വീടിനു സമീപം വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നും പീഡന ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും കണ്ടെത്തി. സംഭവത്തിൽ പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ. ഡൈമുക്ക് പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (50) ആണ് കൊല്ലപ്പെട്ടത്. ഡൈമുക്ക് ബംഗ്ലാവ് മുക്ക് സ്വദേശി രതീഷാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ കേന്ദ്രീകരിച്ചാണു അന്വേഷണം പുരോഗമിക്കുന്നതെന്നും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.

പീഡനശ്രമത്തിനിടെ ആണു വീട്ടമ്മ കൊല്ലപ്പെട്ടത് എന്നാണു പൊലീസ് നിഗമനം. പീഡന ശ്രമത്തെ എതിർത്തപ്പോൾ കത്തി ഉപയോഗിച്ച് തലയോട്ടിയിൽ വെട്ടുകയായിരുന്നു. രക്തം വാർന്നാണു വീട്ടമ്മ മരിച്ചത് എന്നാണു പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷമേ ലഭ്യമാകൂ എന്നും പൊലീസ് പറഞ്ഞു.

പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ മൊബൈൽ ഫോണുകളിലൊന്ന് സമീപത്ത് നിന്നു കണ്ടുകിട്ടിയിരുന്നു. 2 ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ഇതിലൊന്നാണ് കണ്ടെത്തിയത്. യുവാവിന്റെ വീട്ടിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ രക്തക്കറ പുരണ്ട ഷർട്ടും പൊലീസിനു ലഭിച്ചു. ഞായറാഴ്ച രാത്രി ഡൈമുക്ക് മൈതാനത്താണ് വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി.

മേയാൻ വിട്ട പശുവിനെ കൊണ്ടു വരാൻ വീട്ടിൽ നിന്നു തേയിലത്തോട്ടത്തിലേക്കു പോയതായിരുന്നു വിജയമ്മ. വൈകിട്ട് ആറോടെ മൊട്ടക്കുന്നിന് സമീപം കരച്ചിൽ കേട്ട സമീപവാസി ഒച്ച വച്ചു. പിന്നാലെ ഒരാൾ കാട്ടിൽ നിന്നു ഇറങ്ങി ഓടുന്നതായും കണ്ടു. നാട്ടുകാർ കാട്ടിൽ കയറി തിരച്ചിൽ നടത്തിയപ്പോഴാണ് വിജയമ്മയുടെ മൃതദേഹം കണ്ടത്.

വിജയമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. കസ്റ്റഡിയിലുള്ള യുവാവ്, വൻ മരങ്ങളിൽ കൂട് കൂട്ടുന്ന പക്ഷികളെ പിടിക്കുന്ന സംഘത്തിലെ അംഗമാണെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ ഞായറാഴ്ച രാത്രി, വീട്ടമ്മയെ പുലി പിടിച്ചുവെന്ന് അറിയിച്ച് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഫോൺ സന്ദേശം എത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടന്നു വരികയാണ്. യുവാവിനൊപ്പം 2 പേരെ കസ്റ്റഡിയിൽ എടുത്തെങ്കിലും, രാത്രി വൈകി ഇവരെ വിട്ടയച്ചു. പക്ഷികളെ പിടിക്കുന്ന സംഘത്തിലെ അംഗങ്ങളാണ് ഇരുവരും എന്നും പൊലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതി രതീഷിനെ കുടുക്കിയത് പ്രദേശവാസിയുടെ മൊഴി. ഞായറാഴ്ച വൈകിട്ട് ആറോടെ, മൊട്ടക്കുന്നിനു സമീപം കരച്ചിൽ കേട്ടതിനു പിന്നാലെ ചുവപ്പ് ഷർട്ട് ധരിച്ച യുവാവ് ഓടിപ്പോകുന്നതു കണ്ടുവെന്ന സമീപവാസി നൽകിയ വിവരമാണ് മണിക്കൂറുകൾക്കുളളിൽ തന്നെ പ്രതി രതീഷിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
കാട്ടിൽ നിന്നു ഉച്ചത്തിൽ കരച്ചിലും ബഹളവും കേട്ടതോടെ സമീപവാസി ബഹളം വച്ചു. ഇതോടെ കാട്ടിൽ നിന്നു ഒരാൾ ഇറങ്ങി ഓടി. പിന്നാലെ ഇയാൾ നാട്ടുകാരെ വിവരം അറിയിച്ചു. സംഘം ചേർന്നു ഇവർ കാട്ടിൽ കയറി തിരച്ചിൽ നടത്തിയപ്പോഴാണ് വിജയമ്മയുടെ മ്യതദേഹം കമഴ്ന്ന നിലയിൽ കിടക്കുന്ന കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയതോടെ കൊലപാതകം ആണെന്ന് ഉറപ്പിച്ചു.

മുന്നംഗ സംഘം പരിസരത്ത് കറങ്ങി നടക്കുന്നത് കണ്ട വിവരവും നാട്ടുകാർ പൊലീസിനോടു പങ്കുവച്ചു. പിന്നീടു ഇവരെ കണ്ടെത്താനായി ശ്രമം .പൊലീസ് പെട്ടന്നു സംഘത്തിൽപെട്ട യുവാക്കളുടെ വീടുകളിൽ പരിശോധന നടത്തി കസ്റ്റഡിയിലെടുത്തിനാൽ രതീഷിനു രക്ഷപ്പെടാൻ കഴിഞ്ഞില്ല. വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയതിനു സമീപത്തു നിന്നു രതീഷിന്റെ മൊബൈൽഫോൺ പൊലീസിനു ലഭിച്ചു.

പിന്നാലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറ പുരണ്ട ഷർട്ട് കൂടി ലഭിച്ചതോടെ പ്രതി രതീഷ് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു . തെളിവുകൾ ഒന്നൊന്നായി പൊലീസിന്റെ പക്കൽ എത്തിയത് മനസ്സിലാക്കിയതോടെ രതീഷ് ചെറുത്ത് നിൽക്കാതെ കുറ്റസമ്മതവും നടത്തുകയായിരുന്നു. രതീഷിന് ഒപ്പം പക്ഷിയെ പിടിക്കാൻ പോയ മറ്റു രണ്ടു പേരും തങ്ങൾ സ്ഥലത്തു നിന്നു പോയ ശേഷവും ഒരു പക്ഷിയെ കൂടി പിടിക്കാനുണ്ടെന്ന് പറഞ്ഞു രതീഷ് സംഭവ സ്ഥലത്ത് നിൽക്കുകയായിരുന്നുവെന്ന് മൊഴി നൽകുകയും ചെയ്തു.

കൊലയാളിയെ വിട്ടു നൽകണമെന്ന് ആവശ്യവുമായി നാട്ടുകാർ
പ്രതി രതീഷിനെ തെളിവെടുപ്പിനായി ഡൈമുക്കിൽ എത്തിച്ചപ്പോൾ തടിച്ചുകൂടിയ നാട്ടുകാർ കൊലയാളിയെ തങ്ങൾക്ക് വിട്ടു നൽകമെന്നും ആവശ്യപ്പെട്ട് പാഞ്ഞടുത്തു. ‘ഞങ്ങളുടെ സഹോദരിയെ കൊന്ന ഇവനെ ഞങ്ങൾ ശിക്ഷിച്ചു കൊള്ളാം’ എന്നു പറഞ്ഞു ജനക്കൂട്ടം ആക്രോശിച്ചതോടെ പ്രതിയുമായി എത്തിയ പൊലീസിന്റെ തെളിവെടുപ്പ് പ്രതിന്ധിയിലായി. പിന്നീടു സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസിനെ വിളിച്ചു വരുത്തിയ ശേഷമാണ് തെളിവെടുപ്പ് നടത്തിയത്.

നാട്ടുകാരെ ശാന്തരാക്കാൻ പൊലീസിനു ഏറെ പണിപ്പെടേണ്ടി വന്നു. വിജയമ്മ പശുവിനെ അഴിക്കാനെത്തിയ സ്ഥലവും ആക്രമിച്ച രീതിയുംമെല്ലാം കൂസലില്ലാതെ തന്നെ രതീഷ് പൊലീസിനു വിവരിച്ചു നൽകി. കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹൻ, സിഐമാരായ ടി.ഡി.സുനിൽകുമാർ, വി.കെ.ജയപ്രകാശ്, എസ്ഐമാരായ രഘു, ജമാൽ, നൗഷാദ്, സിപിഒമാരായ ആന്റണി, ഷീമാൽ, മുഹമദ്ഷാ, ഇസ്ക്കിമുത്തു, ഷിജു, ജോജി എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.