ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏദൻ ഉൾക്കടലിൽ യുകെ ടാങ്കറുകൾക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. അമേരിക്കയുടെയും ബ്രിട്ടന്റെയും നിലപാടിന് പിന്നാലെയാണ് യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള പ്രസ്ഥാനം മാർലിൻ ലുവാണ്ട എന്ന ടാങ്കറിന് നേരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് പിന്നീട് അറിയിച്ചു. ഇതിന് പിന്നാലെ ചെങ്കടൽ മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിന് മറുപടിയായി യുഎസും യുകെയും ഹൂതികളുടെ ലക്ഷ്യങ്ങളിൽ വ്യോമാക്രമണം നടത്തി.

ആക്രമണത്തിന് പിന്നാലെ കപ്പലിൻെറ സഹായത്തിനായി ഫ്രഞ്ച്, ഇന്ത്യൻ, യുഎസ് നാവിക കപ്പലുകൾ സംഭവ സ്ഥലത്ത് ഉടനെ എത്തി. മാർലിൻ ലുവാണ്ടയുടെ ഓപ്പറേറ്റർ യുകെ രജിസ്‌ട്രേഡ് കമ്പനിയായ ഓഷ്യോണിക്സ് സർവീസസ് ലിമിറ്റഡ് ആണ്. ഒരു ബഹുരാഷ്ട്ര വ്യാപാര കമ്പനിയായ ട്രാഫിഗുരയ്ക്ക് വേണ്ടിയാണ് ടാങ്കർ പ്രവർത്തിക്കുന്നത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും ടാങ്കറിലെ തീ അണച്ചതായും കമ്പനി അറിയിച്ചു. കപ്പൽ ഇപ്പോൾ സുരക്ഷിത തുറമുഖത്തേക്ക് നീങ്ങുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെങ്കടലിലും പരിസരത്തുമായി ഹൂതികൾ വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തിയ ഏറ്റവും ഒടുവിലത്തെ ആക്രമമാണിത്. ഇസ്രായേൽ ഹമാസിനെതിരെ പോരാടുന്ന ഗാസയിലെ പാലസ്തീനികളെ പിന്തുണച്ചു കൊണ്ടാണ് ഈ മേഖലയിലെ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നത് എന്ന് സംഘം വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തിന് നേരെയുള്ള അമേരിക്കൻ ബ്രിട്ടീഷ് ആക്രമണത്തിന് മറുപടിയായാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ എന്ന് ഒരു ഹൂതി വക്താവ് മാർലിൻ ലുവാണ്ടയ്ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ വ്യക്തമാക്കി.

അതേസമയം വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഒരിക്കലും കണ്ണടയ്ക്കാവുന്ന ഒന്നല്ലെന്നും ഇതിനെതിരെ ഒരു പ്രതികരണം ഉടൻ ഉണ്ടാകുമെന്നും യുകെ സർക്കാർ പ്രതികരിച്ചു. ഏഡനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കാണ് സംഭവം നടന്നതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) പറഞ്ഞു. പ്രദേശത്തുകൂടെ പോകുന്ന മറ്റ് കപ്പലുകൾ ജാഗ്രത പുലർത്തണം എന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും സംഘടന അറിയിച്ചു. നവംബർ മുതൽ, ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നായ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ ഇതിനോടകം പത്തിലധികം ആക്രമണങ്ങൾ നടത്തി കഴിഞ്ഞു.

രക്ഷാപ്രവർത്തനത്തിന് പിന്നാലെ കപ്പലിൽ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യൻ നാവികസേന അറിയിച്ചു. വെള്ളിയാഴ്ച ആക്രമണം നടന്നെന്ന വിവരം ലഭിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് വിശാഖപട്ടണം എന്ന കപ്പല്‍ രക്ഷാപ്രവർത്തനത്തിനായി ഗൾഫ് ഓഫ് ഏദനിലെത്തുകയിരുന്നു. അടുത്തിടെ ചെങ്കടലിൽ ഒരു യുഎസ് ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയ എണ്ണക്കപ്പലിൽ 25 ഇന്ത്യക്കാരുണ്ടായിരുന്നു.