞ്ഞുവരികയാണ്. മരണനിരക്ക് തുടർച്ചയായി കുറയുന്നത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കാനുള്ള തീരുമാനത്തെ ശക്തിപ്പെടുത്തിയെന്നും മിസ് സ്റ്റർജൻ പറഞ്ഞു. കെയർ ഹോമുകളെ സ് കോട്ടിഷ് സർക്കാർ അവഗണിക്കുകയാണെന്ന് സ് കോട്ടിഷ് കൺസർവേറ്റീവ് നേതാവ് ജാക്സൺ കാർലാവ് അഭിപ്രായപ്പെട്ടു. പരിശോധനകളുടെ എണ്ണം അതിവേഗം വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെയിലെ ഏറ്റവും മോശം ടെസ്റ്റിംഗ് റെക്കോർഡുകളിലൊന്നാണ് സ് കോട്ട്ലൻഡിനുള്ളതെന്ന് കാർല പറഞ്ഞു. പകർച്ചവ്യാധിയുടെ ആദ്യ നാളുകളിൽ എത്രപേർ ആശുപത്രികളിൽ നിന്ന് കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്ന് സ്കോട്ടിഷ് ലേബർ നേതാവ് റിച്ചാർഡ് ലിയോനാർഡ് ചോദിച്ചു. ആ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സ്റ്റർജിയൻ മറുപടി പറഞ്ഞത്. എങ്കിലും വെല്ലുവിളികളിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.