വടക്കൻ ബോട്സ്വാനയിൽ 350 ലധികം കാട്ടാനകൾ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നിഗൂഡമായ ഈ കൂട്ട മരണത്തെ സംരക്ഷണ ദുരന്തം (conservation disaster) എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മെയ് മാസത്തിന്‍റെ തുടക്കത്തിൽ ഒകാവാംഗോ ഡെൽറ്റയിലാണ് ആദ്യമായി 169 ആനകള്‍ അടങ്ങുന്ന ഒരു കൂട്ടത്തെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജൂൺ പകുതിയോടെ ഈ സംഖ്യ ഇരട്ടിയിലധികമായി. ജഡങ്ങളില്‍ 70 ശതമാനവും കണ്ടെത്തിയത് മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ വരുന്ന പ്രദേശത്താണ്.

‘ഇത് വളരെക്കാലമായി കാണാത്ത ഒരു പ്രതിഭാസമാണ്. സാധാരണ വരള്‍ച്ചയുടെ കാലത്താണ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാറ്. അല്ലാതെ മറ്റൊരു സാഹചര്യത്തില്‍ ഇത്രയും ആനകള്‍ ഒരുമിച്ച് ചരിഞ്ഞ സംഭവം എന്ന്റെ അറിവില്‍ ഇല്ല’ എന്നാണ് യുകെ ആസ്ഥാനമായുള്ള നാഷണൽ പാർക്ക് റെസ്ക്യൂയിലെ ചാരിറ്റി കൺസർവേഷൻ ഡയറക്ടർ ഡോ. നിയാൾ മക്കാൻ പറഞ്ഞത്. ബോട്സ്വാന സർക്കാർ ഇതുവരെ സാമ്പിളുകൾ പരിശോധിച്ചിട്ടില്ല. അതിനാൽ മരണകാരണങ്ങൾ എന്താണെന്നോ, അത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം അവ്യക്തത തുടരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിഷം, പകര്‍ച്ചവ്യാധി എന്നീ രണ്ടു സാധ്യതകളാണ് ശാസ്ത്രജ്ഞർ മുന്നോട്ടു വയ്ക്കുന്നത്. ചില ആനകളെ വട്ടം കറങ്ങുന്ന നിലയില്‍ കണ്ടതായി പ്രാദേശ വാസികളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ന്യൂറോളജിക്കൽ വൈകല്യത്തിന്റെ സൂചനയാണ്. ‘ശവങ്ങള്‍ നോക്കിയാല്‍ ചിലത് മുഖം കുത്തിയാണ് വീണതെന്ന് കാണാം. അവർ വളരെ പെട്ടന്ന് മരിച്ചുവെന്ന് അര്‍ഥം. വട്ടം കറങ്ങി വീണ ആനകള്‍ വളരെ പതുക്കെയാകാം ചരിഞ്ഞത്. അതിനാല്‍തന്നെ മരണകാരണം എന്താണെന്ന് അനുമാനിക്കാന്‍ പ്രയാസമാണ്’ എന്നാണ് മക്കാൻ പറയുന്നത്. ബോട്സ്വാന സര്‍ക്കാര്‍ ഇപ്പോഴും സാമ്പിള്‍ ലാബിലേക്കയച്ച് പരിശോധിക്കാന്‍ തയ്യാറായിട്ടില്ല എന്നതും അദ്ദേഹം വളരെ ഗൌരവത്തോടെയാണ് നോക്കിക്കാണുന്നത്.