ഫേസ്ബുക്കിലെ പ്രൊഫൈല്‍ പിക്ച്ചര്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായും പ്രൈവസി പോളിസികള്‍ കാര്യക്ഷമാക്കുന്നതിന്റെയും ഭാഗമായും ഫേസ്ബുക്ക് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. പ്രൊഫൈല്‍ പിക്ച്ചര്‍ ഗാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഫീച്ചര്‍ ഇന്ത്യയില്‍ മാത്രമാണ് നിലവില്‍ അവതരിപ്പിക്കുന്നത്. ഇതുവഴി അന്യര്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ച്ചറുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും നിയന്ത്രിക്കാന്‍ അക്കൗണ്ടുടമക്ക് സാധിക്കും. ഫോട്ടോ ഇന്റര്‍നെറ്റ് വഴി ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ഭയം കാരണം ഇന്ത്യയിലെ സ്ത്രീകള്‍ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ നല്‍കാന്‍ ഭയപ്പെടാറുണ്ടെന്നാണ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍സ് നടത്തിയ സര്‍വ്വേയില്‍ മനസ്സിലാക്കിയത്. ഫേസ്ബുക്കിന്റെ ഔദ്യോഗിക ബ്ലോഗ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിരവധി റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് പുതിയ സുരക്ഷാഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഏകദേശം 200 മില്യണോളം ഉപഭോക്താക്കളാണ് ഫേസ്ബുക്കിന് ഇന്ത്യയില്‍ മാത്രമായുള്ളത്. പുതിയ സുരക്ഷാ ഫീച്ചര്‍ ലഭിക്കാനായി നിങ്ങളുടെ ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ ന്യീഫീഡ് റിഫ്രഷ് ചെയ്താല്‍ മാത്രം മതി. അതിനുശേഷം പുതിയ പിക്ചര്‍ ഗാര്‍ഡ് ഫീച്ചറിനെക്കുറിച്ചുള്ള ഒരു സന്ദേശം സ്‌ക്രീനില്‍ വരും. ഇതിന് ഓക്കെ നല്‍കിയതിന് ശേഷം ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. ആക്ടിവേറ്റ് ആയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ പ്രൊഫൈല്‍ പിക്ച്ചറിന് ചുറ്റും ഒരു നീല ഷീല്‍ഡ് പ്രത്യക്ഷപ്പെടും. ഇങ്ങനെ സംരക്ഷിക്കപ്പെടുന്ന ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ലെന്നാണ് ഫേസ്ബുക്കിന്റെ അവകാശവാദം.
Leave a Reply