ഭൂമിയില്‍ ജീവന്‍ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തരാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് ഒട്ടേറെ സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ബഹിരാകാശത്തു നിന്ന് ഭൂമിയിലെത്തിയ പാറകളിലും പൊടിയിലും മറ്റുമുണ്ടായിരുന്ന ബാക്ടീരിയകളില്‍ നിന്നായിരിക്കാം ഭൂമിയില്‍ ജീവന്‍ എത്തിയതെന്ന സിദ്ധാന്തം ശാസ്ത്രലോകത്തുണ്ടായിരുന്നെങ്കിലും അതിന്റെ സാധ്യതകള്‍ പിന്നീട് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ 20 വര്‍ഷം മുമ്പ് ഭൂമിയില്‍ വീണ ഒരു ഉല്‍ക്കാശിലയില്‍ ജീവന്റെ ആവിര്‍ഭാവത്തിന് കാരണമായ അടിസ്ഥാന വസ്തുക്കളുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. മറ്റു ഗ്യാലക്‌സികളിലെ ഗ്രഹങ്ങളിലും ജീവന്റെ സാന്നിധ്യമുണ്ടാകാമെന്നും അവയില്‍ നിന്നായിരിക്കാം ഭൂമിയിലും ജീവന്‍ എത്തിയതെന്നും ചില ഗവേഷകര്‍ ഇപ്പോഴും വിശ്വസിക്കുന്നു.
മനുഷ്യവംശത്തിന്റെ ആവിര്‍ഭാവത്തെപ്പറ്റി ഡോ.എല്ലിസ് സില്‍വര്‍ എന്ന പരിണാമ ശാസ്ത്രകാരന് ചില സിദ്ധാന്തങ്ങളുണ്ട്. ഹ്യൂമന്‍സ് ആര്‍ നോട്ട് ഫ്രം എര്‍ത്ത് എന്ന പുസ്തകത്തിലാണ് തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. ഇവയേക്കുറിച്ച് ഒരു ഓണ്‍ലൈന്‍ സംവാദവും ഇദ്ദേഹം നടത്തിയിരുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്യഗ്രഹജീവികളാണ് മനുഷ്യവംശത്തെ ഭൂമിയില്‍ എത്തിച്ചതെന്നാണ് സില്‍വര്‍ വാദിക്കുന്നത്. അതിനുള്ള കാരണങ്ങളും അദ്ദേഹം നിരത്തുന്നു. ഭൂമിയിലെ ഏറ്റവും വികാസം പ്രാപിച്ച ജീവിവര്‍ഗ്ഗമാണ് മനുഷ്യന്‍. എങ്കിലും ഭൂമിയുടെ സാഹചര്യങ്ങളുമായി ഒത്തുചേര്‍ന്ന് പോകാന്‍ കഴിയാത്ത ശരീരഘടനയാണ് മനുഷ്യനുള്ളത്.
സൂര്യപ്രകാശം താങ്ങാന്‍ മനുഷ്യന് കഴിയുന്നില്ല, പ്രകൃതിയില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല, മാരകമായ രോഗങ്ങള്‍ അമിതമായി കാണപ്പെടുന്നു തുടങ്ങി ഒട്ടേറെ വസ്തുതകളാണ് അദ്ദേഹം കാരണമാണ് സമര്‍ത്ഥിക്കുന്നത്. പ്രസവത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തന്നെ മനുഷ്യന്‍ ഭൂമിയിലുണ്ടായതല്ലെന്നതിന് മതിയായ തെളിവാണെന്ന് അദ്ദേഹം പറയുന്നു. മനുഷ്യന് മാത്രമാണ് നടുവിന് പ്രശ്‌നങ്ങള്‍ കാണുന്നത്. താരതമ്യേന ഗുരുത്വാകര്‍ഷണം കുറഞ്ഞ ഗ്രഹത്തിലായിരുന്നു മനുഷ്യന്‍ കഴിഞ്ഞിരുന്നത് എന്നതിന് തെളിവാണ് ഇത്. ഭൂമി ഒരു ഗ്രഹാന്തര ജയിലാകാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തുന്നു. മനുഷ്യന്റെ അക്രമണോത്സുകത ഇതിനുള്ള തെളിവാണെന്നും ഡോ.സില്‍വര്‍ വാദിക്കുന്നു.
Leave a Reply