ഞാറയ്ക്കലിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. സമീപവാസിയായ യുവാവ് ശല്യം ചെയ്യുന്നുവെന്ന് പൊലീസിൽ പരാതി നൽകിയ വൈപ്പിൻ ഞാറയ്ക്കൽ സ്വദേശിയായ സിന്ധു എന്ന വീട്ടമ്മയെയാണ് ഇന്ന് പുലർച്ചെയോടെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിന്ധു പിന്നീട് മരിച്ചു. സിന്ധുവിനൊപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ 18കാരനായ മകൻ അതുൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം മരിക്കുന്നതിന് മുമ്പുള്ള യുവതിയുടെ ശബ്ദസന്ദേശം ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിൽ സമീപവാസിയായ യുവാവിന്‍റെ പേര് പറഞ്ഞിട്ടുണ്ട്. സ്ഥിരമായി വഴിയിൽ തടഞ്ഞുനിർത്തി യുവാവ് സിന്ധുവിനെ ശല്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി സിന്ധുവിന്‍റെ സഹോദരനും യുവാവും തമ്മിൽ അടിപിടി നടന്നിരുന്നു. ഇതേത്തുടർന്നാണ് രണ്ട് ദിവസം മുമ്പ് യുവാവിനെതിരെ സിന്ധു പൊലീസിൽ കേസ് നൽകിയത്. പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. അതിന് പിന്നാലെയാണ് സന്ധുവിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

എന്നാൽ സിന്ധു ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം വരെ സിന്ധുവിന്റെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. പൊള്ളലേറ്റ സിന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ബന്ധുക്കളോട് പറഞ്ഞ കാര്യങ്ങൾ അസ്വാഭാവിക മരണത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണെന്നും വീട്ടുകാർ ആരോപിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിന്ധു പറഞ്ഞ കാര്യങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്തു ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. കൂടാതെ വീട്ടിൽ കാർ ഷെഡ് നിർമ്മാണം നടന്നുവരികയായിരുന്നു. കാർ ഷെഡ് നിർമ്മാണ തൊഴിലാളികളോട് ഇന്ന് വീട്ടിലെത്താനും സിന്ധു ആവശ്യപ്പെട്ടിരുന്നു. ഇവർക്ക് നൽകാനായി ഭക്ഷണം തയ്യാറാക്കുന്നതിന്‍റെ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഇങ്ങനെയൊരാൾ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

അതേസമയം വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാല്‍ ആത്മഹത്യയാണോ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ എന്ന കാര്യത്തില്‍ പൊലീസ് അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് നിലപാട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.