ലണ്ടന്‍: ആരോഗ്യ സെക്രട്ടറി ജെറെമി ഹണ്ടിന്റെ പുതിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ആശുപത്രികള്‍ തയാറാകില്ലെന്ന് സൂചന. ആഗസ്റ്റ് മുതല്‍ പുതിയ കരാര്‍ നടപ്പാക്കുമെന്നാണ് ഹണ്ടിന്റെ നിലപാട്. ഇംഗ്ലണ്ടിലെ 152 എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ആശുപത്രികളും പുതിയ കരാറുകള്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ താത്പര്യപ്പെടുന്നില്ല. കുറച്ച് കൂടി മെച്ചപ്പെട്ട നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ആശുപത്രികളുടെ നിലപാട് ആരോഗ്യ സെക്രട്ടറിയുടെ നീക്കങ്ങളെ തകിടം മറിക്കുമെന്ന കാര്യം ഇതോടെ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. 45,000 ജൂനിയര്‍ ഡോക്ടര്‍മാരുടെ മേല്‍ പുതിയ കരാറുകള്‍ അടിച്ചേല്‍പ്പിക്കാനുളള നീക്കം രാജ്യത്ത് കടുത്ത പ്രതിഷേധം ക്ഷണിച്ച് വരുത്തിയിരിക്കുകയാണ്.
കരാറുകളിലെ പഴുതുകള്‍ ഹണ്ടിന്റെ പദ്ധതികളെ തകിടം മറിക്കുമെന്ന് ലേബറും ആരോപിക്കുന്നു. ഹണ്ടിന്റെ കരാറുകള്‍ നിഷ്ഫലമാകുമെന്നാണ് ഓരോ ദിവസത്തെയും റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനയെന്ന് ഷാഡോ ആരോഗ്യ സെക്രട്ടറി ഹെയ്ഡി അലക്‌സാണ്ടര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുളള കരാറുകള്‍ അടിച്ചേല്‍പ്പിച്ച് എന്‍എച്ച്എസിനെ നശിപ്പിക്കാന്‍ ആര്‍ക്കും താത്പര്യമില്ല. ഏതായാലും ഹണ്ടിന്റെ നടപടികള്‍ കടുത്ത വിമര്‍ശനം ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും ഹണ്ടിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഹണ്ട് തീരുമാനമെടുത്ത വ്യാഴാഴ്ച എന്‍എച്ച്എസിന്റെ ചരിത്രത്തിലെയും വൈദ്യശാസ്ത്ര മേഖലയുടെ ഭാവിയുടെയും കറുത്ത ദിനമാണെന്ന് മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗവുമായ ഡോ.ഡാന്‍ പോള്‍ട്ടര്‍ എംപി പറഞ്ഞു.

ഹണ്ടിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ട്രസ്റ്റുകളെ നിര്‍ബന്ധിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഫൗണ്ടേഷന്‍ ട്രസ്റ്റുകള്‍ പുതിയ കരാറുകള്‍ നിര്‍ബന്ധിതമായി നടപ്പാക്കേണ്ടതില്ല. ഇവര്‍ക്ക് പ്രാദേശികമായ ചര്‍ച്ചകള്‍ നടത്താവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം നോണ്‍ ഫൗണ്ടേഷന്‍ ട്രസ്റ്റുകള്‍ ഹണ്ടിന്റെ കരാറുകള്‍ നടത്താന്‍ ബാധ്യസ്ഥമാണ്. എന്നാല്‍ എസെക്‌സിലെ സൗത്തെന്‍ഡിലും ലണ്ടനിലെ സെന്റ് തോമസിലും ഇതിനകം തന്നെ ചില ജീവനക്കാര്‍ക്ക് കരാറുകള്‍ നടപ്പാക്കിക്കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ദിവസം ഹണ്ട് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നും ലേബര്‍ പാര്‍ട്ടി ആരോപിക്കുന്നു. ഹണ്ടിന്റെ നീക്കം എന്‍എച്ച്എസിനെ കൂടുതല്‍ കുഴപ്പങ്ങളിലേക്കേ നയിക്കൂ എന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. എന്‍എച്ച്എസിന് ഇപ്പോള്‍ തന്നെ മതിയായ ജീവനക്കാരില്ല. കടുത്ത വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതോടെ നിലവിലുള്ള ഡോക്ടര്‍മാരും എന്‍എച്ച്എസ് വിടാനൊരുങ്ങി നില്‍ക്കുകയാണ്. ക5ൂടുതല്‍ കടുത്ത പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.