സമീപകാലത്തൊന്നും ദൃശ്യമാകാതിരുന്ന കുതിപ്പില്‍ ഓഹരി വിപണി. ആറാമത്തെ വ്യാപാര ദിനത്തിലും സൂചികകളില്‍ കുതിപ്പ് പ്രകടമായത് നിക്ഷേപകരില്‍ ആത്മവിശ്വാസം ഉയര്‍ത്തി. ഊര്‍ജം, ബാങ്ക് ഓഹരികളുടെ മുന്നേറ്റത്തില്‍ ഒരു ശതമാനത്തിലേറെ നേട്ടമാണ് തിങ്കളാഴ്ച വിപണിയിലുണ്ടായത്.

ബിഎസ്ഇ സെന്‍സെക് 1,000 പോയന്റിലേറെ ഉയര്‍ന്ന് 77,900ലെത്തി. നിഫ്റ്റിയാകട്ടെ 23,600 പിന്നിടുകയും ചെയ്തു. തിങ്കളാഴ്ചയിലെ കുതിപ്പില്‍ മാത്രം നിക്ഷേപകരുടെ സമ്പത്തില്‍ 5.08 ലക്ഷം കോടിയുടെ വര്‍ധനവുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 418.38 ലക്ഷം കോടിയായി.

വിദേശ തിരിച്ചുവരവ് വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലിന്റെ കാലം അവസാനിച്ചോ? കഴിഞ്ഞ ആഴ്ചയിലെ മൂന്ന് വ്യാപാര ദിനങ്ങളിലുണ്ടായ ഇടപാടുകള്‍ അതിന്റെ സൂചനയാണ് നല്‍കുന്നത്. മാര്‍ച്ച് 21നെത്തിയ 7,470 കോടി രൂപയുടെ അധിക നിക്ഷേപം ഈ നിഗമനത്തിന് കരുത്തുപകരുന്നു. വിദേശ നിക്ഷേപകരുടെ നിക്ഷേപ തന്ത്രത്തിലെ അപ്രതീക്ഷിത മാറ്റം ഇന്ത്യന്‍ വിപണിക്ക് അനുകൂലമാണെന്ന കാര്യത്തില്‍ സംശയമില്ല. വിറ്റൊഴിയലിന്റെ തോത് കുറയുന്നതിന്റെ സൂചനതന്നെ വിപണിക്ക് അനുകൂലമാണ്.

സാമ്പത്തിക സൂചകങ്ങള്‍ ആഭ്യന്തര അടിസ്ഥാനങ്ങളിലെ മുന്നേറ്റ സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വരവാണോ വിദേശികള്‍ നടത്തിയതെന്ന് കരുതേണ്ടിയിരിക്കുന്നു. ന്യായമായ മൂല്യത്തില്‍ വിപണിയെത്തിയത് നേട്ടമാക്കാനുള്ള പടപ്പുറപ്പാടാകാം. ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍ വരുന്ന യുഎസ് താരിഫുകളെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കെയാണ് ഈ കുതിപ്പെന്നത് ശ്രദ്ധേയമാണ്. ഏപ്രില്‍ രണ്ടെന്ന അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ലെന്ന കാര്യം വിസ്മരിക്കരുത്.

ട്രഷറി ആദായം യുഎസിലെ കടപ്പത്ര ആദായം കുറഞ്ഞത് രാജ്യത്തെ സൂചികകള്‍ക്ക് നേട്ടമായി. 10 വര്‍ഷത്തെ ട്രഷറി ആദായം ഫെബ്രുവരിയിലെ ഉയര്‍ന്ന നിരക്കില്‍നിന്ന് 40 ബേസിസ് പോയന്റ് താഴ്ന്ന് 4.27 ശതമാനത്തിലെത്തി. ഇന്ത്യ പോലുള്ള വികസ്വര വിപണികളിലേക്ക് വിദേശ നിക്ഷേപമെത്താനുള്ള സാധ്യതയാണ് ഉരുത്തിരിഞ്ഞുവരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രൂപയുടെ മൂല്യവര്‍ധന യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നത് വിപണിക്ക് നേട്ടമായി. 85.86 നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ആഭ്യന്തര നിക്ഷേപത്തിന്റെ സഹായത്താലാണ് ഈ കുതിപ്പ്. ആഗോള അനിശ്ചിതത്വങ്ങള്‍ മൂലം ഡോളര്‍ ദുര്‍ബലമാകുന്നത് രൂപയ്ക്ക് നേട്ടമാകുകയും ചെയ്തു.

ധനകാര്യ മുന്നേറ്റം തിങ്കളാഴ്ചയിലെ മുന്നേറ്റത്തിന് നേതൃത്വം വഹിച്ചത് ബാങ്കിങ് ഓഹരികളാണ്. നിഫ്റ്റി ബാങ്ക് സൂചിക 1,000 പോയന്റ് ഉയര്‍ന്ന് 51,635ലെത്തി. കൊട്ടക് മഹീന്ദ്ര ബാങ്ക്, കാനറ ബാങ്ക്, പഞ്ചാബ് നാഷ്ണല്‍ ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയവയില്‍ മുന്നില്‍. ഈ ഓഹരികള്‍ മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്നു.

മികച്ച പിന്തുണ കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 3,076.60 പോയന്റ്(4.16 ശതമാനം) മുന്നേറ്റമാണ് നടത്തിയത്. നിഫ്റ്റിയാകട്ടെ 953.2 പോയന്റ്(4.25 ശതമാനം) നേട്ടവുമുണ്ടാക്കി. ഈ നേട്ടം തത്കാലത്തേയ്‌ക്കെങ്കിലും തുടര്‍ന്നേക്കമാണെന്നാണ് വിലയിരുത്തല്‍.

കുതിപ്പില്‍ മുന്നില്‍ വിപണിയുടെ തിരിച്ചുവരവില്‍ നിഫ്റ്റി 50യിലെ ഐസിഐസിഐ ബാങ്ക് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. ആറ് ഓഹരികളാകട്ടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിന് അടുത്തെത്തുകയും ചെയ്തു. ഭാരതി എയര്‍ ടെല്‍, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ശ്രീരാം ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ എന്നിവയാണവ. കുതിപ്പ് തുടര്‍ന്നാല്‍ കൂടുതല്‍ ഓഹരികള്‍ പുതിയ ഉയരം കുറിക്കുമെന്നകാര്യത്തില്‍ സംശയമില്ല.