ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- നികുതിയും ചെലവും മുതൽ പേയ്‌മെൻ്റും പെൻഷനും വരെയുള്ള പ്രഖ്യാപനങ്ങൾ നിറഞ്ഞ ഒരു ബജറ്റാണ് ഇന്നലെ ചാൻസലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചത്. ഈ ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ എങ്ങനെ സാധാരണക്കാരെ ബാധിക്കുന്നു എന്നത് വിലയിരുത്തപ്പെടേണ്ടതാണ്.

നിങ്ങൾക്ക് കുറഞ്ഞ വേതനമാണെങ്കിൽ നിങ്ങളുടെ വേതനം ഉയരും :-

തൊഴിലുടമകൾ തൊഴിലാളികൾക്ക് നൽകുന്ന മിനിമം വേതനം അടുത്തവർഷം ഏപ്രിൽ മാസം മുതൽ ബ്രിട്ടനിൽ ഉടനീളം ഉയർത്തുമെന്ന പ്രഖ്യാപനം ബഡ്ജറ്റിലെ പ്രധാന നടപടിയാണ്. 21 വയസസിനു മുകളിലുള്ള ജീവനക്കാർക്കുള്ള ദേശീയ ജീവിത വേതനം മണിക്കൂറിന് 11.44 പൗണ്ടിൽ നിന്ന് 12.21 പൗണ്ടായി ഉയരും. 18, 19, 20 വയസ്സ് എന്നീ പ്രായക്കാരുടെ ദേശീയ മിനിമം വേതനം മണിക്കൂറിന് 8.60 പൗണ്ടിൽ നിന്ന് 10 പൗണ്ടായി ഉയരും. അതോടൊപ്പം തന്നെ,16 അല്ലെങ്കിൽ 17 വയസ് പ്രായമുള്ളവരുടെ മിനിമം വേതനം മണിക്കൂറിന് 6.40 പൗണ്ടിൽ നിന്ന് 7.55 പൗണ്ടായി ഉയരുമെന്ന പ്രഖ്യാപനവും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


എന്നാൽ ഇത് മൂലം ബിസിനസ് ഉടമകൾക്കും, തൊഴിലുടമകൾക്കും ഭാരം വർദ്ധിക്കുമെന്നാണ് നിഗമനം. മിനിമം വേതനം വർദ്ധിപ്പിച്ചത് മൂലം സ്റ്റാഫുകളുടെ ശമ്പളം വർദ്ധിപ്പിക്കേണ്ടതിന്റെ അധിക ചെലവിന് മുകളിൽ, തൊഴിലുടമകൾ സ്റ്റാഫുകൾക്കായി നൽകേണ്ട നാഷണൽ ഇൻഷുറൻസ് തുകയുടെ സംഭാവനകളും വർദ്ധിക്കും. ഇത് തൊഴിലുടമകൾക്ക് കൂടുതൽ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ജോലിസ്ഥലത്തേക്ക് ബസ്സിൽ യാത്ര ചെയ്യുന്നതിന് ഇനി കൂടുതൽ ചെലവ് :

ഇംഗ്ലണ്ടിലെ പല റൂട്ടുകളിലും നിലവിൽ ഉണ്ടായിരുന്ന ഒറ്റ ബസ് നിരക്ക് പരിധി 2025ൽ  2 പൗണ്ടിൽ നിന്ന് 3 പൗണ്ടായി ഉയർത്തുവാനും ബഡ്ജറ്റിൽ തീരുമാനമായിട്ടുണ്ട്. ഇത് ജനങ്ങൾക്ക് കൂടുതൽ യാത്രാ ചെലവുകൾ ഉണ്ടാക്കും.


ഇതോടൊപ്പം തന്നെ പുകയിലയ്ക്ക് രണ്ട് ശതമാനം ടാക്സ് വർദ്ധിപ്പിക്കാനും ബഡ്ജറ്റിൽ തീരുമാനമായി. ക്യാപിറ്റൽ ഗയിൻ ടാക്സും വർദ്ധിപ്പിക്കാനുള്ള തീരുമാനം ബഡ്ജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്ക് 10% ൽ നിന്ന് 18% ആയും ഉയർന്ന നിരക്ക് 20% ൽ നിന്ന് 24% ആയും ഉയർത്തും. 2025 ജനുവരി 1 മുതൽ സ്വകാര്യ സ്കൂൾ ഫീസിൽ 20% എന്ന നിരക്കിൽ വാറ്റ് നികുതി ചേർക്കാനുള്ള തീരുമാനവും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ പണപ്പെരുപ്പത്തിന് അനുസൃതമായി ഏപ്രിലിൽ ആനുകൂല്യങ്ങളായി ലഭിക്കുന്ന തുക 1.7% വർദ്ധിക്കുമെന്നും ചാൻസലർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിവിധ തലങ്ങളിലുള്ള സാധാരണക്കാരെയും ബിസിനസ്സുകാരെയും ഒരുപോലെ ബാധിക്കുന്നതാണ് ഇത്തവണത്തെ ബഡ്ജറ്റ്.