ലണ്ടന്‍: ഡ്രൈവിംഗിനിടയിലും നിര്‍ത്തിയിട്ട കാറില്‍ എന്‍ജിന്‍ ഓണ്‍ ആയിരിക്കുമ്പോളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് 2003 മുതല്‍ കുറ്റകരമായി പ്രഖ്യാപിച്ചിരുന്നു. ഈ മാസം മുതല്‍ ഈ കുറ്റങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ ഡ്രൈവര്‍മാര്‍ തങ്ങള്‍ അറിയാതെ പോലും ചെയ്യുന്ന ഈ കുറ്റത്തിന്റെ പേരില്‍ പിടിക്കപ്പെട്ടേക്കാം. ഡ്രൈവിംഗിനിടയില്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെട്ടാല്‍ പുതിയ നിയമമനുസരിച്ച് 6 പെനാല്‍റ്റി പോയിന്റുകളും 200 പൗണ്ട് പിഴയുമാണ് ലഭിക്കുക. മുമ്പ് ഇത് 100 പൗണ്ടും 3 പെനാല്‍റ്റി പോയിന്റുകളുമായിരുന്നു.
പുതിയ നിയമമനുസരിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് എടുത്തവര്‍ക്ക് ലൈസന്‍സ് റദ്ദാവുകയും ചെയ്യും. 6 പെനാല്‍റ്റി പോയിന്റുകളാണ് ഇത്തരക്കാര്‍ക്ക് വിനയാവുക. സിറ്റിമാപ്പര്‍, ഗൂഗിള്‍ മാപ്‌സ് തുടങ്ങിയവ ഫോണുകളില്‍ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നവര്‍ക്ക് ഈ നിയമം കൂടുതല്‍ കുഴപ്പങ്ങള്‍ സമ്മാനിക്കും. ഹാന്‍ഡ്‌സ് ഫ്രീ സെറ്റുകള്‍ ഉപയോഗിക്കുകയാണ് ഇതിന് ഒരു പോംവഴി. എന്നാല്‍ ഹാന്‍ഡ്‌സ് ഫ്രീ ഉപയോഗിച്ചാലും വാഹനം നിയന്ത്രണം വിട്ടുപോയാല്‍ അതും ശിക്ഷാര്‍ഹമാണ്. 100 പൗണ്ടും 3 പെനാല്‍റ്റി പോയിന്റുകളുമാണ് ശിക്ഷ. കോടതിയില്‍ എത്തിയാല്‍ ഇത് 1000 പൗണ്ട് വരെയായി ഉയരാം.

യാത്രയ്ക്കു മുമ്പായി പോകേണ്ട റൂട്ട് സെറ്റ് ചെയ്യുകയാണ് ഒരു മാര്‍ഗം. യാത്രക്കിടയില്‍ ചില പോപ്അപ്പ് സന്ദേശങ്ങള്‍ ഇവ നല്‍കുകയാണെങ്കില്‍ അവയ്ക്ക് ഒരു ടച്ചില്‍ മറുപടി ചെയ്യാവുന്നയില്‍ മാത്രം പ്രതികരിക്കുക. കൂടുതല്‍ വേഗത്തിലെത്താനുള്ള വഴി കണ്ടെത്തി, അക്‌സെപ്റ്റ്/ഡിക്ലൈന്‍ പോലെയുള്ള മെസേജുകളാണ് ഇവ. റൂട്ട് നിങ്ങള്‍ക്ക് മാറ്റി സെറ്റ് ചെയ്യണമെങ്കില്‍ എവിടെയെങ്കിലും സുരക്ഷിതമായിടത്ത് നിര്‍ത്തി എന്‍ജിന്‍ ഓഫ് ചെയ്ത ശേഷം മാത്രം ഫോണ്‍ കയ്യിലെടുക്കാം.

ഫോണ്‍ കാറില്‍ ഘടിപ്പിക്കാനുള്ള ഒരു ഹോള്‍ഡര്‍ കരുതുക. ഇവവിന്‍ഡ് സ്‌ക്രീനില്‍ സ്ഥാപിക്കുകയാണ് മിക്ക ഡ്രൈവര്‍മാരും ചെയ്യുന്നത്. ഹൈവേയിലെ യാത്രകളില്‍ ഇത് നിയമലംഘനമാകും. കാരണം ഇത്തരം റോഡുകളില്‍ വിന്‍ഡ് സ്‌ക്രീനില്‍ തടസങ്ങളൊന്നും പാടില്ലെന്നാണ് നിയമം. എയര്‍വെന്റുകളില്‍ ഘടിപ്പിക്കാവുന്ന ഹോള്‍ഡറുകളാണ് ഏറ്റവും നല്ലത്.

കൂടുതല്‍ സമയം യാത്ര ചെയ്യേണ്ടി വരികയാണെങ്കില്‍ ഫോണ്‍ ഗ്ലൗ കംപാര്‍ട്ട്‌മെന്റില്‍ വെച്ച് പൂട്ടുകയായിരിക്കും ഉത്തമമെന്നാണ് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പറയുന്നത്. നാവിഗേഷന്‍ ആവശ്യമാണെങ്കില്‍ പഴയ സാറ്റ് നാവ് ഉപയോഗിക്കാം. ഫോണ്‍ വോയ്‌സ് മെയില്‍ മോഡിലേക്ക് മാറ്റുന്നതാണ് ഉചിതം. ഹാന്‍ഡ്‌സ് ഫ്രീ ഉപയോഗിക്കുകയാണെങ്കില്‍ സംസാരം വളരെ ചുരുക്കുക. പിന്നീട് സുരക്ഷിതമായ സ്ഥലത്ത് വെച്ച് തിരിച്ചു വിളിക്കാനും എഎ മാനദണ്ഡങ്ങള്‍ പറയുന്നു.