ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ 50 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം വളരെ കൂടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രണ്ട് പതിറ്റാണ്ടിനിടെ ഈ പ്രായ പരുധിയിൽ ഉള്ള അർബുദ രോഗികളുടെ എണ്ണത്തിൽ 24 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. യുകെ മലയാളികളുടെ ഇടയിലും അടുത്തിടെയുണ്ടായ മരണങ്ങളിൽ ഭൂരിഭാഗവും ക്യാൻസർ ബാധിച്ചും ഹൃദ്രോഗം മൂലവുമാണെന്ന് മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.


പ്രധാനമായും അമിതവണ്ണവും വ്യായാമമില്ലായ്മയും ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവുമാണ് ക്യാൻസർ നിരക്ക് കുതിച്ചുയരുന്നതിന്റെ കാരണമായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. 1995 -ൽ 100,000 ആളുകളിൽ 140 പേർക്ക് മാത്രമായിരുന്നു ശരാശരി രോഗം ബാധിച്ചിരുന്നത്. എന്നാൽ 2019 ആയപ്പോഴേക്കും രോഗബാധിതരുടെ എണ്ണം 164 ആയി വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. രാജ്യത്ത് നിലവിൽ 50 വയസ്സിൽ താഴെയുള്ള 35,000 പേർക്ക് ക്യാൻസർ പിടിപെടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനർത്ഥം ഓരോ ദിവസവും ഏകദേശം നൂറോളം യുവതി യുവാക്കൾ രോഗത്തിനടിമകളാകുന്നു എന്നതാണ്.


ആഗോളതലത്തിലും യുവാക്കൾക്കിടയിൽ ക്യാൻസർ വർധിച്ചുവരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ വാർഷിക യോഗത്തിലാണ് യുവജനങ്ങൾക്കിടയിൽ ക്യാൻസർ വർധിച്ചുവരുന്നതിന്റെ ഗവേഷണ ഫലങ്ങൾ അവതരിപ്പിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ക്യാൻസർ കോൺഫറൻസായാണ് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ വാർഷിക പൊതുയോഗം കണക്കാക്കുന്നത്. സ്താനാർബുദത്തെ കുറിച്ചും പ്രോസ്റ്റേറ്റ് ക്യാൻസറിനെ കുറിച്ചും പ്രസ്തുത കോൺഫറൻസിൽ ബ്രിട്ടനിലെ ശാസ്ത്രജ്ഞർ അവതരിപ്പിച്ച മികച്ച ചികിത്സാരീതികൾ ലോകമെങ്ങും ശ്രദ്ധ നേടിയിരുന്നു.