ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- സുരക്ഷാ പരിശോധനകൾ ഏതുമില്ലാതെയാണ് ഹൈ -റിസ്ക് ഫ്ലൈറ്റുകൾ ലാൻഡ് ചെയ്യുന്നതെന്ന മെയിൽ പത്രത്തിന്റെ വെളിപ്പെടുത്തൽ ബ്രിട്ടനിൽ പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരെ പാസ്പോർട്ട് നിയന്ത്രണങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ അനുവദിക്കുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ചയാണ് ലണ്ടൻ എയർപോർട്ടിൽ നടക്കുന്നതെന്ന് ബോർഡേഴ്സ് വാച്ച്ഡോഗ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇൻഡിപെൻഡൻ്റ് ചീഫ് ഇൻസ്‌പെക്ടർ ഓഫ് ബോർഡേഴ്‌സ് ആൻഡ് ഇമിഗ്രേഷൻ ഡേവിഡ് നീലിന് നൽകിയ ഹോം ഓഫീസ് ഡേറ്റ പ്രകാരം കഴിഞ്ഞ വർഷം ഒരു വിമാനത്താവളത്തിൽ മാത്രം എത്തിയ നൂറുകണക്കിന് സ്വകാര്യ ജെറ്റുകളിലെ യാത്രക്കാരെ പരിശോധിക്കുന്നതിൽ യുകെ ബോർഡർ ഫോഴ്‌സ് പരാജയപ്പെട്ടതായി വ്യക്തമാക്കുന്നുണ്ട്.
അനധികൃത കുടിയേറ്റക്കാർ, ഗുണ്ടാ സംഘങ്ങൾ, മനുഷ്യ കടത്ത് ഇരകൾ മുതൽ എക്സ്ട്രിമിസ്റ്റ് ചിന്താഗതിയുള്ളവർ വരെ പ്രാഥമിക പരിശോധന പോലും ഇല്ലാതെ ബ്രിട്ടനിൽ പ്രവേശിച്ചിരിക്കാം എന്ന സൂചനകളാണ് ഇതിൽ നിന്നും ലഭിക്കുന്നത്. ഇത് ഒരു വിമാനത്താവളത്തിൽ മാത്രം നടന്ന സംഭവമായിരിക്കില്ല, മറിച്ച് പ്രൈവറ്റ് ജെറ്റുകൾ ലാൻഡ് ചെയ്യുന്ന മറ്റെല്ലാ വിമാനത്താവളങ്ങളിലും ഇത് സുരക്ഷാ വീഴ്ച തന്നെ നടന്നിരിക്കാമെന്ന് ഡേവിഡ് നീൽ വ്യക്തമാക്കി.
ജനറൽ ഏവിയേഷൻ ഫ്ലൈറ്റുകളിൽ, ഹൈ -റിസ്ക് കാറ്റഗറിയിൽ കണക്കാക്കുന്നവയിൽ 100 ശതമാനവും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നാണ് നിയമം. എന്നാൽ കഴിഞ്ഞവർഷം ലണ്ടൻ സിറ്റി എയർപോർട്ടിൽ മാത്രം, ഇത്തരത്തിലുള്ള ഹൈ -റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്ന ഫ്ലൈറ്റുകളിൽ 21 ശതമാനം മാത്രമാണ് ഉദ്യോഗസ്ഥർ പരിശോധിച്ചതെന്ന് ഡേറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ലാൻഡ് ചെയ്ത 1305 ജനറൽ ഏവിയേഷൻ ഫ്ലൈറ്റുകളിൽ, 687 എണ്ണം ഹൈ -റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നവയാണ്. ഇതിൽ 144 എണ്ണം മാത്രമാണ് ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിച്ചതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. ബാക്കിയുള്ള 543 എണ്ണത്തിൽ പാസ്പോർട്ട് പരിശോധനകൾ പോലും വേണ്ട രീതിയിൽ നടന്നില്ല എന്നത് കടുത്ത സുരക്ഷാ വീഴ്ചയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ അതിർത്തി സുരക്ഷയെ അപകടകരമാക്കുന്ന തരത്തിലുള്ള ഒരു വീഴ്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന് നീൽ കുറ്റപ്പെടുത്തി. രാജ്യത്തുടനീളമുള്ള ജനറൽ എവിയേഷൻ ഫ്ലൈറ്റുകളുടെ ഒരു സ്വതന്ത്ര പരിശോധന ഉടൻതന്നെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Leave a Reply