സ്വന്തം ലേഖകൻ
ശ്രീയുസ്ബറി, ടെൽഫോർഡ് ട്രസ്റ്റുകളിലായി 496 ഓളം കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹെൽത്ത് സർവീസ് അനാസ്ഥ സംബന്ധിച്ച് ജനങ്ങൾ ആശങ്കയിലായി. ശിശുമരണങ്ങൾ, പ്രസവത്തിനു തൊട്ടുമുമ്പ് നവജാതശിശു മരിച്ച കേസുകൾ, നവജാതശിശുക്കളിലെ ബ്രെയിൻ ഡാമേജ്, ചുരുക്കം കേസുകളിൽ പ്രസവത്തിൽ അമ്മ മരിക്കുന്നത് തുടങ്ങി ഹെൽത്ത് സർവീസിന്റെ ചരിത്രത്തിലെതന്നെ ഗൂഢമായ ആരോപണങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. എൻ എച്ച് എസ് ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളിൽ 2000 ആണ്ടിൽ തുടങ്ങി 496 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡോണ ഒക്കൻഡൻ എന്ന മിഡ് വൈഫിന്റെ നേതൃത്വത്തിൽ 1862 ഓളം കേസുകൾ സ്വതന്ത്രമായി അന്വേഷിച്ചിരുന്നു. അവയുടെ വിശദാംശങ്ങൾ കഴിഞ്ഞമാസം ഈ വിഷയത്തിൽ അന്വേഷണം തുടങ്ങിയ വെസ്റ്റ് മെർസിയ പോലീസിന് കൈമാറും. ട്രസ്റ്റിന് എതിരെ കോർപ്പറേറ്റ് നരഹത്യയ്ക്കും, സ്റ്റാഫിനെതിരെ വ്യക്തിഗത നരഹത്യ വകുപ്പിലും കേസ് ചാർജ് ചെയ്യാൻ കഴിയുന്നത്ര തെളിവുകൾ ഉണ്ടോ എന്ന അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്.
ഡിജിറ്റലായി രേഖപ്പെടുത്തിയിരുന്ന 496 കേസുകളിൽ മാത്രമാണ് ഇപ്പോൾ എൻഎച്ച്എസ് ഓപ്പൺ ബുക്ക് റിവ്യൂ വെച്ചിരിക്കുന്നത്, പേപ്പർ ഡോക്യുമെന്റികളിൽ രേഖപ്പെടുത്തിയ അഞ്ഞൂറോളം കേസുകൾ ഇനിയും ബാക്കിയുണ്ടെന്നിരിക്കെയാണിത്. 2017ലെ ഹെൽത്ത് സെക്രട്ടറി ആയിരുന്ന ജെറമി ഹണ്ട്, അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ഒക്കെൻഡൻ റിവ്യൂ എന്ന ഈ അന്വേഷണം രണ്ടു കുട്ടികളുടെ മരണത്തെ തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയും, അതേതുടർന്ന് വെളിച്ചം കണ്ട മറ്റ് 29 കേസുകളും ഉൾപ്പെടുന്നതാണ്. ഇതിൽ ഒരാളായ റിഹാന്നോൻ ഡേവിസ് തന്റെ മകൾ കേറ്റിന്റെ മരണത്തെ തുടർന്ന് എൻഎച്ച്എസിനെതിരെ വ്യാപകമായി ക്യാമ്പയിൻ നടത്തിയിരുന്നു. എൻ എച്ച് എസ് ഓപ്പൺ ബുക്ക് റിവ്യൂ പ്രഖ്യാപിച്ചെങ്കിലും അത്ര തുറന്ന രീതിയിൽ അല്ല കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്ന് അവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എൻ എച്ച് എസിൽ നിന്നോ, ഇംഗ്ലണ്ടിന്റെ ആരോഗ്യമേഖലയിൽ നിന്നോ പ്രതിനിധികളെ ഉൾപ്പെടുത്താതെ സ്വതന്ത്രമായ രീതിയിലുള്ള ഒരു അന്വേഷണമാണ് ഒക്കെൻഡൻ റിവ്യൂവിലൂടെ തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ലൂയിസ് ബാർനെറ്റ് സംഭവത്തിൽ ഇരകളായവരോട് പൊതുമാപ്പ് പറഞ്ഞു. കുറച്ച് വ്യക്തികൾക്ക് നേരിട്ട കനത്ത ആഘാതം തനിക്ക് മനസ്സിലാകുന്നുണ്ട് എന്നും, ഇനി അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.
2005 ജനുവരിക്കും 2009 മാർച്ചിനും ഇടയിൽ 1200 ഓളം രോഗികളാണ് എൻഎച്ച്എസിന്റെ അനാസ്ഥമൂലം മരണപ്പെട്ടത്. റോയൽ കോളേജ് ഓഫ് ഒബ്സ്ട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജി 2018ൽ മറ്റേണിറ്റി കെയർ സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതനുസരിച്ച് പ്രവർത്തിക്കുന്നതിന് പകരം വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിൽ എത്തിക്കാതിരിക്കാനാണ് അന്ന് ട്രസ്റ്റ് ശ്രമിച്ചത്. ഓപ്പൺ ബുക്ക് റിവ്യൂ പ്രഖ്യാപിച്ചത് പോലും ഒരു വിധത്തിൽ ട്രസ്റ്റിന് മുഖം രക്ഷിക്കാനുള്ള നീക്കം മാത്രമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്.
Leave a Reply