ലണ്ടന്‍: ഗര്‍ഭിണികള്‍ ഐബുപ്രൂഫെന്‍ ഉപയോഗിക്കുന്നത് അവരുടെ പെണ്‍കുഞ്ഞുങ്ങളുടെ പ്രത്യുല്‍പാദന വ്യവസ്ഥയെ ബാധിക്കുമെന്ന് പഠനം. ഗര്‍ഭത്തിന്റെ ആദ്യത്തെ ആറു മാസങ്ങളില്‍ വേദനാസംഹാരികള്‍ ഉപയോഗിക്കുന്നത് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ദോഷകരമായിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളുടെ അണ്ഡാശയത്തിലുള്ള അണ്ഡങ്ങളുടെ എണ്ണം നേരെ പകുതിയായി കുറയാന്‍ ഈ മരുന്നുകള്‍ കാരണമാകുമത്രേ! അതായത് മുതിര്‍ന്നു കഴിയുമ്പോള്‍ ഇവര്‍ക്ക് കുട്ടികളുണ്ടാകാനുള്ള സാധ്യത നേര്‍ പകുതിയായി കുറയും. പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ അവരുടെ അണ്ഡാശയങ്ങളില്‍ വളര്‍ച്ചയെത്താത്ത വിധത്തില്‍ അണ്ഡങ്ങള്‍ രൂപപ്പെട്ടിരിക്കും.
പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് ഇവ പൂര്‍ണ്ണ വളര്‍ച്ച കൈവരിക്കുന്നതും ഓരോ ആര്‍ത്തവ ചക്രത്തിലും ഗര്‍ഭപാത്രത്തിലേക്ക് എത്തപ്പെടുന്നതും. ഗര്‍ഭകാലത്ത് ഐബ്രുപ്രൂഫന്‍ പോലെയുള്ള മരുന്നുകള്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളുടെ അടുത്ത തലമുറയെയാണ് ഇല്ലാതാക്കുന്നത്. അണ്ഡങ്ങളുടെ എണ്ണം നേര്‍പകുതിയാകുന്നതോടെ ഈ പെണ്‍കുട്ടികള്‍ വിവാഹപ്രായമെത്തി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടമെത്തുമ്പോള്‍ ആര്‍ത്തവ വിരാമം സംഭവിക്കാനും പിന്നീട് ഒരിക്കലും അമ്മമാരാകാതിരിക്കാനും സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.
ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് വേദനാ സംഹാരികള്‍ ഒരു തലമുറയെത്തന്നെ ഇല്ലാതാക്കുകയാണെന്ന ഞെട്ടിക്കുന്ന ഫലം ലഭിച്ചത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെ മാത്രം ഇവ ഗര്‍ഭകാലത്ത് ഉപയോഗിച്ചാല്‍ പോലും അവ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷകരമാകുമെന്നാണ് കണ്ടെത്തല്‍. അണ്ഡകോശങ്ങളുടെ വളര്‍ച്ച മുരടിക്കുകയോ നശിച്ചുപോകുകയോ ചെയ്യാം.ഐബുപ്രൂഫന്‍ ഗര്‍ഭസ്ഥ ശിശുക്കളിലെ അണ്ഡാശയ ഫോളിക്കിളുകള്‍ വികസിക്കുന്നതിനെ തടയുകയാണ് ചെയ്യുന്നത്.
Leave a Reply