ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയും ഇന്ത്യയും ഉൾപ്പെടെ ഒട്ടുമിക്ക ലോകരാജ്യങ്ങളും കൊറോണ വൈറസ് വ്യാപനം തടയാനായി ലോക് ഡൗണിലാണ്. അത്യാവശ്യ സാഹചര്യത്തിലൊഴിച്ച് യാത്ര ചെയ്യാൻ പാടില്ല. സ്വഭാവികമായും വാഹനങ്ങൾ ദിവസങ്ങളോളം ഉപയോഗിക്കേണ്ട ആവശ്യമില്ല. വളരെനാൾ ഉപയോഗിക്കാതിരിക്കുന്നത് നമ്മുടെ വാഹനങ്ങളുടെ ഉപയോഗക്ഷമതയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.
വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുമ്പോൾ ബാറ്ററിയുടെ ചാർജ് കുറയാൻ സാധ്യതയുണ്ട്. ആഴ്ചയിൽ ഒന്നു രണ്ട് പ്രാവശ്യമെങ്കിലും നമ്മുടെ വാഹനങ്ങൾ 10 മിനിറ്റ് എങ്കിലും സ്റ്റാർട്ട് ചെയ്തിടുക എന്നുള്ളതാണ് ഇതിനുള്ള പോംവഴി. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ എയർകണ്ടീഷൻ അടക്കമുള്ള എല്ലാ സംവിധാനങ്ങളും പ്രവർത്തിപ്പിക്കണം. വാഹനം ചെറുതായി മുന്നോട്ടും പുറകോട്ടും ഓടിക്കുന്നത് ടയറുകളുടെ ഫ്ലാറ്റ് സ്പോട്ട് ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിക്കും.
കുറേ ദിവസങ്ങളിലേക്ക് വാഹനം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ സുരക്ഷിതമായി പാർക്കു ചെയ്യുന്നത് പ്രധാനമാണ്. ഒരിക്കലും ചെരിവുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. മേൽക്കൂരയുള്ള പാർക്കിങ് സ്പേസ് ഉണ്ടെങ്കിൽ അതാണ് ഉചിതം. ഫ്ളാറ്റുകളിലും മറ്റും അത് ലഭ്യമല്ലെങ്കിൽ ഉചിതമായ കവർ ഉപയോഗിക്കുന്നത് നല്ലൊരു മാർഗമാണ്. ഉപയോഗിക്കുന്നില്ലെങ്കിലും ചെളിയും അഴുക്കും പക്ഷി കാഷ്ടവും വീണ് കാറിന്റെ പെയിന്റിന് നാശനഷ്ട മുണ്ടാകാതിരിക്കാൻ പതിവായി കഴുകുന്നത് മുടക്കരുത്.
ദീർഘനാളിൽ പാർക്ക് ചെയ്യേണ്ടിവരുമ്പോൾ ഹാൻഡ് ബ്രേക്ക് ഇടുന്നതിനേക്കാൾ ഉചിതമാണ് വാഹനം ഗിയറിയിൽ ആക്കി പാർക്ക് ചെയ്യുന്നത്. ലോക് ഡൗൺ എല്ലാവർക്കും പലവിധ ബുദ്ധിമുട്ടുകളാണ് സമ്മാനിക്കുന്നത്. സാമ്പത്തികമായ ബാധ്യത അതിലൊന്നു മാത്രം. വാഹന ഉപയോക്താക്കൾ അല്പം ശ്രദ്ധ ചെലുത്തിയാൽ ലോക് ഡൗൺ പീരിയഡ് കഴിയുമ്പോൾ വാഹനങ്ങൾ കേടായതിന്റെ പേരിൽ മുടക്കേണ്ട പണം ലാഭിക്കാം. ലോക് ഡൗൺ പീരിയഡിൽ ഉപയോഗിക്കാതിരിക്കുന്നതു മൂലം മൂന്നുകോടി വാഹനങ്ങൾ നിഷ്ക്രിയമാകുമെന്നാണ് ഏകദേശ കണക്ക്. നമ്മുടെ വാഹനം അതിൽ ഒന്നാകാതിരിക്കട്ടെ.
Leave a Reply