ന്യൂസ് ഡെസ്ക്, മലയാളം യുകെ

16 ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജരാണ് ബ്രിട്ടനിലുള്ളത്. ജോലിക്കായും പഠനത്തിനായും ബ്രിട്ടനിൽ ഓരോ വർഷവും ഒട്ടേറെ പേരാണ് ഇന്ത്യയിൽ നിന്ന് എത്തി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ സർക്കാരിൻറെ നയ സമീപനങ്ങളെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ നോക്കി കാണുന്നത്. ഇന്ത്യയോട് അതീവ സൗഹൃദമായുള്ള പെരുമാറ്റമാണ് പ്രതിപക്ഷ നേതാവായിരുന്ന സർ കെയർ സ്റ്റാമർ വെച്ചു പുലർത്തിയിരുന്നത്. അതുകൊണ്ടു തന്നെ തുടർന്നും ലണ്ടനും ഡൽഹിയുമായി ഊഷ്മളമായ നയതന്ത്ര ബന്ധം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ചരിത്രപരമായി ലേബർ പാർട്ടിയെ പിന്തുണയ്ക്കുന്നവരാണ് ബ്രിട്ടനിലെ ഇന്ത്യൻ വംശജർ ,പ്രത്യേകിച്ച് മലയാളികൾ. ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി പാർലമെന്റിൽ എംപിയായി എത്തുന്നത് ലേബർ പാർട്ടിയെ പ്രതിനിധീകരിച്ചതാണെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിലുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാരും 14 വർഷമായി ബ്രിട്ടൻ ഭരിച്ചിരുന്ന കൺസർവേറ്റീവ് പാർട്ടിയുടെ സർക്കാരുമായി നല്ല സൗഹൃദബന്ധം ആയിരുന്നു കാത്തുസൂക്ഷിച്ചിരുന്നത്. ഇന്ത്യയോടുള്ള നയ സമീപനങ്ങളിൽ പുതിയ സർക്കാരും മാറ്റത്തിന് മുതിർന്നേക്കില്ല. പുതിയ സർക്കാർ കുടിയേറ്റ നയം എത്രമാത്രം ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെയും ജോലിക്കായി എത്തുന്നവരെയും ഭാവിയിൽ ബാധിക്കും എന്നതും പ്രധാനപ്പെട്ട വിഷയമാണ് . എന്നാൽ ഏതാനും വർഷങ്ങളായി ചർച്ചയിലായിരുന്ന സ്വതന്ത്ര വ്യാപാര കരാർ തന്നെയായിരിക്കും ഇന്ത്യ -ബ്രിട്ടൻ ചർച്ചകളിലെ പ്രധാന അജണ്ട. കരാറിലെ ഒട്ടുമിക്ക കാര്യങ്ങളിലും ഇരുപക്ഷത്തിനും ധാരണയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മലയാളികളുടെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇനി ധാരണയിൽ എത്താൻ ഉള്ളത്.