ന്യൂസ് ഡെസ്ക് മലയാളം യുകെ
2024 -ൽ വീടുകളുടെ വില വീണ്ടും കുറയുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വീടുകളുടെ വില 5 % കുറയാനുള്ള സാധ്യതയാണ് ഈ രംഗത്തെ വിദഗ്ധർ പ്രവചിക്കുന്നത്. എന്നാൽ വാടക ചിലവുകളിൽ 5 മുതൽ 6 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
കടുത്ത സാമ്പത്തിക മാന്ദ്യം മൂലം വീട് മേടിക്കാനാഗ്രഹിക്കുന്നവരുടെ സാമ്പത്തിക ഭദ്രതയിൽ കനത്ത ഇടിവ് നേരിട്ടതാണ് വീടുകളുടെ വില കുറയുവാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . സുരക്ഷിതമല്ലാത്ത സമ്പദ് വ്യവസ്ഥ വീട് വാങ്ങാനോ മാറാനോ ആഗ്രഹിക്കുന്ന ആളുകളുടെ ആത്മവിശ്വാസം കുറച്ചേക്കാനുള്ള സാധ്യതയുണ്ട്. ഇതിന് പുറമെയാണ് ഉയർന്ന മോർട്ട് ഗേജ് നിരക്കുകൾ . അടുത്ത 12 മാസത്തിനുള്ളിൽ 1.6 ദശലക്ഷം വീട്ടുടമസ്ഥർക്ക് അവരുടെ നിലവിലെ ഫിക്സഡ് റേറ്റ് ഡീലുകൾ മാറുന്നത് മൂലം പ്രതിമാസം തിരിച്ചടവ് കുത്തനെ ഉയരും .
വില കുറയുന്നത് വീട് മേടിക്കാൻ ആഗ്രഹിക്കുന്ന യുകെ മലയാളികൾക്ക് സഹായകരമാണെന്നാണ് പ്രത്യക്ഷത്തിൽ വിലയിരുത്തുന്നത്. എന്നാൽ മാറിയ കുടിയേറ്റ നയത്തിന്റെ പശ്ചാത്തലത്തിൽ നേഴ്സുമാർ ഒഴികെയുള്ള മലയാളികൾക്ക് യുകെ യോടുള്ള അഭിനിവേശം കുറഞ്ഞിട്ടുണ്ട്. കെയർ വിസയിൽ എത്തിയവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കാത്തതും വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്കുള്ള കടുത്ത നിയന്ത്രണങ്ങളും യുകെയിൽ വീട് മേടിക്കുന്നതിൽ നിന്ന് ഒട്ടുമിക്ക മലയാളികളെയും പിന്തിരിപ്പിക്കുമെന്നാണ് പലരും മലയാളം യുകെ ന്യൂസിനോട് അഭിപ്രായപ്പെട്ടത്.
Leave a Reply