ലോകത്ത് ഏറ്റവും കൂടുതല്‍ കുടുംബകലഹങ്ങളുണ്ടാകുന്ന നാട് ഒരുപക്ഷേ അമേരിക്കയായിരിക്കും. ഇതില്‍ മാനസികമായി മാത്രമല്ല, ശാരീരികമായും പരിക്കേല്‍ക്കുന്നത് മഹാഭൂരിപക്ഷവും സ്ത്രീകള്‍ക്കാണ്. കണക്കുകള്‍ അനുസരിച്ച് അമേരിക്കയില്‍ ശരാശരി 40 ലക്ഷം സ്ത്രീകള്‍ക്കാണ് വര്‍ഷത്തില്‍ വീട്ടിലെ പുരുഷന്മാരില്‍നിന്നും പരിക്കേല്‍ക്കുന്നത്. പതിനഞ്ചു വയസ്സിനും നാല്‍പ്പത്തിനാല് വയസ്സിനും മധ്യേയുള്ളവരാണ് ഇതിന്‍റെ ഇരകള്‍.
സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യവും പദവിയും എന്നൊക്കെയാണ് പറച്ചിലെങ്കിലും സ്ത്രീക്ക് എന്നും രണ്ടാംകിട സ്ഥാനമേ ലഭിക്കാറുളളൂ എന്നത് ഖേദകരമായ യാഥാര്‍ത്ഥ്യം. നമ്മുടെ ഈ കൊച്ചു കേരളത്തിലും സ്ത്രീകളുടെ സ്ഥിതി ഇതൊക്കെതന്നെയാണല്ലോ.
പുരുഷനുമായുള്ള സ്ത്രീയുടെ ഇടപഴകല്‍ എല്ലാ അര്‍ത്ഥത്തിലും അവളുടെ ആയുസ്സുകുറയ്ക്കുമെന്നാണ് ഇപ്പോള്‍ അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. സ്ത്രീകളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ പുരുഷന്മാരെ ആകാവുന്നതും അകറ്റി നിര്‍ത്തണമെന്ന് പഠനഫലങ്ങള്‍ ഉപദേശിക്കുന്നു. പകരം സ്ത്രീകള്‍ തമ്മിലുള്ള ഗാഢസൗഹൃദം ദീര്‍ഘായുസുവര്‍ദ്ധിപ്പിക്കുക മാത്രമല്ല സുന്ദരികളുമാക്കുമത്രെ!
കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ നരവംശ- സാമൂഹിക- ശാസ്ത്ര സംഘമാണ് സ്ത്രീകള്‍ക്ക് സ്ത്രീകള്‍തന്നെ കൂട്ടായാല്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്ന കണ്ടെത്താലുമായി രംഗത്തെത്തിയിരിക്കുന്നത്. പതിനാറു പേരടങ്ങുന്ന ഗവേഷകസംഘത്തില്‍ പതിമൂന്നു പേരും പുരുഷന്മാരായിരുന്നുവെന്നതും ഓര്‍ക്കണം. എന്തായാലും പഠനഫലങ്ങള്‍ പുരുഷന്മാര്‍ക്ക് അത്ര പിടിച്ചിട്ടില്ലെന്നാണ് ഉടന്‍ വന്ന പ്രതികരണങ്ങളില്‍നിന്ന്‍ വ്യക്തമാകുന്നത്.
സ്നേഹിതകള്‍ തമ്മിലുള്ള അടുപ്പം മാനസികസമ്മര്‍ദ്ദം കുറയ്ക്കുമെന്നതാണ് ആയുസ്സുവര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ പരസ്പരം സൗഹൃദം ദൃഢമാക്കുമ്പോള്‍ മനസ്സില്‍ താരതമ്യേന ശാന്തത വര്‍ദ്ധിക്കുമെന്ന് ശാസ്ത്ര സംഘത്തിലുണ്ടായിരുന്ന ഡോ. പീറ്റര്‍ സണ്‍മെര്‍ക്ക് ചൂണ്ടിക്കാട്ടുന്നു. ഇത് രക്തസമ്മര്‍ദ്ദത്തേയും മറ്റ് പാര്‍ശ്വ ദുര്‍ഫലങ്ങളേയും ഒഴിവാക്കും. സ്ത്രീകള്‍ തമ്മിലുള്ള ദൃഢസൗഹൃദം ഇവരില്‍ ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായകരമാണ്.
ഇത് മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതാണ്. കൂടുതല്‍ ശാന്തമായ മാനസികാവസ്ഥ കൈവരിക്കാന്‍ ഇതുമൂലം കഴിയുന്നു.ഓക്സിറ്റോസിന്‍ ഉല്പാദനത്തിന്‍റെ വര്‍ദ്ധനവ് അനുസരിച്ച് കൂടുതല്‍ സ്നേഹിതകളുമായി കൂട്ടുകൂടാനുള്ള ഒരു ത്വരയുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് ചിലപ്പോള്‍ ലെസ്ബിയനിസത്തിലേക്ക് (സ്വവര്‍ഗരതി പ്രേമത്തിലേക്ക്) നയിച്ചേക്കാനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല. സ്വന്തം ലിംഗത്തിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇത്തരക്കാര്‍ക്ക് താല്‍പര്യം കൂടുമെന്നാണ് നിരീക്ഷണങ്ങളില്‍നിന്നും ശാസ്ത്രസംഘത്തിന് മനസ്സിലായത്.
എന്നാല്‍ ഈ പഠനറിപ്പോര്‍ട്ടിലൂടെ സ്ത്രീകളെ വഴിതെറ്റിക്കാനാണ് ഗവേഷകര്‍ ശ്രമിക്കുന്നതെന്ന വാദവുമായി അമേരിക്കയില്‍ പുരുഷകേസരികള്‍ ഇളകിക്കഴിഞ്ഞു. പുരുഷന്‍ സ്ത്രീക്ക് താങ്ങും തണലുമായി നില്‍ക്കണമെന്നും അതുവഴി വംശവര്‍ധനയും നിലനില്പും ഉണ്ടാവണമെന്നും പഠിപ്പിക്കുന്ന മതമേലാളരും യാഥാസ്ഥിതിക ചിന്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പക്ഷേ എതിരഭിപ്രായവും പ്രതിക്ഷേധവുമായി എത്തുന്നവരോട് തല്ക്കാലം ഒന്നും മിണ്ടേണ്ടതില്ല എന്താണ് ഗവേഷണസംഘത്തിന്‍റെ തീരുമാനം. കാരണം ഇവര്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളില്‍ മുഴുകിയിരിക്കയാണ്. ഇനിയും പുറത്തുവരാനിരിക്കുന്ന ഫലങ്ങള്‍ പുരുഷന്മാര്‍ക്ക് ഇതിനേക്കാള്‍ കനത്ത പ്രഹരമായിരിക്കുമെന്നും സുചനയുണ്ട്.
ലോകം ആരംഭം മുതലേ പുരുഷന്‍റെ കൈപ്പിടിക്കുള്ളിലാണെന്നാണ് ഭാവം. അത് അമേരിക്കയിലായാലും ഏഷ്യയിലായാലും വലിയ പുരോഗമനം പ്രസംഗിക്കുന്നവര്‍ക്കിടയിലായാലും ഒരുപോലെതന്നെ. ലോകത്തെവിടെയും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് പുരുഷനാലാണ്. സ്ത്രീയുടെ ഭൂരിഭാഗം ദുരന്തങ്ങള്‍ക്കു പിന്നിലും പുരുഷന്‍റെ പങ്കുണ്ട്. ശാസ്ത്രസംഘത്തിന്‍റെ പുതിയ കണ്ടെത്തലില്‍ അതിശയോക്തിയൊന്നുമില്ലെന്നും ലോകാരംഭം മുതല്‍ ഈ പ്രശ്നങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നതാണെന്നും കാണാന്‍ കഴിഞ്ഞാല്‍ പ്രശ്നങ്ങള്‍ക്ക് ഇടമില്ലെന്നാണ് സ്വതന്ത്ര ചിന്തകള്‍ പറയുന്നത്.
ഗവേഷണസംഘത്തില്‍ ഭൂരിപക്ഷവും പുരുഷന്മാരായിരുന്നിട്ടും, ഗവേഷണത്തിലെ സത്യസന്ധമായ വിവരങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനുള്ള ആര്‍ജ്ജവം കാണിച്ചതില്‍ സ്ത്രീ സംഘടനകള്‍ പുരുഷസംഘാംഗങ്ങളെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ്.
Leave a Reply