ന്യൂസ് ഡെസ്ക് , മലയാളം യുകെ
ആമസോണിൽ നിന്നും മറ്റ് ഓൺലൈൻ സൈറ്റുകളിൽനിന്നും ലഭ്യമാകുന്ന കിറ്റുകൾ ഉപയോഗിച്ച് ബ്രിട്ടണിലെ ജനങ്ങൾക്ക് ആന്റിബോഡി ടെസ്റ്റുകൾ നടത്താമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ ഈ പരിശോധനകൾ എന്താണ്? ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നീ കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം . ഒരു വ്യക്തി കൊറോണ വൈറസ് ബാധിതനാണോ എന്നും സുഖം പ്രാപിച്ചോ എന്നും മനസ്സിലാക്കാനുള്ള പരിശോധനകളാണ് ഈ ആന്റിബോഡി ടെസ്റ്റുകൾ. വിരലുകളിലെ രക്തം എടുത്തു പരിശോധിക്കുന്നത് വഴി ഒരാളുടെ ശരീരത്തിലെ കൊറോണ വൈറസ് ആന്റിബോഡികൾ ഇതിനോടകം വൈറസിനെ തോൽപ്പിച്ച് അതിൽനിന്ന് പ്രതിരോധശേഷി നേടിയിട്ടുണ്ടോ എന്ന് ഈ ഉപകരണം കൊണ്ട് മനസ്സിലാക്കാൻ സാധിക്കും. ഈ പരിശോധനയുടെ ഫലം 15 മിനിറ്റിനുള്ളിൽ ലഭിക്കുന്നതാണ്.
നിലവിലുള്ള സർക്കാരിന്റെ കൊറോണ വൈറസ് പരിശോധനകൾ വഴി ഒരാൾക്ക് വൈറസ് ബാധ ഉണ്ടോ എന്ന് മാത്രമേ പറയാൻ കഴിയൂ. ഈ പരിശോധനയുടെ ഫലം ലഭിക്കുവാൻ ധാരാളം സമയം എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പരിശോധനകൾ വഴി ഒരാൾക്ക് നേരത്തെ വൈറസ് ബാധ ഉണ്ടായിരുന്നോ എന്നും അതിൽ നിന്നും അവൻ സുഖം പ്രാപിച്ചോ എന്നും മനസ്സിലാക്കാൻ സാധിക്കുകയില്ല.
എന്താണ് ആന്റിജെൻ പരിശോധന? ആന്റിജെൻ പരിശോധന ഒരു വ്യക്തിയുടെ ശരീരത്തിലെ ആന്റിജെന്നിന്റെ സാന്നിധ്യം കണ്ടെത്താൻ ഉള്ളതാണ്. വൈറസിനെ പോലെതന്നെ ഘടനയുള്ള ആന്റിജെൻ മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. ആന്റിബോഡികൾക്ക് മുമ്പുതന്നെ ഇത് രക്തത്തിൽ നമുക്ക് കണ്ടെത്താനാകും.
ഈ രീതിയിൽ നോക്കിയാൽ ആന്റിജെൻ പരിശോധനകൾ വളരെയധികം ഫലപ്രദമാണ്. കാരണം മനുഷ്യശരീരത്തിൽ ആന്റിബോഡികൾ ഉണ്ടാകുവാൻ കുറച്ച് ദിവസമെടുക്കും. അതിനാൽ അണുബാധയ്ക്കു തൊട്ടുപിന്നാലെ ആന്റിജെനുകൾ കണ്ടെത്താനാകും. ഇതുവഴി മനുഷ്യശരീരത്തിൽ വൈറസിനെ വളരെ വേഗം തിരിച്ചറിയാൻ സാധിക്കും. എച്ച്ഐവി, മലേറിയ, ഫ്ലൂ പോലുള്ള രോഗങ്ങൾ തിരിച്ചറിയാനും ഈ ആന്റിജെൻ പരിശോധനകൾ തന്നെയാണ് ഉപയോഗിക്കുന്നത്.
Leave a Reply