കേന്ദ്ര ബജറ്റ് പ്രവാസികളെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് പലർക്കും ആശങ്കയുണ്ട്. പ്രധാനമായും നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി നൽകേണ്ടിവരുമോ എന്നതിനെക്കുറിച്ചാണ് ആശങ്ക. പ്രവാസികൾക്ക് നികുതി ഏർപ്പെടുത്തുമെന്ന് ബജറ്റ് 2020 അവതരിപ്പിക്കുന്ന വേളയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. ഗൾഫ് നാടുകളിൽ ആദായ നികുതി ഇല്ലാത്തതുകൊണ്ട് അവിടെ പണിയെടുക്കുന്നവർ ഇന്ത്യയിൽ നികുതി അടയ്‌ക്കേണ്ടിവരുമെന്ന ധാരണ ഉടനെ പടർന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. ഇതേത്തുടർന്ന് പ്രവാസികളിലേറെയും നാട്ടിലേക്ക് പണമയക്കുന്നത് തൽക്കാലത്തേക്ക് നിർത്തി വെച്ചിട്ടുണ്ട്. കാര്യങ്ങളിലൊരു വ്യക്തത വന്ന ശേഷം പണമയച്ചാൽ മതിയെന്ന് വിചാരിക്കുന്നവരുടെ എണ്ണം ഏറെയാണെന്ന് ബാങ്കുകളിലേക്ക് വരുന്ന ഇതു സംബന്ധിച്ച് അന്വേഷണങ്ങൾ പരിശോധിച്ചാലറിയാനാകും. ബാങ്കുകളിലേക്ക് വിദേശത്തു നിന്നയയ്ക്കുന്ന ഫണ്ടു വരവിൽ ഒരാഴ്ചക്കുള്ളിൽ കുറവു വന്നിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച അവ്യക്തത നീക്കേണ്ടത് ഇക്കാരണത്താൽ അത്യാവശ്യമാണ്.
ബജറ്റിന്റെ അടുത്തദിവസം സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടറേറ്റ് ടാക്സസ് ഒരു വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. അതനുസരിച്ച് 6 (1 എ) വകുപ്പ് പ്രകാരം ഒരാൾ വിദേശത്തു താമസക്കാരനാണെങ്കിൽ, ഇന്ത്യയിലെ ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ ലഭിക്കുന്നതല്ലാതെ വിദേശ വരുമാനത്തിന് ഒരു നികുതിയും ഈടാക്കില്ല. അത്തരം വ്യക്തികളുടെ കാര്യത്തിൽ, അവരുടെ ഇന്ത്യൻ വരുമാനത്തിന് മാത്രമേ നികുതി ഉണ്ടാകൂ.
പലരും വിദേശ വരുമാനത്തിന് നികുതി ഈടാക്കുന്നില്ല എന്ന വ്യവസ്ഥ കാലങ്ങളായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഉദാഹരണത്തിന് നാട്ടിലെ വസ്തു ഒരു പ്രവാസി മറ്റൊരു പ്രവാസിക്ക് വിൽക്കുന്നു. മൂലധനലാഭ നികുതിയും സ്റ്റാമ്പ് ഡ്യൂട്ടിയും വളരെ കുറച്ചു മാത്രം വരത്തക്കരീതിയിൽ ഉള്ള ഒരു തുക നാട്ടിൽ വച്ചു കൈമാറിയിട്ട് വിൽപന തുകയുടെ സിംഹഭാഗവും വിദേശത്തുവച്ചു കൈമാറുന്നു. വിദേശത്തു ലഭിച്ച പണം നാട്ടിലേക്ക് വിദേശ വരുമാനമെന്ന രീതിയിൽ അയക്കുന്നു. ഇത് സംസ്ഥാന സർക്കാരിന് സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ നഷ്ടവും കേന്ദ്ര സർക്കാരിന് ആദായനികുതി ഇനത്തിൽ നഷ്ടവും ഉണ്ടാക്കുന്നു.
ഇതുമാത്രമല്ല, മറ്റുപല രീതികളിലും ഇന്ത്യക്കകത്തുനിന്നു സമ്പാദിക്കുന്ന വരുമാനത്തിനെ വിദേശത്ത് എത്തിച്ചിട്ട് അവിടെനിന്നുള്ള വരുമാനമാക്കി കാണിച്ചു നാട്ടിൽ തിരികെ കൊണ്ടുവന്നു നികുതി ഒഴിവാക്കാറുണ്ട്. ഇതിനായി പല സമ്പന്നരും വരുമാനത്തിന്റെ സ്രോതസ്സ് ഇന്ത്യയിലാണെങ്കിലും ആദായനികുതി നിയമത്തിൽ പ്രവാസിയായി കണക്കാക്കാൻ വേണ്ടി വർഷത്തിൽ പലപ്പോഴായി ആറുമാസത്തോളം വിദേശത്തു തങ്ങും. കഴിഞ്ഞ അഞ്ചാറുവർഷം നിരവധി പ്രവാസികളുടെ ടാക്‌സ് അസ്സെസ്സ്മെന്റ് പുനഃപരിശോധിച്ചതിൽ നിന്നാണ് ഇത്തരം നികുതി വെട്ടിപ്പ് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടത്.
ആദായനികുതി നിയമത്തിൽ വന്ന മാറ്റം പ്രകാരം ഇനിമേൽ പ്രവാസിയായി കണക്കാക്കണമെങ്കിൽ 240 ദിവസത്തിൽ കൂടുതൽ വിദേശത്തു തങ്ങേണ്ടിവരും. ഇത് പക്ഷെ മർച്ചന്റ് നേവിയിലും പെട്രോളിയം കമ്പനികളുടെ റിഗ്ഗുകളിൽ ജോലി ചെയ്യുന്ന ആളുകളെ സാരമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. പലപ്പോഴും അവർക്ക് ആറുമാസത്തോളം മാത്രമേ വിദേശത്തു പണി കാണുകയുള്ളൂ. അവർ ഇത് സർക്കാരിന്റെ ശ്രദ്ധയിൽ എത്രയും പെട്ടന്ന് കൊണ്ടുവരണം. അല്ലെങ്കിൽ എട്ടുമാസത്തോളം എങ്ങിനെയും വിദേശത്തു തങ്ങണം. അതുപോലെ വിദേശത്തുള്ള വ്യാപാരികൾ നാട്ടിൽ ഇടയ്ക്കിടെ വന്നുപോകുന്നതും ഇനി പറ്റില്ല.
പുതിയ നിയമം സംബന്ധിച്ച് പല കാര്യങ്ങളിലും വ്യക്തത വരാനുണ്ട്. പ്രവാസികൾ വരുമാനത്തിന്റെ സ്രോതസ്സ് കാണിക്കാൻ ഇന്ത്യയിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യണമോ എന്നും അതിൽ വിദേശത്തുള്ള സ്വത്തുവിവരം നൽകണമെന്നോ ഉള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. വിശദീകരണകുറിപ്പിൽ വിദേശ രാജ്യങ്ങളിലെ വിശ്വസ്തരായ തൊഴിലാളികളെ ഉദ്ദേശിച്ചുള്ളതല്ല പുതിയ നിയമമെന്നേ പറഞ്ഞിട്ടുളളൂ. അതിൽ പ്രവാസികളായ വ്യാപാരികളും, വ്യവസായികളും, നിക്ഷേപകരും ഉൾപെടുമോ എന്നും വ്യക്തമാക്കാനുണ്ട്.
	
		

      
      



              
              
              




            
Leave a Reply