ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒടുവിൽ നിയമപരമായി തന്നെ ബ്രെറ്റ് നഷ്ടപരിഹാരം നേടിയെടുത്തു. ടെസ്കോയിൽ ഇന്ധനം നിറയ്ക്കാനായി 100 പൗണ്ടിന്റെ നാണയം ഉപയോഗിച്ചതിന്റെ പേരിൽ കുറ്റാരോപിതനായ വ്യക്തിക്ക് പോലീസ് 5,000 പൗണ്ട് നഷ്ടപരിഹാരം നൽകി. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാധാരമായ സംഭവം. എക്‌സെറ്ററിലെ ടെസ്‌കോ സ്റ്റേഷനിൽ നിന്ന് ഇന്ധനം നിറച്ച ബ്രെറ്റ് ചേംബർലെയ്ൻ (54), 100 പൗണ്ടിന്റെ നാണയം നൽകിയെങ്കിലും ജീവനക്കാർ സ്വീകരിച്ചില്ല. ബില്ലിലുള്ള 60 പൗണ്ട് അടയ്ക്കാൻ ആണ് അദ്ദേഹം നാണയം ഉപയോഗിച്ചത്. നാണയം സ്വീകരിക്കാതിരുന്ന ജീവനക്കാർ ബ്രെറ്റിനെതിരെ പരാതി നൽകി. ഇന്ധനം നിറച്ച ശേഷം പണം നൽകാതെ വാഹനമോടിച്ചു പോയെന്ന കുറ്റമാണ് ബ്രെറ്റിനുമേൽ ചുമത്തിയത്.

അന്വേഷണ വിധേയമായി വിട്ടയക്കുന്നതിന് മുമ്പ് പോലീസ് തന്നെ ചോദ്യം ചെയ്തിരുന്നതായി ബ്രെറ്റ് പറഞ്ഞു. തുടർന്ന് കുറ്റം ചുമത്തില്ലെന്ന് അറിയിച്ചു ഡെവൺ ആൻഡ് കോൺവാൾ പോലീസ് ബ്രെറ്റിനൊരു കത്തയച്ചു. എന്നാൽ പോലീസിനെതിരെ നിയമനടപടി ആരംഭിച്ച ബ്രെറ്റിന് ഒടുവിൽ 5000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചു. റോയൽ മിന്റ് നാണയങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ തനിക്കെതിരെ കേസെടുക്കാൻ പോലീസ് ശ്രമിച്ചതായി അദ്ദേഹം അറിയിച്ചു. “ഏതൊരു പൗരനെയും പോലെ ഞാൻ പണം ചെലവഴിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ധനം നിറയ്ക്കുന്നതിനു വേണ്ടിയാണ് ഞാൻ നാണയം ഉപയോഗിച്ചത്. മോറിസൺസ്, അസ്ഡ, സെയിൻസ്ബറി എന്നിവർ നാണയം സ്വീകരിക്കുന്നു. എന്നാൽ ടെസ്കോയിൽ അത് ബുദ്ധിമുട്ടാണ്.” ബ്രെറ്റ് കൂട്ടിച്ചേർത്തു.

രാജ്യത്ത് നിയമപരമായി ഉപയോഗിക്കാവുന്ന നാണയം ആണെങ്കിലും നിശ്ചിത കാലത്തേയ് ക്കോ സമ്മാനങ്ങളായോ അവ രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ കടകളും ബിസിനസ്സുകളും പൊതുവെ സ്വീകരിക്കാറില്ല. കേസിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡെവൺ ആൻഡ് കോൺവാൾ പോലീസ് പ്രസ്താവന ഇറക്കി. നാണയങ്ങളെ നിയമപരമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും തങ്ങൾ അത് സ്വീകരിക്കാറില്ലെന്നാണ് ടെസ്കോയുടെ വാദം.