ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : കോവിഡിന് ശേഷം കുതിച്ചുയർന്ന വീട് വിലകൾ കുറയുകയാണ്. കോവിഡ് പ്രതിസന്ധിയും പണപെരുപ്പവും റഷ്യ – യുക്രൈൻ യുദ്ധവുമാണ് വീട് വിപണിയിലെ ഈ ചാഞ്ചാട്ടത്തിന് കാരണം. 2019 മുതൽ യുകെയിലെ ചില പ്രദേശങ്ങളിൽ വീടുകളുടെ വില 20 ശതമാനം വരെ ഉയർന്നിട്ടുണ്ട്. റൈറ്റ്‌മൂവ് കണ്ടെത്തൽ പ്രകാരം ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻ, തെക്ക് പടിഞ്ഞാറൻ മേഖലകളിലാണ് ഏറ്റവുമധികം ഉയർച്ചയുണ്ടായത്. അതേസമയം, ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോൺസിബിലിറ്റിയുടെ ഏറ്റവും പുതിയ പ്രവചനങ്ങൾ പ്രകാരം 2024 മൂന്നാം പാദത്തോടെ വീട് വിലയിൽ ഒമ്പത് ശതമാനം ഇടിവ് ഉണ്ടായേക്കും എന്നാണ്. ഇതോടെ ആദ്യമായി വീടുവാങ്ങിയവർ പ്രതിസന്ധിയിലാകും.
2020ലും 2021ലും വീട് വാങ്ങിയവർക്കാണ് ഈ തിരിച്ചടി. അവർ വീട് വാങ്ങാൻ ചിലവഴിച്ച തുകയേക്കാൾ കുറവാണ് അടുത്ത വർഷത്തെ വില. നെഗറ്റീവ് ഇക്വിറ്റിയിൽ വീണതിനാൽ ആദ്യമായി വീട് വാങ്ങിയ 90,000 ഉടമകൾക്ക് അവരുടെ വീടുകൾ റീമോർട്ട്ഗേജ് ചെയ്യാനുള്ള സൗകര്യം നഷ്ടമാകും. തെക്ക് പടിഞ്ഞാറന്‍ മേഖലയിലായിരുന്നു വീടുവിലയിലെ ചാഞ്ചാട്ടം ഏറ്റവുമധികം. 2019-ല്‍ ഒരു വീടിന്റെ ശരാശരി വില 2,94,000 പൗണ്ട് ആയിരുന്നത് 20 ശതമാനം ഉയര്‍ന്ന് 3,53,852 പൗണ്ടായി. തെക്ക് കിഴക്കന്‍ മേഖലയിൽ ശരാശരി വില 4,03,980 പൗണ്ടായിരുന്നത് 18 ശതമാനം വര്‍ദ്ധിച്ച് 4,78,188 പൗണ്ടായിരുന്നു.
കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന ശരാശരി വീട് വില സെൻട്രൽ ലണ്ടനിലായിരുന്നു. വീട് വിലയിൽ 14 ശതമാനം വർദ്ധനവ് ഉണ്ടായി. 2024-ന്റെ മൂന്നാം പാദത്തോടെ ഒമ്പത് ശതമാനം ഇടിവ് ഉണ്ടാകുമ്പോൾ വീടിന്റെ ശരാശരി വില ഏകദേശം 268,450 പൗണ്ടിലേക്ക് താഴും. 2024 വേനൽക്കാലത്ത് വിലയിൽ 26,550 പൗണ്ട് കുറവുണ്ടാകുമെന്ന് ഒ ബി ആർ പറയുന്നു. നവംബറിലെ ശരാശരി വീടിന്റെ വില ഇതിനകം 1.4 ശതമാനം കുറഞ്ഞു – 2020 ജൂണിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്.
Leave a Reply