ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾക്കുള്ള പ്രത്യേക പദവികൾ ഉപേക്ഷിച്ചു പടിയിറങ്ങിയ ഹാരിയുടെയും മേഗന്റെയും വാദങ്ങൾ പൊളിയുന്നു. യുഎസിലേക്കുള്ള താമസം മാറ്റിയതിനെ തുടർന്ന് രാജകുടുംബം തന്റെയും ഭാര്യയുടെയും സാമ്പത്തിക സ്രോതസ്സുകൾ വെട്ടിക്കുറച്ചതായി ഹാരി രാജകുമാരൻ ഓപ്ര വിൻഫ്രെയോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വരവ് ചെലവ് കണക്കുകൾ കൊട്ടാരം പരസ്യമാക്കിയത്. കൊട്ടാരം പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം വരെ ചാൾസ് രാജകുമാരൻ മകനെ സഹായിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചാൾസ് രാജകുമാരൻ 4.5 മില്യൺ പൗണ്ട്, തന്റെ രണ്ടു മക്കൾക്കുമായി നൽകിയിരുന്നു. 2020 മാർച്ചിൽ രാജകീയ സ്ഥാനമൊഴിഞ്ഞതിന് ശേഷമുള്ള മാസങ്ങളിൽ ചാൾസ് രാജകുമാരൻ അവർക്ക് സാമ്പത്തിക പിന്തുണ നൽകിയെന്നും ഗണ്യമായ തുകയാണ് നൽകിയതെന്നും ക്ലാരൻസ് ഹൗസ് വക്താവ് അറിയിച്ചു. ഇപ്പോൾ ദമ്പതികൾ സാമ്പത്തികമായി സ്വതന്ത്രരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വേനൽക്കാലം വരെ ചാൾസിന്റെ രണ്ട് ആൺമക്കളും അദ്ദേഹത്തിന്റെ പ്രൈവറ്റ് ഡച്ചി ഓഫ് കോൺവാൾ എസ്റ്റേറ്റിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് പണം സ്വീകരിച്ചിരുന്നു. 21 കൗണ്ടികളിലായി 52,000 ഹെക്ടറിലധികം ഭൂമി ഉൾക്കൊള്ളുന്ന സ്വത്താണിത്. കൂടുതലും ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറ് മേഖലയിലാണ്. ഡച്ചി ഓഫ് കോൺവാൾ വെബ്സൈറ്റ് പ്രകാരം കന്നുകാലി ഫാമുകളും, വാസയോഗ്യവും കൃഷിയോഗ്യവും വാണിജ്യപരവുമായ സ്വത്തുക്കൾ, വനങ്ങൾ, നദികൾ, ക്വാറികൾ, തീരപ്രദേശങ്ങൾ എന്നിവയുൾപ്പെടുന്നു. ചാൾസ് രാജാവാകുമ്പോൾ വില്യം കോൺവാൾ ഡ്യൂക്ക് ആയിത്തീരുകയും ഡച്ചി ഓഫ് കോൺവാൾ എസ്റ്റേറ്റിന്റെ അവകാശിയാവുകയും ചെയ്യും. ഹാരിയും മേഗനും തങ്ങളുടെ പദവികൾ ഉപേക്ഷിക്കുന്നതിനുമുമ്പ്, വരുമാനത്തിന്റെ 95 ശതമാനവും ചാൾസിന്റെ സ്വകാര്യ എസ്റ്റേറ്റിൽ നിന്നായിരുന്നു ലഭിച്ചിരുന്നത്.
ചാൾസ് രാജാവാകുമ്പോൾ വില്യം കോൺവാൾ ഡ്യൂക്ക് ആയിത്തീരുകയും ഡച്ചി ഓഫ് കോൺവാൾ എസ്റ്റേറ്റിന്റെ അവകാശിയാവുകയും ചെയ്യും.
അമ്മ ഡയാന രാജകുമാരി തനിക്കായി നീക്കിവച്ച സമ്പാദ്യത്തിൽ നിന്നുമാണ് താനും മേഗനും ബ്രിട്ടൻ വിട്ട നാളുകളിൽ കഴിഞ്ഞിരുന്നതെന്ന് ഹാരി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനെ പൂർണമായും തള്ളികളയാൻ പാകത്തിലുള്ള കണക്കാണ് കൊട്ടാരം പുറത്ത് വിട്ടിരിക്കുന്നത്. കോൺവാൾ ലാഭത്തിൽ നിന്നുള്ള ചാൾസിന്റെ വരുമാനം കഴിഞ്ഞ വർഷം എട്ടു ശതമാനത്തോളം കുറഞ്ഞിരുന്നു. ഫ്രോഗ്‌മോർ കോട്ടേജ് നവീകരിക്കുന്നതിനായി 2.4 മില്യൺ പൗണ്ട് ഹാരി നൽകിയതായും കണക്കിൽ പറയുന്നുണ്ട്. ഹാരിയും മേഗനും കഴിഞ്ഞ വർഷം മെയ് വരെയുള്ള അഞ്ച് മാസത്തേയ്ക്ക് വാടക അടച്ചതായും പിന്നീട് 2.4 മില്യൺ പൗണ്ട് നവീകരണ ബിൽ അടച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Leave a Reply