ന്യൂസ് ഡെസ്ക് മലയാളം യുകെ

മിഡ് ലാന്റ് – മാഞ്ചസ്റ്റർ അതിവേഗ റെയിൽ പദ്ധതി ബ്രിട്ടൻ ഉപേക്ഷിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഇതിനോട് അനുബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ സമ്മേളനത്തിലെ തന്റെ പ്രസംഗത്തിൽ ഇതിന് പകരമായി നിരവധി ബദൽ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്നാണ് റിപോർട്ടുകൾ. മിഡ് ലാന്റ് – മാഞ്ചസ്റ്റർ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ആഴ്ചകൾ നീണ്ട ഊഹാപോഹങ്ങളും വിവാദങ്ങളും അരങ്ങേറിയിരുന്നു. പദ്ധതിയെക്കുറിച്ച് കൺസർവേറ്റീവ് പാർട്ടിയിൽ തന്നെ രണ്ട് അഭിപ്രായങ്ങൾ നിലനിൽക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.


പദ്ധതി ഒഴിവാക്കാനുള്ള തീരുമാനം പ്രാദേശിക തലത്തിലും ബിസിനസുകാർക്കിടയിലും കടുത്ത എതിർപ്പിന് കാരണമായിട്ടുണ്ട്. പദ്ധതി ഉപേക്ഷിക്കുന്നത് നോർത്തേൺ ഇംഗ്ലണ്ടിലുള്ളവർക്ക് തങ്ങളെ രണ്ടാം തരം പൗരന്മാരാക്കുന്നതെന്ന ചിന്ത നൽകുമെന്ന് മാഞ്ചസ്റ്റർ മേയറും ലേബർ പാർട്ടിയുടെ നേതാവുമായ ആൻഡി ബേൺഹാം പറഞ്ഞു, വെസ്റ്റ് മിഡ് ലാൻഡിലെ തന്നെ കൺസർവേറ്റീവ് പാർട്ടിയുടെ മേയറും പദ്ധതി റദ്ദാക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ അതിവേഗ റെയിൽ പാത യാത്രാസമയം കുറയ്ക്കുമെന്നും ലണ്ടന് പുറത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു .

മിഡ്‌ലാൻഡ് – മാഞ്ചസ്റ്റർ അതിവേഗ റെയിൽ പാതയുടെ ചെലവിനെ കുറിച്ചുള്ള ആശങ്കകൾ ശക്തമായതാണ് പദ്ധതി ഉപേക്ഷിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . പദ്ധതിയുടെ എസ്റ്റിമേറ്റ് ഏകദേശം 71 മില്യൻ പൗണ്ട് ആയിരുന്നു . എന്നാൽ 2019 -ൽ തയ്യാറാക്കിയ ഈ എസ്റ്റിമേറ്റിൽ നിലവിലെ സാഹചര്യത്തിൽ വൻ വർദ്ധനവ് വന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. പണപ്പെരുപ്പത്തിന്റെ തോത് കണക്കിലെടുത്ത് പദ്ധതിയുടെ പ്രായോഗികതയെ കുറിച്ച് വിശകലനം ചെയ്യാത്തത് മണ്ടത്തരമായിരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് കഴിഞ്ഞമാസം അഭിപ്രായപ്പെട്ടിരുന്നു