പണിക്കന്‍കുടിയില്‍ വീട്ടമ്മയെ അയല്‍വാസി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതി പണിക്കന്‍കുടി മണിക്കുന്നേല്‍ ബിനോയിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഇയാളുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നു പിടിക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്.

കാമാക്ഷി സ്വദേശിനി താമഠത്തില്‍ സിന്ധു (45) വിന്റെ മൃതദേഹമാണ് ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്നും കണ്ടെത്തിയത്. ഇയാളും സിന്ധുവും തമ്മില്‍ കാലങ്ങളായി അടുപ്പത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതിയുമായി അടുപ്പം നിലനില്‍ക്കെ വീട്ടമ്മ പിണങ്ങിക്കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ കാണാന്‍ പോയതില്‍ ഇയാള്‍ പ്രകോപിതനായിരുന്നു എന്നു പറയുന്നു

ഭര്‍ത്താവുമായി പിരിഞ്ഞ് ഇളയ മകനുമായി സിന്ധു കാമാക്ഷിയില്‍ നിന്നു പണിക്കന്‍കുടിയിലെത്തി വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഭാര്യയെ ഉപേക്ഷിച്ചു കഴിയുന്ന ബിനോയിയുമായി സിന്ധു പിന്നീട് അടുപ്പത്തിലാകുകയായിരുന്നു.

സിന്ധു അടുത്ത നാളില്‍ ഭര്‍ത്താവിനെ കാണാന്‍ പോയതില്‍ ബിനോയി പ്രകോപിതനായിരുന്നു. ഇതിന്റെ പേരില്‍ വഴക്കിട്ട ഇയാള്‍ മകനെ കൊന്നു കെട്ടിത്തൂക്കുമെന്നു സിന്ധുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പറയുന്നു. ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ വെള്ളത്തൂവല്‍ പോലീസ് കേസെടുത്തിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ ബിനോയി തന്നെയാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് അനേഷണ സംഘം. 12നാണ് സിന്ധുവിനെ കാണാതായത്. മകന്‍ വിവരം സിന്ധുവിന്റെ സഹോദരന്മാരെ അറിയിച്ചു. ഇവര്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ബിനോയി സ്വന്തം വീട്ടില്‍ പുതിയ അടുപ്പ് പണിതതായി രണ്ടുദിവസം മുമ്പ് കുട്ടി പറഞ്ഞു. അമ്മയെ കാണാതായ ദിവസം ബിനോയിയുട വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് ശ്രദ്ധയില്‍ പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ 11ന് രാത്രി മകനെ ബിനോയിയുടെ ബന്ധുവിന്റെ വീട്ടില്‍ കൂട്ടു കിടക്കുന്നതിനായി സിന്ധു പറഞ്ഞു വിട്ടിരുന്നു. ബിനോയിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. പിറ്റേന്നു മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് അമ്മയെ കാണാതായത്.

തുടര്‍ന്ന് മകന്‍ സിന്ധുവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.

സിന്ധുവിന്റെ തിരോധാനം സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ബിനോയ് സ്ഥലത്തുനിന്നു മുങ്ങിയത്. 29ന് തൃശൂരില്‍ ബിനോയി എടിഎം ഉപയോഗിച്ച് പണമെടുത്തതായി പോലീസ് കണ്ടെത്തി. പിന്നീട് പാലക്കാട്ടും എത്തിയതായി വിവരമുണ്ട്.

ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ബിനോയി എന്നും നേരത്തേ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പലതവണ സിന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു.