ന്യൂസ് ഡെസ്ക്, മലയാളം യുകെ

മധ്യപൂർവേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക വിപണികളിൽ അനിശ്ചിതത്വം വർധിച്ചതോടെ യുകെയിലെ ചില പ്രമുഖ ബാങ്കുകൾ മോർട്ട്ഗേജ് പലിശനിരക്കുകൾ ഉയർത്താൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. എച്ച്എസ്ബിസി, നാഷണൽ വൈഡ് ബിൽഡിംഗ് സൊസൈറ്റി, കവൻട്രി ബിൽഡിംഗ് സൊസൈറ്റി എന്നിവ അടുത്ത ദിവസങ്ങളിൽ തന്നെ ഉയർന്ന നിരക്കുകൾ പ്രാബല്യത്തിൽ വരുത്തുമെന്ന് അറിയിച്ചു. ആദ്യമായി വീട് വാങ്ങുന്നവർ, വീടുമാറ്റുന്നവർ, റീമോർട്ട്ഗേജ് ചെയ്യുന്നവർ, ബൈ റ്റു ലെറ്റ് വീടുടമകൾ എന്നിവർക്കുള്ള ചില മോർട്ട്ഗേജ് പദ്ധതികളിലാണ് പ്രധാനമായും നിരക്ക് വർധന ബാധകമാകുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യം മൂലം വിലക്കയറ്റം ഉയരാനിടയുണ്ടെന്ന ആശങ്ക വിപണികളിൽ ശക്തമായതോടെ ‘സ്വാപ് റേറ്റുകൾ’ ഉയർന്നതാണ് ബാങ്കുകൾ നിരക്ക് വർധിപ്പിക്കാൻ കാരണം. ബാങ്കുകൾ മോർട്ട്ഗേജ് നൽകാൻ ആവശ്യമായ ധനം സമാഹരിക്കുന്നതിനുള്ള പലിശയാണ് സ്വാപ് റേറ്റ്. ഇത് ഉയർന്നാൽ മോർട്ട്ഗേജ് നിരക്കുകളും സ്വാഭാവികമായി ഉയരുമെന്ന് വിദഗ്ധർ പറയുന്നു. അടുത്ത കാലത്ത് പലിശ കുറയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ആ പ്രവണത ഇപ്പോൾ നിർത്തിവയ്ക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്.

സാമ്പത്തിക വിശകലന വെബ്സൈറ്റായ മണി ഫാക്സ് പ്രകാരം രണ്ട് വർഷത്തേക്കുള്ള ശരാശരി ഫിക്സ്ഡ് മോർട്ട്ഗേജ് നിരക്ക് 4.82 ശതമാനത്തിൽ നിന്ന് 4.83 ശതമാനമായും അഞ്ച് വർഷത്തേക്കുള്ള നിരക്ക് 4.94 ശതമാനത്തിൽ നിന്ന് 4.95 ശതമാനമായും ഉയർന്നിട്ടുണ്ട്. പ്രധാന ബാങ്കുകൾ നിരക്ക് വർധിപ്പിച്ചാൽ മറ്റു വായ്പാദാതാക്കളും അതിനെ പിന്തുടരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വീടു വാങ്ങാനോ റീമോർട്ട്ഗേജ് ചെയ്യാനോ ആലോചിക്കുന്നവർ വേഗത്തിൽ ഫിക്സ്ഡ് റേറ്റ് ഉറപ്പാക്കുന്നത് സുരക്ഷിതമാകാമെന്നും സാമ്പത്തിക ഉപദേഷ്ടാക്കൾ നിർദേശിക്കുന്നു.