ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈ അവധിക്കാലത്ത് യൂറോപ്യൻ യൂണിയനിൽ ഭീകരാക്രമണങ്ങളുടെ വലിയ അപകടസാധ്യത ഉണ്ടെന്ന് ഒരു മുതിർന്ന യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥൻ. ഇസ്രായേൽ-ഹമാസ് യുദ്ധം സമൂഹത്തിൽ ഉണ്ടാക്കിയ ഭിന്നത ആക്രമണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് യൂറോപ്യൻ ഹോം അഫയേഴ്സ് കമ്മീഷൻ യിൽവ ജോഹാൻസൺ പറഞ്ഞു. പാരീസിൽ ഒരു വിനോദസഞ്ചാരി കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് ഈ പരാമർശം. സുരക്ഷ വർധിപ്പിക്കുന്നതിനായി യൂറോപ്പ്യൻ യൂണിയൻ 30 മില്യൺ യൂറോ അതായത് 26 മില്യൺ പൗണ്ട് മാറ്റിവച്ചിരിക്കുകയാണെന്നും ജോഹാൻസൺ പറഞ്ഞു.
നേരത്തെ ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫെയ്‌സറും സമാന തരത്തിലുള്ള ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. ഹമാസ് ഇസ്രായേൽ യുദ്ധത്തിന് പിന്നാലെ പല യൂറോപ്യൻ രാജ്യങ്ങളിലും വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഹമാസ് തോക്കുധാരികൾ ഇസ്രയേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 1200 ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേരെ ഗാസയിൽ ബന്ദികളാക്കുകയും ചെയ്‌തു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15,000-ത്തിലധികം ആളുകൾക്ക് തങ്ങളുടെ ജീവൻ നഷ്‌ടമായി.
ശനിയാഴ്ച ഈഫൽ ടവറിന് സമീപം നടന്ന ആക്രമണത്തിൽ 23 കാരനായ ജർമ്മൻ വിനോദസഞ്ചാരി കുത്തേറ്റു മരിച്ചതിന് പിന്നാലെ യൂറോപ്യൻ യൂണിയൻ മന്ത്രിമാർ യോഗം ചേരുകയായിരുന്നു. ആക്രമണത്തിൽ ഒരു ബ്രിട്ടീഷ് സഞ്ചാരിക്കും പരുക്കേറ്റിരുന്നു. 26 കാരനായ ഫ്രഞ്ച് പൗരനായ പ്രതി ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനോട് കൂറ് ഉറപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് അറസ്റ്റിലായ ഇയാൾ മുമ്പ് പാരീസിന് പുറത്തുള്ള ലാ ഡിഫൻസ് ബിസിനസ് ഡിസ്ട്രിക്റ്റിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്തതിന് ജയിലിൽ കഴിഞ്ഞിരുന്നതാണ്. ആക്രമണത്തിന് സാധ്യതയുള്ളതിനാൽ ജർമ്മനിയും അതീവ ജാഗ്രതയിലാണ്. ലെവർകുസെൻ നഗരത്തിലെ ഒരു ക്രിസ്മസ് മാർക്കറ്റിൽ തീവ്രവാദി ഇസ്ലാമിസ്റ്റ് ആക്രമണം ആസൂത്രണം ചെയ്തുവെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച രണ്ട് ആൺകുട്ടികളെ അറസ്റ്റ് ചെയ്തിരുന്നു
Leave a Reply