ലണ്ടന്‍: ബ്രിട്ടനിലെ നഗരങ്ങളിലെ വീടുകളുടെ വിലയിലും വാടകയിലും ഗണ്യമായ വര്‍ദ്ധനവ്. ഏതാണ്ട് 15,000ത്തിലേറെ വീടുകളാണ് മാഞ്ചസ്റ്ററില്‍ മാത്രം സമീപകാലത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിലൊന്നു പോലും സാധരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന വിലയിലോ വാടകയിലോ അല്ല നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലെ താമസത്തിനായി മുടക്കേണ്ട ചെലവുകളില്‍ ഗണ്യമായ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഗാര്‍ഡിയന്‍ സിറ്റി ഇന്‍വെസ്റ്റിഗേഷന്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മാഞ്ചസ്റ്റര്‍ നഗരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഏതാണ്ട് 14,667 വീടുകള്‍ സാധാരണക്കാരന് വഹിക്കാന്‍ പ്രാപ്തിയുള്ള വിലയില്‍ ഉണ്ടാക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ളവയാണ്. ഇത്തരം വലിയ പാര്‍പ്പിട പദ്ധതികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വിലയില്‍ ഉപഭോക്താക്കള്‍ക്ക് വീടുകള്‍ ലഭ്യമാക്കാമെന്ന മാനദണ്ഡം പാലിച്ചുകൊള്ളാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അനുമതി ലഭിച്ചിട്ടുള്ളവയാണ്.
എന്നാല്‍ കമ്പനികള്‍ ഈ മാനദണ്ഡം പാലിക്കുന്നില്ലെന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഷെഫീല്‍ഡിലാണ് മറ്റു യുകെ നഗരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വീടുകളുടെ വിലയില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലം. ഇതര നഗരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ വര്‍ഷം വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഷെഫീല്‍ഡില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. 2016-17 കാലഘട്ടത്തില്‍ ഷെഫീല്‍ഡില്‍ നിര്‍മ്മിച്ചിരിക്കുന്ന 6,943 വീടുകളില്‍ വെറും 97 എണ്ണം മാത്രമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന നിശ്ചിത വില മാനദണ്ഡം പാലിക്കപ്പെട്ടവയുള്ളത്. ആകെ നിര്‍മ്മാണം കണക്കിലെടുത്താല്‍ ഇത് വെറും 1.4 ശതമാനം മാത്രമെ ആകുന്നുള്ളു. പ്രോപ്പര്‍ട്ടി പോര്‍ട്ടല്‍ സോപ്ല പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഫോഡബിള്‍ മാനദണ്ഡത്തിന് കീഴില്‍ വരാത്തവ സോഷ്യല്‍ റെന്റിനോ(കൗണ്‍സില്‍ ഹൗസിംഗ്) മാര്‍ക്കറ്റ് വിലയില്‍ 80 ശതമാനം ഉയര്‍ന്ന നിരക്കില്‍ കൂടാതെ വാടകയ്‌ക്കോ നല്‍കാം.
ലണ്ടനില്‍ തൊഴിലെടുക്കുന്ന ശരാശരി വരുമാനമുള്ള ഒരു വ്യക്തിക്ക് ലണ്ടന്‍ സെന്‍ട്രല്‍ ഭാഗങ്ങളില്‍ താമസിക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലാതായി കഴിഞ്ഞുവെന്ന് ഗാര്‍ഡിയന്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നു. സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ വര്‍ഷം വാടകയിനത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് 100 പൗണ്ടോളം വരുമെന്ന് ആളുകള്‍ പറയുന്നു. ഇതൊരു ശരാശരി വര്‍ദ്ധനവ് മാത്രമാണ് ഇതിലും കൂടൂതല്‍ മാറ്റങ്ങള്‍ പലയിടത്തുമുള്ളതായി വ്യക്തികള്‍ സാക്ഷ്യപ്പെടുത്തുന്നു. യുകെയിലുള്ള മിക്ക കൗണ്‍സിലുകള്‍ക്കും അവരുടെതായ നിര്‍മ്മാണ പ്ലാനിംഗ് നിര്‍ദേശങ്ങള്‍ ഉണ്ട്. വലിയ ഹൗസിംഗ് പദ്ധതികള്‍ തുടങ്ങി ചെറുകിട പദ്ധതികളില്‍ വരെ എത്ര ശതമാനം അഫോഡബിള്‍ യൂണിറ്റുകള്‍ ആവശ്യമുണ്ടെന്നത് നിര്‍ണ്ണയിക്കുന്നത് ഈ മാനദണ്ഡങ്ങളാണ്. 16ഉം അതില്‍ കൂടുതലും യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ 20 ശതമാനം അഫോഡബിള്‍ മാനദണ്ഡത്തിന് കീഴില്‍ വരുന്നവയായിരിക്കണമെന്ന് മാഞ്ചസ്റ്റര്‍ കൗണ്‍സില്‍ നിയമത്തില്‍ പറയുന്നു. 0.3 ഹെക്ടറില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ക്കും ഈ 20ശതമാന കണക്ക് ബാധകമാണ്. വര്‍ദ്ധിക്കുന്ന വാടകയും വിലയും യുകെ ഹൗസിംഗ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Leave a Reply