മെയ് 23 ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ദിവസമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ അന്നാണ് പ്രഖ്യാപിക്കുന്നത്. എന്നാല്‍ യുകെയിലുള്ള ഇന്ത്യക്കാര്‍ക്ക് അന്ന് ഒരു തെരഞ്ഞെടുപ്പു ദിനമാണ്. മെയ് 23നാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 2014നു ശേഷം ആദ്യമായി യുകെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് തങ്ങളുടെ മേഖലകളിലെ എംഇപിമാരെ തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുന്ന തെരഞ്ഞെടുപ്പു കൂടിയാണ് നടക്കാന്‍ പോകുന്നത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഈ എംഇപി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടതായി വരില്ലായിരുന്നു. എന്നാല്‍ ബ്രെക്‌സിറ്റ് തിയതി വീണ്ടും നീട്ടിയതോടെ യുകെയ്ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടത് അനിവാര്യമായി മാറുകയായിരുന്നു.
ഇതേത്തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാന നിമിഷ പ്രചാരണങ്ങളിലും സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കുന്ന തിരക്കിലുമാണ്. ഇന്‍ഡിപ്പെന്‍ഡന്റ് ഗ്രൂപ്പ് എന്ന് അറിയപ്പെട്ടിരുന്ന സംഘം പുതുതായി രൂപീകരിച്ച ചെയിഞ്ച് യുകെ എന്ന പാര്‍ട്ടി അവതരിപ്പിച്ച സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മുന്‍ ടിവി അവതാരകന്‍ ഗാവിന്‍ എസ്ലര്‍, ബോറിസ് ജോണ്‍സണിന്റെ സഹോദരി റെയിച്ചല്‍ ജോണ്‍സണ്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. നൈജല്‍ ഫരാഷ് നേതൃത്വം നല്‍കുന്ന ബ്രെക്‌സിറ്റ് പാര്‍ട്ടി കണ്‍സര്‍വേറ്റീവ് ബാക്ക് ബെഞ്ചറായ ജേക്കബ് റീസ് മോഗിന്റെ സഹോദരി അനുന്‍സിയാറ്റ റീസ് മോഗിനെയും മുന്‍ മിനിസ്റ്റര്‍ ആന്‍ വിഡികൂംബിനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. യുകെയില്‍ മെയ് 23ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാവിലെ 7 മണി മുതല്‍ രാത്രി 10 വരെയാണ് പോളിംഗ്.
യുകെ, അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്‍മാരായ, മെയ് 7ന് മുമ്പായി രജിസ്റ്റര്‍ ചെയ്ത 18 വയസു തികഞ്ഞവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അവകാശമുള്ളത്. നിങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അനുവാദമുള്ള പോളിംഗ് സ്‌റ്റേഷനിലേ വോട്ടു ചെയ്യാന്‍ കഴിയൂ. ഏതു പോളിംഗ് സ്‌റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അറിയാന്‍ തപാല്‍ മാര്‍ഗം ലഭിച്ച നിങ്ങളുടെ പോളിംഗ് കാര്‍ഡ് ഉപകരിക്കും. പോളിംഗ് കാര്‍ഡ് ലഭിച്ചിട്ടില്ലെങ്കില്‍ ലോക്കല്‍ അതോറിറ്റിയില്‍ അന്വേഷിക്കാവുന്നതാണ്. പോളിംഗ് കഴിഞ്ഞാലുടന്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. അയര്‍ലന്‍ഡില്‍ 24നും ചെക്ക് റിപ്പബ്ലിക്, ലാത്വിയ, മാള്‍ട്ട, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളില്‍ 25നും ബാക്കിയുള്ള രാജ്യങ്ങളില്‍ 26നുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനു ശേഷം മാത്രമേ ഫലം പുറത്തു വരികയുള്ളു.
Leave a Reply