ബ്രെക്‌സിറ്റ് അന്തിമ തിയതി അടുത്തിട്ടും ധാരണയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്ത യൂറോപ്യന്‍ യൂണിയനെതിരെ ഹൗസ് ഓഫ് കോമണ്‍സ് ലീഡര്‍ ആന്‍ഡ്രിയ ലീഡ്‌സം. യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഗെയിം കളിക്കുകയാണെന്നും ഇതു മൂലം ബ്രസല്‍സും ലണ്ടനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ചര്‍ച്ചകളില്‍ ഓരോ പ്രശ്‌നങ്ങളായി ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. ബ്രെക്‌സിറ്റില്‍ യൂറോപ്യന്‍ യൂണിയന്‍ എന്തുതരം ‘കളിയാണ്’ നടത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു. തെരേസ മേയ് അവതരിപ്പിക്കുന്ന പുതിയ ഉടമ്പടിയില്‍ അടുത്ത ദിവസം വോട്ടെടുപ്പ് നടക്കാനിരിക്കെ യൂറോപ്പില്‍ നിന്ന് കേള്‍ക്കുന്നത് നിരാശാജനകമായ വാര്‍ത്തകളാണെന്നും അവര്‍ വ്യക്തമാക്കി.
ജനുവരിയില്‍ പാര്‍ലമെന്റ് വോട്ടിനിട്ടു തള്ളിയ ഉടമ്പടിയില്‍ മാറ്റങ്ങള്‍ക്കായി ശ്രമിക്കുമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ മാറ്റങ്ങള്‍ വരുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ഐറിഷ് ബാക്ക്‌സ്‌റ്റോപ്പിലായിരുന്നു ഭരണപക്ഷ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയന്‍ മേഖലയായ അയര്‍ലന്‍ഡും തമ്മിലുള്ള അതിര്‍ത്തി കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ച പദ്ധതികള്‍ മേയ് അംഗീകരിക്കുകയായിരുന്നു. ഇതില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടാണ് പാര്‍ലമെന്റ് വോട്ടിനു ശേഷം മേയ് യൂറോപ്യന്‍ യൂണിയനെ വീണ്ടും സമീപിച്ചത്. പ്രദേശത്ത് യൂറോപ്യന്‍ നിയമങ്ങള്‍ ബാധകമാക്കിക്കൊണ്ട് അതിര്‍ത്തി തുറന്നിടാമെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍ വെള്ളിയാഴ്ച ഒരു നിര്‍ദേശം അവതരിപ്പിച്ചെങ്കിലും ലണ്ടന്‍ അത് നിരസിച്ചു.
വിഷയത്തില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് ലീഡ്‌സം റോയിട്ടേഴ്‌സിനോട് പറഞ്ഞു. എങ്കിലും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കേള്‍ക്കുന്ന കാര്യങ്ങളില്‍ കടുത്ത നിരാശയാണുള്ളത്. അവര്‍ എന്തു ഗെയിമാണ് കളിക്കുന്നതെന്ന കാര്യം ഞാന്‍ സ്വയം ചോദിക്കുകയാണെന്നും അവര്‍ പറഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിലും മേയ് പരാജയപ്പെട്ടാല്‍ ആരായിരിക്കും കുറ്റക്കാര്‍ എന്ന ചോദ്യത്തിന് യൂറോപ്യന്‍ യൂണിയനെയായിരിക്കും താന്‍ ചൂണ്ടിക്കാട്ടുകയെന്നും അവര്‍ വ്യക്തമാക്കി.
Leave a Reply