ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളികളുടെ ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഒരു ചേരുവയാണ് കറിവേപ്പില. ഈ കറിവേപ്പില തന്നെയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറികളിൽ ഒന്നാണെന്ന് നമ്മളിൽ എത്രപേർക്കറിയാം. കാരണം യുകെ പോലുള്ള രാജ്യങ്ങളിൽ 5 ഗ്രാമിൽ താഴെയുള്ള കറിവേപ്പില പായ്ക്കറ്റിന് 100 രൂപയിൽ കൂടുതൽ കൊടുക്കണം.

കറിവേപ്പിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് മലയാളിക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. പക്ഷേ കേരളത്തിൽ തന്നെ വിഷാംശമില്ലാത്ത കറിവേപ്പില കിട്ടാൻ പ്രയാസമാണ്. അപ്പോൾ പിന്നെ പ്രവാസികളുടെ കാര്യം പറയാനുണ്ടോ? പ്രവാസികൾ കുടിയേറിയിരിക്കുന്ന യുകെ ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും കറിവേപ്പ് കിട്ടാക്കനിയാണ്. ഇനി ഏതുവിധേനയും കറിവേപ്പ് നട്ടുവളർത്താം എന്ന് വിചാരിച്ചാൽ തന്നെ നേരിടുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം നല്ല കറിവേപ്പിൻ തൈ കിട്ടാനില്ല എന്നത് തന്നെ.

പലരും തൈകൾ കേരളത്തിൽ നിന്ന് കൊണ്ടുവരികയാണ്. മണ്ണും, വെള്ളവും ഇല്ലാതെ ലഗേജിനൊപ്പം കൊണ്ടുവരുന്ന കറിവേപ്പിൻ തൈകൾ നടാൻ എടുക്കുമ്പോൾ വാടി ഉപയോഗശൂന്യമാകുമെന്നതാണ് പല പ്രവാസി മലയാളികളുടെയും അനുഭവസാക്ഷ്യം. നടാൻ പാകത്തിൽ നല്ല കറിവേപ്പിൻ തൈകൾ എങ്ങനെ കേരളത്തിൽ നിന്ന് കൊണ്ടുവരാം. ഇതിന് ഒരു പരിഹാരമാർഗം കിട്ടിയാൽ ലോകത്തെവിടെയും നമ്മുടെ കേരളത്തിലെ പോലെ തന്നെ ഒരു കുടുംബത്തിനുവേണ്ട കറിവേപ്പ് നട്ടുവളർത്താം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പല പ്രവാസി മലയാളികളും പരീക്ഷിച്ച് വിജയിച്ച ഈ മാർഗ്ഗം നമ്മൾക്കും ഒന്ന് പരീക്ഷിച്ചു നോക്കാം. കൊണ്ടുപോകാനുള്ള തൈകളുടെ എണ്ണത്തിനനുസരിച്ച് 2 ലിറ്റർ ശീതളപാനീയ കുപ്പികൾ ശേഖരിക്കുക. ഇതിന് ഏകദേശം മധ്യത്തിലായി നടുവെ മുറിക്കുക എന്നുള്ളതാണ് അടുത്തഘട്ടം. ഇനി കറിവേപ്പിൻ തൈകൾ പ്ലാസ്റ്റിക് കവർ മാറ്റി ശ്രദ്ധാപൂർവ്വം മുറിച്ചുമാറ്റിയ കുപ്പിയിലേയ്ക്ക് മണ്ണിനൊപ്പം ഇറക്കിവയ്ക്കുക. ഇതിനു ശേഷം കുപ്പിയുടെ അടുത്ത പകുതി കൊണ്ട് അടച്ച് ടേപ്പ് വച്ച് ഒട്ടിച്ച് ലഗേജുകളുടെ ഒപ്പം പായ്ക്ക് ചെയ്യാം. ഒരു ക്ഷതവും ഏൽക്കാതെ എത്ര ദൂരം വേണമെങ്കിലും കറിവേപ്പിൻ തൈകൾ കൊണ്ടുപോകാം എന്നുള്ളതാണ് ഇതിന്റെ പ്രയോജനം. കൊറോണയുടെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ് അടുത്ത പ്രാവശ്യം നാട്ടിൽ പോയി വരുമ്പോൾ നമ്മൾക്കും കൊണ്ടുവരാം ആരോഗ്യമുള്ള കറിവേപ്പിൻ തൈകൾ. ഇനിയും നമ്മൾക്കും നട്ടുവളർത്താം നാടെവിടാണെങ്കിലും കറികളിൽ സുലഭമായി ചേർക്കാൻ കറിവേപ്പ്.