ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വാഷിങ്ടൺ : ലോകത്തിന്റെ പലഭാഗങ്ങളിലും വൈറസ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ജൂൺ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 2821 പേരെയാണ് മങ്കിപോക്സ് ബാധിച്ചിരിക്കുന്നത്. അതേസമയം, മങ്കിപോക്സ് ബാധിതർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമോ? എന്ന വിഷയത്തിൽ സിഡിസി (US Centers for Disease Control and Prevention) പുതിയ മാർഗ്ഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. മങ്കിപോക്സ് ബാധിതർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുതെന്ന് മാർഗനിർദേശത്തിൽ പറയുന്നു. എന്നാൽ, സെക്സ് ഒഴിവാക്കാൻ പറ്റാത്തവർ സ്വീകരിക്കേണ്ട മുൻകരുതലുകളും സിഡിസി പങ്കുവെക്കുന്നു.
വൈറസ് പടരാതിരിക്കാൻ പങ്കാളിയിൽ നിന്ന് 6 അടി മാറി സ്വയംഭോഗം ചെയ്യുന്നത് പോലുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ചുംബനങ്ങൾ ഒഴിവാക്കുക, ചുണങ്ങോ വ്രണങ്ങളോ ഉള്ള ശരീര ഭാഗങ്ങൾ കെട്ടി വയ്ക്കുക, ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾ മാറ്റരുത്, ലൈംഗിക ബന്ധത്തിന് ശേഷം കൈ കഴുകുക, സെക്സ് ടോയ്‌സ് വൃത്തിയാക്കുക തുടങ്ങിയ നിർദേശങ്ങളും സിഡിസി നൽകിയിട്ടുണ്ട്. കോവിഡ് വ്യാപന സമയത്തും ഇതുപോലുള്ള മാർഗനിർദേശങ്ങൾ സിഡിസി പുറത്തിറക്കിയിരുന്നു.
രോഗം പൂർണമായി ഭേദമാകാൻ നാലാഴ്ച സമയമെടുക്കും. രോഗബാധിതർ സെൽഫ് ഐസൊലേഷനിൽ കഴിയണമെന്നാണ് നിർദേശം. അമേരിക്കയിൽ ഇതുവരെ 85 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ, ലൈബീരിയ തുടങ്ങിയ എട്ടോളം ആഫ്രിക്കൻ രാജ്യങ്ങളിലും രോഗം പടരുന്നുണ്ട്. രോഗം പടരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ 72 മരണമാണ് ജൂൺ എട്ടുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Leave a Reply