സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടീഷ് പാർലമെന്റിൽ മലയാളി അസോസിയേഷന് പ്രത്യേക പരാമർശം. കൊറോണ കാലത്തിനിടയിൽ സമൂഹത്തിലെ ദുർബലരായ ആളുകൾക്കു സഹായം നൽകിയതിനാലാണ് ഈസ്റ്റ് ഹാമിന്റെ എംപി സ്റ്റീഫൻ ടിംസ് മലയാളി അസോസിയേഷന് നന്ദി പറഞ്ഞത്. “പൊതു ഫണ്ടുകളിലേക്ക് യാതൊരു സഹായവും നൽകരുത്” എന്ന വ്യവസ്ഥ താൽക്കാലികമായി പിൻവലിക്കണമെന്ന് സ്റ്റീഫൻ ടിംസ് എംപി ആവശ്യപ്പെട്ടു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ദുർബലരായ എല്ലാ വ്യക്തികളും പിന്തുണ ലഭിക്കുവാൻ അർഹതയുള്ളവരാണ്. താത്കാലിക ഇമിഗ്രേഷൻ സ്റ്റാറ്റസിൽ രാജ്യത്ത് കഴിയുന്നവർക്ക് ബാധകമായ അവസ്ഥയാണ് നോ റീകോഴ്‌സ് ടു പബ്ലിക് ഫണ്ട്‌സ് (എൻആർപിഎഫ്). യൂണിവേഴ്സൽ ക്രെഡിറ്റ് ഉൾപ്പെടെ ഭൂരിഭാഗം ക്ഷേമ ആനുകൂല്യങ്ങളും അവർക്ക് ലഭിക്കുകയില്ല. കറുത്ത, ഏഷ്യൻ, ന്യൂനപക്ഷ വംശജരെ കൊറോണ വൈറസ് എങ്ങനെ ബാധിക്കുമെന്നുള്ള ചർച്ചയ്ക്കിടെ സ്റ്റീഫൻ ടിംസ് എംപി ഈ ജനങ്ങളുടെ ദുരവസ്ഥ എടുത്തുകാട്ടി.
ഏകദേശം 10 ലക്ഷത്തോളം ആളുകൾക്ക് സാർവത്രിക ക്രെഡിറ്റ് ആക്‌സസ് ചെയ്യാൻ കഴിയില്ല. ഈ അവസ്ഥ ഒഴിവാക്കുന്നതിന് ഒരു അപേക്ഷ നൽകാൻ വെബ്സൈറ്റിൽ ഫോം ഉണ്ടെങ്കിലും മറുപടി ലഭിക്കാൻ ഏകദേശം രണ്ട് മാസം സമയമെടുക്കും. ബുദ്ധിമുട്ടിൽ കഴിയുന്നവർക്ക് ഇത് പ്രായോഗികമായ നടപടിയല്ല. അതിനാൽ തന്നെ കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ഇത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് എംപി ആവശ്യപ്പെട്ടു. സമൂഹത്തിലെ ദുർബലരായ ആളുകളെ സഹായിക്കുന്നതിനുള്ള പരിശ്രമത്തിനും സംഭാവനയ്ക്കും യുകെയിലെ മലയാളി അസോസിയേഷൻ, തമിഴ് സംഘം, ഇബ്രാഹിം മോസ്ക് തുടങ്ങിയ സംഘടനകൾക്ക് ടിംസ് നന്ദി പറഞ്ഞു.
പകർച്ചവ്യാധിയുടെ സമയത്ത് മലയാളി അസോസിയേഷൻ സൗജന്യ ഭക്ഷണ വിതരണം നടത്തിയിരുന്നു. ലോക്ക്ഡൗൺ ആരംഭിച്ചതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ചകളിൽ പാകം ചെയ്യാത്ത ഭക്ഷണവും വെള്ളിയാഴ്ച്ചകളിൽ പാകം ചെയ്ത ഭക്ഷണവും അടങ്ങിയ കിറ്റുകൾ അവർ വിതരണം ചെയ്തിരുന്നു. ബിബിസി ഉൾപ്പെടെയുള്ള ചാനലുകളിൽ മലയാളി അസോസിയേഷന്റെ ഈ പ്രവർത്തനം വാർത്തയായി വന്നു. എൻആർപിഎഫ് വ്യവസ്ഥ നീക്കംചെയ്യണമെന്ന് കൗൺസിലുകളെ പ്രതിനിധീകരിക്കുന്ന ലോക്കൽ ഗവൺമെന്റ് അസോസിയേഷനും അഭ്യർത്ഥിച്ചു. എൻആർപിഎഫ് അവസ്ഥയിലുള്ള ധാരാളം ആളുകൾ തൊഴിൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് പകർച്ചവ്യാധിയുടെ സമയത്ത് പിന്തുണയ്ക്കായി കൗൺസിലുകളെ സമീപിച്ചിരുന്നു. എൻആർപിഎഫ് വ്യവസ്ഥ താൽക്കാലികമായി നിർത്തിവച്ചാൽ ആളുകൾക്ക് ക്ഷേമ ആനുകൂല്യങ്ങൾ അക്സസ്സ് ചെയ്യാൻ കഴിയും. അതിനാൽ തന്നെ അവർക്ക് ഭവനരഹിതരായി കഴിയേണ്ടി വരില്ല.
Leave a Reply