ന്യൂസ് ഡെസ്ക്, മലയാളം യുകെ
എലി ലില്ലി നിർമ്മിച്ച ശരീരഭാരം കുറയ്ക്കാനുള്ള മരുന്നായ മൗഞ്ചാരോ ഇനി എൻഎച്ച്എസിൽ രോഗികൾക്ക് ലഭ്യമാകും. “കിംഗ് കോംഗ് ഓഫ് വെയ്റ്റ് ലോസിങ് ഡ്രഗ്‌സ്” എന്നാണ് ഈ മരുന്ന് അറിയപ്പെടുന്നത്. ഇതിൽ ടിർസെപാറ്റൈഡ് എന്ന മരുന്ന് ആഴ്ചയിലൊരിക്കൽ കുത്തിവയ്പ്പിലൂടെയാണ് നൽകുന്നത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം, ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മെച്ചപ്പെടുത്താനും മൗഞ്ചാരോ ഉപയോഗിക്കുന്നു. മൗഞ്ചാരോയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് നോവോ നോർഡിസ്ക് നിർമ്മിക്കുന്ന ഭാരം കുറയ്ക്കാനുള്ള കുത്തിവയ്പാണ്, ഇതിൽ സെമാഗ്ലൂറ്റൈഡ് അടങ്ങിയിരിക്കുന്നു.
ടിർസെപാറ്റൈഡും സെമാഗ്ലൂറ്റൈഡും GLP-1 എന്ന ഹോർമോണിനെ അനുകരിക്കുന്നു, ഇത് ഭക്ഷണം കഴിക്കുമ്പോൾ കുടലിൽ സ്വാഭാവികമായി ഉണ്ടാകുന്നതിന് കാരണമാകും. ഈ മരുന്നുകൾ ആമാശയം ശൂന്യമാക്കുന്നത് മന്ദഗതിയിലാക്കുന്നു, ഇതുമൂലം വിശപ്പ് കുറയും. ഇൻസുലിൻ ഉത്പാദനം വർദ്ധിക്കുകയും ചെയ്യും. ഈ മരുന്നുകൾക്കുള്ള ഉയർന്ന ഡിമാൻഡ്, പൊണ്ണത്തടി പരിഹരിക്കുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള മരുന്നിൻെറ കഴിവിൻെറ ഉദാഹരണമാണ്.
മൗഞ്ചാരോയിലെ സജീവ ഘടകമായ ടിർസെപാറ്റൈഡ് GLP-1 എന്ന ഹോർമോണിനെ മാത്രമല്ല, GIP (ഗ്ലൂക്കോസ്-ആശ്രിത ഇൻസുലിനോട്രോപിക് പോളിപെപ്റ്റൈഡ്) എന്നറിയപ്പെടുന്ന ഹോർമോണിനെയും അനുകരിക്കുന്നു. ഈ സംവിധാനം സെമാഗ്ലൂറ്റൈഡിനെ അപേക്ഷിച്ച് കൂടുതൽ ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരെ വച്ച് നടത്തിയ 68 ആഴ്ച നീണ്ടുനിൽക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളിൽ, ടിർസെപാറ്റൈഡ് 17.8% ശരീരഭാരം കുറയ്ക്കാൻ കാരണമായാതായും, സെമാഗ്ലൂറ്റൈഡ് 12.4% ശരീര ഭാരം കുറയ്ക്കുന്നതിനും കാരണമായതായി കണ്ടെത്തി. 30 -ഓ അതിൽ കൂടുതലോ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) ഉള്ള മുതിർന്നവർക്കും അല്ലെങ്കിൽ 27-ഓ അതിലധികമോ ബിഎംഐ ഉള്ളവർക്കും, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം തുടങ്ങി ഭാരവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്കും യുകെയിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌ട് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) മൗഞ്ചാരോ ഉപയോഗിക്കാനുള്ള അധികാരം നൽകിയിട്ടുണ്ട്. സ്പെഷ്യലിസ്റ്റ് വെയ്റ്റ് മാനേജ്മെൻ്റ് പ്രോഗ്രാമുകളിൽ ഉള്ളവർക്കായിരിക്കും മരുന്ന് നൽകുന്നവരിൽ എൻഎച്ച്എസ് മുൻഗണന നൽകുക.
Leave a Reply