ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റിൽ ജൂണിൽ നേരിയ തോതിലുള്ള വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള രോഗികളുടെ എണ്ണം കുറവാണെങ്കിലും, ആശുപത്രികൾ ഇപ്പോഴും ആവശ്യത്തിന് രോഗികളെ ചികിത്സിക്കുന്നില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചികിത്സ ലഭിക്കാതെ തന്നെ രോഗികളെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതായി പ്രമുഖ മാധ്യമം ആയ ബിബിസി അന്വേഷണത്തിൽ കണ്ടെത്തി. ഇങ്ങനെ ചെയ്തത് വഴിയാണ് കണക്കുകളിൽ കുറവുണ്ടായതെന്ന് ബിബിസി പറയുന്നു.
രോഗികൾ സുഖം പ്രാപിക്കുകയാണെങ്കിലോ, സ്വകാര്യ പരിചരണത്തിനായി പണം നൽകിയാലോ ഇനി അവർക്ക് ചികിത്സ ആവശ്യമല്ലെങ്കിലോ ആണ് രോഗികളെ നിയമപരമായി പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കുക. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഈ പ്രക്രിയ വർഷങ്ങളായി എൻഎച്ച്എസ് നടപ്പിലാക്കി വരികയാണ്. ഓരോ രോഗിയെ നീക്കം ചെയ്യുമ്പോഴും ആശുപത്രികൾക്ക് സാമ്പത്തിക പ്രോത്സാഹനങ്ങൾ ലഭിക്കുന്നു.
എന്നാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 100,000 രോഗികളെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി രേഖകൾ കാണിക്കുന്നു. അതായത് പട്ടികയിൽ ഉണ്ടായിരുന്ന രോഗികളുടെ എണ്ണം നേരത്തെ പുറത്ത് വിട്ടതിനേക്കാൾ കൂടുതൽ ആണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രതിമാസം ശരാശരി 200,000-ത്തിലധികം നീക്കം ചെയ്യലുകൾ ഉണ്ടായിട്ടുണ്ടാകാം. കമ്പ്യൂട്ടർ പിശകുകൾ രോഗികളെ തെറ്റായി നീക്കം ചെയ്യുന്നതിനുള്ള സാധ്യതയും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ സമീപകാലത്തായി ലിസ്റ്റിൽ ഉണ്ടായ കുറവുകൾ എൻഎച്ച്എസ് കൂടുതൽ രോഗികളെ ചികിത്സിച്ചതിനാലാണ് എന്ന് ചിന്തിക്കുന്നത് തെറ്റാണെന്ന് നഫീൽഡ് ട്രസ്റ്റിലെ ഡോ. ബെക്സ് ഫിഷർ പറഞ്ഞു. വാസ്തവത്തിൽ, റഫർ ചെയ്യപ്പെടുന്ന രോഗികളേക്കാൾ കുറച്ച് രോഗികളെ മാത്രമേ ചികിത്സിക്കുന്നുള്ളൂ. അതേസമയം എൻഎച്ച്എസ് ചികിത്സിക്കുന്ന രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായി വർദ്ധനവ് ഉണ്ടായതായാണ് സർക്കാർ വാദം.
Leave a Reply