സ്വന്തം ലേഖകന്‍
കൊച്ചി ഇടപ്പള്ളിയിലെ ‘കഫെ ഡി അറേബ്യ’ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച സുഹൃത്തുക്കളെ ഗുരുതരമായ ഭക്ഷ്യ വിഷബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ മേരി (23), മെലിനി(23), ഷെറിന്‍ ബാബു(23), സ്മൃതി (31), നിഖില്‍ (24), നോഹ (26) അമര്‍ (29) ജോസ് ആന്റണി (22) എന്നിവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും പോലീസിലും ഫുഡ് കണ്‍ട്രോളറുടെ ഓഫീസിലും പരാതിപ്പെടുകയും ചെയ്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നടപടികള്‍ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല ഹോട്ടല്‍ ഉടമകള്‍ക്ക് അനുകൂലമായ രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വരാതിരിക്കാനും കേസ് എടുക്കാതിരിക്കാനും ഉന്നത തല സമ്മര്‍ദ്ദം ഉള്ളതായും പരാതിക്കാര്‍ ആരോപിക്കുന്നു.
ഈ മാസം 17ന് കഫെ ഡി അറേബ്യ ഹോട്ടലില്‍ നിന്നും ‘അല്‍ഫാം’ എന്ന ഭക്ഷണം പാഴ്സല്‍ ആയി വാങ്ങി കൊണ്ട് പോയി കഴിച്ച സുഹൃത്തുക്കള്‍ക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. അന്നേ ദിവസം ഉച്ചയ്ക്ക് ൦2.3൦ ഓടെ നാല് അല്‍ഫാം പാഴ്സല്‍ വാങ്ങുകയായിരുന്നു ഇവര്‍. ഹോട്ടലിന് സമീപത്തുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ ഒരുമിച്ച് ഈ ഭക്ഷണം കഴിക്കുകയായിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെടുകയും കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന്‍ പതിനെട്ടിന് രാവിലെ തന്നെ പോലീസില്‍ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നടപടികള്‍ ഒന്നും ഉണ്ടായില്ല എന്ന്‍ മാത്രമല്ല പ്രശ്നം പുറത്തറിയാതെ ഒതുക്കി തീര്‍ക്കുക എന്ന ഉദ്ദേശ്യത്തിലാണ് പോലീസിന്‍റെ പോക്ക് എന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നത നേതാവിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ളഹോട്ടലാണ് എന്നതിനാലാണ് പോലീസ് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.
നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റിന് ഏതായാലും വന്‍ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. നിരവധി ആളുകള്‍ ഇത് ഷെയര്‍ ചെയ്യുകയും സമാനമായ അനുഭവങ്ങള്‍ ഈ പോസ്റ്റിന് താഴെ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുമുണ്ട്.