ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലായ് 29-ന് സൗത്ത്‌പോർട്ടിലെ കുട്ടികൾക്കായുള്ള ഡാൻസ് സ്കൂളിൽ നടന്ന കത്തികുത്ത് ഇംഗ്ലണ്ടിലും വടക്കൻ അയർലൻഡിലും ഉടനീളം ഉണ്ടായ കലാപങ്ങൾക്ക് കാരണമായിരുന്നു. ആക്രമണകാരിയെന്ന് സംശയിക്കുന്ന വ്യക്തിയെ കുറിച്ചുള്ള തെറ്റായ വിവരം സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചത് പ്രശ്‌നത്തിൻെറ ആഘാതം കൂട്ടിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ പോസ്റ്റുകളിൽ അക്രമി കുടിയേറ്റക്കാരനാണെന്ന് പറഞ്ഞിരുന്നു. തെറ്റായ വിവരങ്ങൾക്ക് കേന്ദ്രഭാഗമായത്, ഒരു കുടിയേറ്റക്കാരനാണ് സൗത്ത്‌പോർട്ട് ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന എഡ്ഡി മുറെയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റാണ്. തെറ്റായ വിവരം ആയതിനാൽ ലിങ്ക്ഡ്ഇൻ നയങ്ങൾക്കനുസരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഈ പോസ്റ്റ് നീക്കം ചെയ്‌തു. പിന്നീട് സംഭവ സമയം തൻെറ കുടുംബാംഗങ്ങൾ ആരും അവിടെ ഉണ്ടായിരുന്നില്ല എന്ന് അറിയിച്ച എഡ്ഡി മുറെ, സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ് ചെയ്തതെന്ന് സമ്മതിച്ചു.
എന്നാൽ ഇതിനോടകം തന്നെ ഈ പോസ്റ്റ് നിരവധി പേർ കാണുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്‌തിരുന്നു. X പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. വ്യാജ വാർത്തയാണെന്ന് അറിയാതെ ആക്രമണത്തിൽ കുടിയേറ്റക്കാരുടെ പങ്കാളിത്തത്തിൻ്റെ തെളിവായി ചിലർ ഇതാണ് ഉപയോഗിച്ചത്. പോസ്റ്റ് ഇട്ട് മണിക്കൂറുകൾക്കുള്ളിൽ, വലതുപക്ഷ സ്വാധീനമുള്ളവരും ഓൺലൈൻ വാർത്താ ഔട്ട്ലെറ്റുകളും ഇത് വ്യാപകമായി പങ്കിടാൻ തുടങ്ങി. പോൾ ഗോൾഡിംഗ്, നിക്കോളാസ് ലിസാക്ക് തുടങ്ങിയവർ പോസ്റ്റ് വ്യാജമല്ല എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നു. ഇതോടെ വ്യാജ വാർത്ത എല്ലാവരിലേക്കും എത്തി. മോണടൈസ്‌ഡ് അക്കൗണ്ടുകൾ ഉൾപ്പെടെ തെറ്റായ വിവരങ്ങൾ പങ്കുവച്ചു. ഇതോടെ പൊതുജന രോഷം വർദ്ധിക്കുകയൂം അതിർത്തി അടയ്ക്കാനുള്ള ആവശ്യം ശക്തമാക്കുകയും ചെയ്‌തു.
പിന്നീട് ഉണ്ടായ കലാപത്തിൻെറ പ്രധാന കാരണം വ്യാജ വാർത്തകളുടെ പ്രചാരണമാണെന്ന് ഗവൺമെൻ്റും ഓഫ്‌കോമും പറയുന്നു. വ്യാജ വാർത്തകളുടെ പ്രചാരണവും കലാപങ്ങളും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് ഓഫ്‌കോം കണ്ടെത്തി. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഓൺലൈൻ സുരക്ഷാ നിയമം നടപ്പിലാക്കാൻ സർക്കാർ മുൻകൈ എടുത്തിട്ടുണ്ട്. 2023 ഒക്ടോബറിൽ പാസാക്കിയ ഈ നിയമം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. എന്നിരുന്നാലും ശരിയായ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകുന്നതിന് മുമ്പ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.
Leave a Reply