ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച മേഖലയാണ് വ്യോമയാന ഗതാഗതം, ഈ ഏപ്രിലിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിമാന യാത്രകളിൽ 95 ശതമാനം ഇടിവാണ് ഉണ്ടായത്. ചില വിമാന കമ്പനികൾ സർവീസ് മുഴുവൻ നിർത്തി വച്ചപ്പോൾ ചിലവ കാർഗോ സർവീസുകൾ മാത്രം നടത്തി പിടിച്ചുനിൽക്കാൻ ശ്രമിച്ചു. എന്നാൽ ഇപ്പോൾ പടിപടിയായി സർവീസുകൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ. ഈസി ജെറ്റ് ഈമാസം ഏതാനും സർവീസുകൾ നടത്തിയിരുന്നു, റയാൻഎയർ ജൂലൈയോടെ തങ്ങളുടെ 40% സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യാനുസരണം മറ്റു കമ്പനികളും പ്രവർത്തനം ആരംഭിക്കും.

യുകെയിൽ ജൂൺ 8 മുതൽ നിലനിൽക്കുന്ന ക്വാറന്റൈൻ നിയമമനുസരിച്ച് വിമാനത്തിൽ യാത്ര ചെയ്തെത്തിയവർക്ക് 14 ദിവസം ക്വാറന്റൈൻ നിർദേശിക്കുന്നു. എന്നാൽ താരതമ്യേന അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്ക് യാത്രാ ഇടനാഴികൾ, അഥവാ എയർ ബ്രിഡ്ജസ് രൂപീകരിക്കാനാണ് ഗവൺമെന്റിന്റെ തീരുമാനം. ഇൻഫെക്ഷൻ സാധ്യത കുറഞ്ഞ ഇടങ്ങളിൽ നിന്ന് വരുന്നവർക്ക്, ക്വാറന്റൈൻ ആവശ്യമില്ല. അതിനാൽ ഇത്തവണ വേനൽക്കാല വിനോദയാത്രകൾ മാറ്റിവെക്കാതെ ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് സഞ്ചാരികൾക്ക് യാത്ര ചെയ്യാനാവും എന്നാണ് കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊറോണ വൈറസ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ, വിമാനത്തിനുള്ളിൽ യാത്രക്കാർക്ക് എങ്ങനെയൊക്കെ രോഗം പകരുമെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. എങ്കിലും മറ്റ് ശ്വാസകോശ സംബന്ധിയായ രോഗങ്ങളെപ്പോലെതന്നെ വായുവിലൂടെ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗുരുതരമായ ഇൻഫെക്ഷൻ ഉള്ള വ്യക്തികളുടെ മുന്നിലും പിന്നിലുമായി രണ്ട് റോ സീറ്റുകൾ ഒഴിച്ചിടുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നൽകുന്ന വിവരം. അറ്റ്ലാന്റയിലെ ഇമോറി യൂണിവേഴ്സിറ്റിയിൽ 2018-ൽ നടന്ന പഠന പ്രകാരം വായുവിലൂടെ പകരുന്ന രോഗം ഉള്ളവർ വിമാനത്തിൽ സഞ്ചരിക്കുമ്പോൾ മുൻകരുതൽ എന്തൊക്കെ വേണം എന്ന നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. മുന്നിലും പിന്നിലുമായി ഓരോ സീറ്റ് വെച്ച് ഒഴിച്ചിടുന്നത് വായുവിലൂടെ അണുക്കൾ പടരുന്നത് കുറയ്ക്കാനാകുമെന്നും ആ പഠനത്തിൽ ഗവേഷകർ പറയുന്നു. എന്നാൽ ഇതേ ഗവേഷകർ മുൻപ് നടത്തിയ പഠനത്തിൽ സാഴ്സ് ഇൻഫ്ലുവൻസ പോലെയുള്ള രോഗങ്ങൾ തൊട്ടടുത്തുള്ളവർ അല്ലാത്തവർക്കും പകരും എന്ന് കണ്ടെത്തിയിട്ടുണ്ട്. എയർപോർട്ടിൽ രോഗികൾ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കുന്നതും, മുൻ യാത്രക്കാർ തൊട്ട പ്രതലങ്ങളിൽ സ്പർശിക്കുന്നതും ഉൾപ്പെടെ തുമ്മലിലൂടെ ചുമയിലൂടെയോ ഇൻഫെക്ഷൻ പരക്കുന്നതല്ലാത്ത രീതികളിലൂടെയും രോഗം പടരാൻ സാധ്യതയുണ്ട്. ക്യാബിൻ ക്രൂവിൽ ഉള്ളവർ രോഗികളോടും രോഗമില്ലാത്തവരോടും ഒരേസമയം സമ്പർക്കം പുലർത്തേണ്ടി വരുന്നതും ആശങ്കാജനകമാണ്. ഇത്തരത്തിൽ കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായേക്കാം. എന്നാൽ ഗുവാൻസൊവിൽ നിന്നും ടോറോണ്ടോയിലേക്ക് 350 യാത്രക്കാരുമായി 15 മണിക്കൂറോളം സഞ്ചരിച്ച ഒരു വിമാനത്തിൽ 2 കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നു, പക്ഷേ വിമാനത്തിൽ സഞ്ചരിച്ച മറ്റൊരാൾക്ക് പോലും രോഗം ബാധിച്ചില്ലെന്ന് കാനഡയിലെ ആരോഗ്യപ്രവർത്തകർ പറയുന്നു.

ഒരു അടഞ്ഞ സ്ഥലത്ത് മണിക്കൂറുകളോളം രോഗികളുമായി ചെലവഴിക്കുന്നത് രോഗം പകരാൻ കാരണമാകും എന്ന ഭയമാണ് യാത്രക്കാരിൽ ഏറെപ്പേർക്കും, എന്നാൽ ആധുനിക സജ്ജീകരണങ്ങളുള്ള വിമാനത്തിനകത്ത് രണ്ട് മൂന്ന് മിനിറ്റ് കൂടുമ്പോൾ വായു ശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്, അതായത് മണിക്കൂറിൽ ഇരുപതോ മുപ്പതോ തവണ വിമാനത്തിനകത്ത് വായു ശുദ്ധീകരിക്കപ്പെടുന്നുണ്ട്. ഹൈ എഫിഷ്യൻസി പാർട്ടികുലേറ്റ് ഫിൽറ്ററുകളിലൂടെ കടന്നുവരുന്ന വായു ഊഷ്മാവും ഹ്യുമിഡിറ്റി യും നിയന്ത്രിക്കപെട്ട ആശുപത്രികളിലെതുപോലെയാണ്. 10 നാനോ മീറ്ററോളം വലിപ്പമുള്ള വസ്തുക്കളെ ഇവ ഫിൽറ്റർ ചെയ്തു മാറ്റുമെന്നിരിക്കെ കോവിഡ് 19 വൈറസിന്റെ വലുപ്പം 125 നാനോമീറ്റർ ആണ്. ഇത്തരത്തിലുള്ള വായു ശുദ്ധീകരണ സംവിധാനം വായുവിലൂടെ രോഗം പകരുന്നത് പൂർണമായി തടയുന്നു.

എന്നാൽ രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അന്തരീക്ഷത്തിൽ എത്തിയ അണുക്കൾ ശുദ്ധീകരിക്കപ്പെടുന്ന തിനുമുന്പ് മറ്റൊരാൾ ശ്വസിച്ചാൽ അപകടമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അതേസമയം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായയും മൂക്കും മറക്കുന്നതും ക്യാബിൻ വൃത്തിയാക്കുന്നതും തുടങ്ങി ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചാൽ കോവിഡ് മുക്ത വിമാനയാത്രകൾ സാധ്യമാകും.