ഡെയ്ഡ്രീ ചുഴലിക്കാറ്റ് യുകെയില്‍ മൈനസ് താപനില കൊണ്ടു വരുന്നു. താപനില പൂജ്യത്തിനു താഴേക്ക് നീങ്ങുകയും കനത്ത മഴയും ഇതിന്റെ ഭാഗമായി ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. വിന്റര്‍ അതിന്റെ രൗദ്രഭാവത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ഈയവസരങ്ങളിലാണ് റോഡ് സുരക്ഷയെക്കുറിച്ച് നാം കൂടുതല്‍ ചിന്തിക്കേണ്ടത്. അപകടങ്ങളും ബ്രേക്ക്ഡൗണുകളും ഒഴിവാക്കാനും വാഹനങ്ങളുടെ പരിപാലനത്തില്‍ ചില മുന്നറിയിപ്പുകള്‍ എടുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. റേഡിയേറ്ററുകള്‍ ഫ്രീസാകാനും ബ്ലാക്ക് ഐസ് മൂലം വാഹനങ്ങള്‍ സ്‌കിഡ് ചെയ്യാനും സൂര്യപ്രകാശം ഡ്രൈവര്‍മാരുടെ കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്. വിന്ററില്‍ ഡ്രൈവര്‍മാര്‍ക്ക് പിന്തുടരാന്‍ ഇതാ ചില ടിപ്പുകള്‍.
മഞ്ഞില്‍ ഡ്രൈവ് ചെയ്യുമ്പോള്‍
ഡ്രൈവ് ചെയ്യുമ്പോള്‍ ഉണങ്ങിയതും യോജിക്കുന്നതുമായ ഷൂസ് ധരിക്കുക. നനഞ്ഞതും കാലിനിണങ്ങാത്തതുമായ ഷൂസ് പെഡലുകളില്‍ തെന്നാന്‍ സാധ്യതയുണ്ട്. സെക്കന്‍ഡ് ഗിയറില്‍ വാഹനം ഓടിക്കുക. വീല്‍ സ്പിന്‍ ഒഴിവാക്കാന്‍ ക്ലച്ച് സാവധാനം റിലീസ് ചെയ്യുക. കയറ്റം കയറുമ്പോള്‍ ഇടക്കു നിര്‍ത്തരുത്. തൊട്ടു മുന്നിലുള്ള കാറില്‍ നിന്ന് ആവശ്യമായ അകലം പാലിക്കുക. ഒരേ സ്പീഡില്‍ വാഹനമോടിക്കുക. അതിനായി ഒരു ഗിയറില്‍ മാത്രം ഓടിക്കുക. കയറ്റത്തില്‍ ഗിയര്‍ മാറാനുള്ള സാഹചര്യം ഒഴിവാക്കുക. ഇറക്കമിറങ്ങുമ്പോള്‍ വേഗത കുറയ്ക്കുക. ലോ ഗിയറില്‍ ബ്രേക്ക് ഉപയോഗിക്കാതെ വേണം ഡ്രൈവ് ചെയ്യാന്‍. മുന്നിലുള്ള വാഹനത്തില്‍ നിന്ന് അകലം പാലിക്കുകയും വേണം. ബ്രേക്ക് ചെയ്യേണ്ടി വരികയാണെങ്കില്‍ സാവധാനം മാത്രം ഉപയോഗിക്കുക.
മഞ്ഞില്‍ കുടുങ്ങിയാല്‍ സ്റ്റിയറിംഗ് നേരെയാക്കി വീലില്‍ മഞ്ഞുകുടുങ്ങാതെ നോക്കുക. ഡ്രൈവിംഗ് വീലില്‍ ഗ്രിപ്പ് കൂടുതല്‍ കിട്ടുന്നതിന് ഒരു ചാക്കോ പഴയ തുണിയോ ചുറ്റുക. നീങ്ങിത്തുടങ്ങിയാല്‍ ഉറപ്പുള്ള റോഡ് കിട്ടുന്നതുവരെ നിര്‍ത്തരുത്. വാഹനം സ്പീഡി കുറച്ചു മാത്രം ഓടിക്കുക. ബ്ലാക്ക് ഐസ് വളരെ അപകടകാരിയാണ്. അതിനാല്‍ മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം. 4 ഡിഗ്രിയില്‍ പോലും റോഡില്‍ ഐസ് രൂപംകൊള്ളാം. അതുകൊണ്ടുതന്നെ മഞ്ഞോ മഴയോ ഇല്ലെങ്കില്‍ പോലും ബ്ലാക്ക് ഐസ് ഉണ്ടായേക്കാം. ബ്ലാക്ക് ഐസില്‍ സ്‌കിഡ് ആയാല്‍ തെന്നിയ അതേ ദിശയിലേക്ക് തന്നെ പോകുക. ബ്രേക്ക് ചെയ്യാനോ ആക്‌സിലറേറ്റ് ചെയ്യാനോ ശ്രമിക്കരുത്. ബ്രേക്ക് ചെയ്യുന്നതിനു പകരം ഗിയര്‍ മാറ്റിയാല്‍ മതിയാകും.
കാര്‍ തയ്യാറാക്കിയെടുക്കാന്‍ ഒരു 10 മിനിറ്റ് മുമ്പ് ഇറങ്ങുക. വിന്‍ഡ്‌സ്‌ക്രീന്‍ പൂര്‍ണ്ണമായും വൃത്തിയാക്കിയിരിക്കണം. വിന്‍ഡോകളും ഡീഐസറോ സ്‌ക്രാപ്പറോ ഉപയോഗിച്ച് വൃത്തിയാക്കണം. ലോക്ക് ഫ്രീസായാല്‍ ഒരു സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് താക്കോല്‍ ചൂടാക്കി ഉപയോഗിക്കാം. മഞ്ഞ് മാറ്റി ഗതാഗതയോഗ്യമായ റോഡുകള്‍ മാത്രം തെരഞ്ഞെടുക്കുക. സുരക്ഷയ്ക്ക് മുന്‍ഗണന കൊടുക്കുക. യാത്രകള്‍ക്ക് കൂടുതല്‍ സമയം നല്‍കുക. നിങ്ങളുടെ വാഹനമോ മറ്റു വാഹനങ്ങളോ അപകടത്തില്‍ പെട്ടാല്‍ റോഡില്‍ മണിക്കൂറുകളോളം പെട്ടുപോകാന്‍ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ടോര്‍ച്ച്, സ്‌നോ ഷവല്‍, ഗ്ലൗസുകള്‍, തണുപ്പില്‍ നിന്ന് രക്ഷിക്കുന്ന വസ്ത്രങ്ങള്‍, വെള്ളം, സ്‌നാക്‌സ്, ടോര്‍ച്ചിനും മൊബൈലിനും എക്‌സ്ട്രാ ബാറ്ററി തുടങ്ങിയവ കാറില്‍ കരുതുന്നതും നല്ലതാണ്. കുറഞ്ഞത് മൂന്ന് മില്ലീമീറ്റര്‍ ട്രെഡ് എങ്കിലും ടയറുകള്‍ക്ക് അത്യാവശ്യമാണ്. കൂടുതല്‍ ഗ്രിപ്പിനായി എയര്‍ പ്രഷര്‍ കുറയ്ക്കരുത്. ഇത് വാഹനത്തിന്റെ സ്റ്റെബിലിറ്റി കുറയ്ക്കും. വിന്ററിന് യോജിച്ച ടയറുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
Leave a Reply