ലണ്ടന്‍: ഔട്ടര്‍ ലണ്ടനില്‍ പുതിയ ഹൈസ്പീഡ് റെയില്‍ ലിങ്ക് സ്ഥാപിക്കാനുള്ള പദ്ധതിയുമായി എന്‍ജിനീയര്‍മാര്‍. എച്ച്എസ് 4 എയര്‍ എന്ന് അറിയപ്പെടുന്ന പദ്ധതി ഹീത്രൂ, ഗാറ്റ്വിക്ക് വിമാനത്താവളങ്ങളെയും ഗ്രേറ്റ് വെസ്‌റ്റേണ്‍ മെയിന്‍ ലൈനെയും പരസ്പരം ഹൈസ്പീഡ് ലൈനില്‍ ബന്ധിപ്പിക്കും. 10 ബില്യന്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന റെയില്‍വേ ലൈന്‍ സാധ്യമായാല്‍ ഇരു വിമാനത്തവാളങ്ങള്‍ക്കുമിടയിലെ സഞ്ചാര സമയം വെറും 15 മിനിറ്റായി കുറയും. എന്‍ജിനീയറിംഗ് കമ്പനിയായ എക്‌സ്‌പെഡീഷനിലെ അലിസ്റ്റര്‍ ലെന്‍ക്‌സ്‌നെര്‍ ആണ് ആശയം അവതരിപ്പിച്ചത്.
ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ഇരു വിമാനത്താവളങ്ങളിലേക്കും ഹൈസ്പീഡ് റെയില്‍ സൗകര്യം ഈ പദ്ധതി വിഭാവനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. നോര്‍ത്ത് സിറ്റികളില്‍ നിന്ന് ചാനല്‍ ടണലിലേക്ക് വളരെ വേഗമെത്താനും ഈ ലൈന്‍ സഹായകമാകും. ലോകമൊട്ടാകെയുള്ള വന്‍നഗരങ്ങള്‍ എടുത്തു നോക്കിയാല്‍ വിമാനത്താവളങ്ങള്‍ക്ക് സമീപം റെയില്‍വേ സ്‌റ്റേഷനുകള്‍ ഉണ്ടാകും. അവിടങ്ങളില്‍ നിന്ന് പ്രധാന കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളും ലഭ്യമാണ്.
എന്നാല്‍ യുകെയില്‍ ലണ്ടനിലെത്തിയാല്‍ മാത്രമേ മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍ കഴിയൂ. എച്ച്എസ്4 എയര്‍ നിലവലില്‍ വന്നാല്‍ അത് എച്ച്എസ്1, എച്ച്എസ് 2 എന്നിവയെ ബന്ധിപ്പിക്കുകയും അതിലൂടെ ഹീത്രൂവും ഗാറ്റ്വിക്കും തമ്മില്‍ ഹൈസ്പീഡ് ഗതാഗതം സാധ്യമാകുകയും ചെയ്യും. അപ്രകാരം ഹൈസ്പീഡ് ട്രെയിനുകളുടെ ഒരു എം 25 ആയി ഇത് മാറും. രണ്ട് വിമാനത്താവളങ്ങള്‍ക്കുമിടയില്‍ ഒരു ഷട്ടില്‍ സര്‍വീസും പദ്ധതിയുടെ ഭാഗമായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
Leave a Reply