ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ബ്രെക്സിറ്റിനെ സംബന്ധിച്ചുള്ള അനിശ്ചിതത്വം മാസങ്ങളായി ബ്രിട്ടനെ വല്ലാതെ വലച്ചിരുന്നു. ബ്രിട്ടനിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ഇടങ്ങളെ വൻ തോതിൽ ബാധിക്കപ്പെടും എന്നും ഭീതിയും ഉണ്ടായിരുന്നു. എന്നാൽ ബ്രെക്സിറ്റിന് ശേഷം യുകെയിലെ വീട് വിപണിയിൽ വിലത്തകർച്ച ഉണ്ടാകുമെന്ന പ്രവചനങ്ങളെ അപ്രസക്തമാക്കികൊണ്ട്, യുകെയിലെ വീട് വിപണിയിൽ 2020ഓടെ 2% വരെ വിലവർധനവ് ഉണ്ടായേക്കാമെന്ന് പ്രവചനങ്ങൾ. യുകെയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്‌സൈറ്റായ റൈറ്റ്മൂവിന്റെ പ്രവചനം കൺസേർവേറ്റിവ് പാർട്ടിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ ചാർത്തികൊടുത്തിരിക്കുകയാണ്. മുൻ വർഷം വീട് വിപണി വില 3% ശതമാനം ആയി കുറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിലെ കൺസേർവേറ്റിവുകളുടെ മിന്നും വിജയം തന്നെയാവാം ഈയൊരു മാറ്റത്തിന് കാരണം. സാധാരണ ഗതിയിൽ ലണ്ടൻ നഗരം ഉൾപ്പെടുന്ന തെക്കൻ പ്രദേശമാണ് വീടുവിപണിയിൽ മുന്നിൽ നിൽക്കുന്നതെങ്കിൽ പതിവിനു വിപരീതമായി ഇത്തവണ വീട് വിപണി കൂടുതൽ ഉഷാറായിരിക്കുന്നത് വടക്കൻ പ്രദേശങ്ങളിലാണ്.
അടുത്ത വർഷം 2% വില വർധനവ് സംഭവിക്കുന്നതോടെ വീട് വാങ്ങുന്നവർ ഇനി 6000 പൗണ്ട് അധികം നൽകേണ്ടിവരും. തെക്കൻ പ്രദേശങ്ങളിൽ 1% ത്തിന്റെ വിലവർധനവ് ഉണ്ടായേക്കാമെന്ന് റൈറ്റ്മൂവ് ഡയറക്ടർ മൈൽസ് ഷിപ്പ്സൈഡ് പറഞ്ഞു. ഒരു സമ്പന്ന യൂറോപ്യൻ കുടുംബം, ലണ്ടനിൽ 65 മില്യൺ പൗണ്ടിന് ഒരു വീട് കഴിഞ്ഞ വെള്ളിയാഴ്ച വാങ്ങുകയുണ്ടായി. ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പ് വിജയിച്ചതിന്റെ ഫലമായാണ് വീട് വാങ്ങിയതെന്ന് അവർ വെളിപ്പെടുത്തി. ലണ്ടനിലെ വീടുവിപണിയിൽ ഉടൻ തന്നെ ഒരു മുന്നേറ്റം പ്രതീക്ഷിക്കാമെന്ന് എസ്റ്റേറ്റ് ഏജന്റായ ചെസ്റ്റർട്ടൺസ് പറഞ്ഞു. ജോൺസന്റെ സർക്കാരിന്റെ രണ്ടാം വരവ് ഒരു മാറ്റത്തിന് വഴിയൊരുക്കുമോ എന്ന് തുടർന്ന് കാണേണ്ടിയിരിക്കുന്നു.
Leave a Reply