ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സെക്കൻഡ് ഹാൻഡ് ബാറ്ററി മോഡലുകളുടെ ഡിമാൻഡ് തകർന്നതിനെ തുടർന്ന് സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് കാറുകളുടെ മൂല്യം ഈ വർഷം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ചില സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് കാറുകൾ അതിന്റെ തുല്യമായ പെട്രോൾ വാഹനത്തെക്കാൾ വിലക്കുറവിലാണ് ഇപ്പോൾ ലഭിക്കുന്നത്. ഇലക്ട്രിക് വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ വാർത്ത സന്തോഷം നൽകുന്നതാണ്. ദിസ് ഈസ് മണിയുമായി പങ്കിട്ട എക്‌സ്‌ക്ലൂസീവ് കണക്കുകൾ കാണിക്കുന്നത് ഈ വർഷം ആരംഭം മുതൽ വിലയിടിഞ്ഞ 20 സെക്കൻഡ് ഹാൻഡ് കാറുകളും ഇലക്ട്രോണിക് വാഹനങ്ങൾ ആണെന്നാണ്. അതേസമയം തന്നെ വിലകൂടിയ കാറുകളുടെ കൂട്ടത്തിൽ ഒരെണ്ണം പോലും ഇലക്ട്രോണിക് വാഹനങ്ങളില്ല എന്നത് ആശ്ചര്യമുളവാക്കുന്നതാണ്. 2023-ലെ ഏറ്റവും വലിയ ഇടിവാണ് സണ്ടർലാൻഡ് അസംബിൾ ചെയ്ത നിസാൻ ലീഫ് കാറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നുവർഷം പഴക്കമുള്ള ഈ കാറിന്റെ മൂല്യം കഴിഞ്ഞ 6 മാസത്തിനുള്ളിൽ മൂന്നിലൊന്നായി കുറഞ്ഞു. വർഷത്തിന്റെ തുടക്കത്തിൽ, മൂന്ന് വർഷം പഴക്കമുള്ള മോഡലിന് 18,725 പൗണ്ട് വില വരുമെങ്കിലും ജൂൺ അവസാനത്തോടെ അത് വെറും 12,500 പൗണ്ടായി കുറഞ്ഞു.
ഹ്യുണ്ടായ് കോന ഇലക്ട്രിക് വാഹനങ്ങളുടെ മൂല്യം 33.5 ശതമാനമാണ് കുറഞ്ഞത്. 3 വർഷം പഴക്കമുള്ള ഇലക്ട്രിക് വോക്‌സ്‌ഹാൾ കോർസ-ഇയുടെ മൂല്യം വെറും 6 മാസത്തിനുള്ളിൽ 5,800 പൗണ്ടിലധികം കുറഞ്ഞു. ഇതോടെ ഇത് ബ്രിട്ടനിൽ ഇന്ന് ഏറ്റവും വേഗത്തിൽ മൂല്യം കുറയുന്ന മൂന്നാമത്തെ മോഡലായി മാറി. 2023-ലെ ഏറ്റവും വേഗതയേറിയ മൂല്യത്തകർച്ചയുള്ള കാറുകളുടെ ആദ്യ 10 പട്ടികയിൽ ഇതുവരെ ഒരു ടെസ്‌ല മോഡലും വന്നിട്ടില്ല. നിരവധി കാരണങ്ങളാണ് ഇത്തരത്തിൽ ഒരു വിലയിടിവിനു കാരണമായി പറയുന്നത്.
തുടക്കത്തിൽ, പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പല ഇലക്ട്രോണിക് വാഹനങ്ങളും ചെലവേറിയതായിരുന്നു. തുടർന്ന് ഇതിന്റെ ചാർജിങ്ങിനെ സംബന്ധിച്ച പല ഉത്കണ്ഠകളും ജനങ്ങൾക്കിടയിൽ ഉണ്ട് എന്നതും ഒരു കാരണമാണ്. ഇതെല്ലാം തന്നെ ഇത്തരം വാഹനങ്ങളുടെ വിലക്കുറവിന് കാരണമായി എന്ന് വിദഗ്ധർ കരുതുന്നു. ഇപ്പോൾ നിരവധി ഇലക്ട്രോണിക് വാഹനങ്ങൾ ന്യായമായ വിലയിൽ ലഭ്യമാക്കുന്നതായി കാണപ്പെടുന്നുണ്ട്. കൂടാതെ ചില മോഡലുകൾ മറ്റു മോഡലുകളെക്കാൾ വളരെ വേഗത്തിൽ വിറ്റഴിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്തരം ഒരു സാഹചര്യം തുടർന്നാൽ ഇലക്ട്രോണിക് വാഹന വിപണിക്ക് കടുത്ത നിരാശയാകും ഉണ്ടാവുക
Leave a Reply